സഭാചരിത്രത്തിൽ ഒരു നക്ഷത്രം
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ
സഭയ്ക്കുവേണ്ടി ജീവിതം മുഴുവൻ ഉഴിഞ്ഞുവയ്ക്കുകയും സഭ ഒന്നുമല്ലായിരുന്ന അമേരിക്കൻ ഭൂഖണ്ഡത്തിൽ സഭയെ വളർത്തിയെടുക്കുന്നതിൽ വൈദികരുൾപ്പെടെ മറ്റു പലരോടുമൊപ്പം മുൻപന്തിയിൽ നിൽക്കുകയും ചെയ്ത ശങ്കരത്തിലച്ചൻ സഭാചരിത്രത്തിൽ ഒരു നക്ഷത്രം പോലെ ശോഭിക്കും എന്നതിൽ സംശയമില്ല.
അടുക്കും ചിട്ടയും വെടിപ്പും വൃത്തിയും പ്രാർത്ഥനയും ജാഗരണവും ദൈവസ്നേഹവും സഭാസേവനതൃഷ്ണയും നിറഞ്ഞ മനോഹര ജീവിതത്തിൻ്റെ ഉടമയാണ് ശങ്കരത്തിൽ അച്ചന്‍.

എഴുപതുകളുടെ ആരംഭം വരെ ഓർത്തഡോക്സ് സഭാവിശ്വാസികൾ അമേരിക്കയിൽ സ്വന്തമായി തുടർച്ചയായ ആരാധനയോ പ്രാർത്ഥനയോ നടത്താൻ സൗകര്യമില്ലാതെ ചിതറിപ്പാർക്കുകയായിരുന്നു. ആത്മീയതീക്ഷ്ണത ഉള്ളിൽ ജ്വലിച്ചുനിന്ന അവർ ആരാധനയ്ക്കായി അമേരിക്കയിലെ മറ്റു സഭാവിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ പോയിരുന്നു. ഇടയ്ക്കു പഠനത്തിനും മറ്റും എത്തുന്ന ഓർത്തഡോക്സ് വൈദികർ അർപ്പിച്ചിരുന്ന വിശുദ്ധ കുർബാന മാത്രമായിരുന്നു സ്വന്തം വിശ്വാസങ്ങളെ ഉറപ്പിക്കാൻ അവർക്ക് ലഭിച്ചിരുന്ന സന്ദർഭം.
ഈ അവസ്ഥയിലാണ് ശങ്കരത്തിലച്ചൻ 1970 സെപ്റ്റംബറിൽ സെമിനാരി പഠനത്തിനെത്തുന്നതും വിവിധ ദേശങ്ങളിലായി ചിതറിപ്പാർത്തിരുന്ന മലങ്കരസഭാമക്കളെ അതതുദേശങ്ങളിൽ ഒരുമിച്ചുകൂട്ടി ആരാധനയ്ക്കു സൗകര്യമൊരുക്കിക്കൊടുക്കുവാൻ സഭാസ്നേഹികളായ വിശ്വാസികളോടൊപ്പം മുന്നിട്ടിറങ്ങുന്നതും.

ആത്മീയജീവിതത്തിൽ ആചാര്യത്വത്തിനു ചേർന്ന ഉന്നതിയും മൂല്യബോധവും കാത്തു സൂക്ഷിച്ച അച്ചൻ കുടുംബജീവിതത്തിലും മനോഹരമായ പറുദീസയാണ് സൃഷ്ടിച്ചത്.
സാഹിത്യത്തിലും കലകളിലും എന്തിനേറെ കൃഷിയിലും അതീവ തല്പരനായ അച്ചനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് അച്ചൻ്റെ കൊച്ചമ്മ എൽസിയെന്നു തോന്നിപ്പോകും. ദൈവം നൽകിയ ആ അനുഗൃഹീത ദാമ്പത്യമാകുന്ന ഉദ്യാനത്തിലെ റോസാപുഷ്പങ്ങളാണ് അവരുടെ രണ്ടു മക്കൾ.

അമേരിക്കൻ ജീവിതത്തിൽ അന്യം നിൽക്കുകയും ഭാരതീയ ജീവിതത്തിൽ മാഞ്ഞുപോയിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കുടുംബബന്ധങ്ങളും മൂല്യബോധവും എന്തെന്നു കണ്ടുപിടിക്കാൻ ശങ്കരത്തിലച്ചൻ്റെ ജീവിതത്തിലേക്കു നോക്കിയാൽ മതി.
ആത്മീയജീവിതത്തിനും കുടുംബജീവിതത്തിനും അദ്ദേഹവും കുടുംബവും മാതൃകയാണ്.
ദൈവം തന്ന ജീവിതതാലന്തുകളെ അറുപതും നൂറും മേനിയായി വർധിപ്പിക്കാനും ന്യായവിധിനാളിൽ വിശ്വസ്തദാസൻ്റെ പദവിയിലേക്കുയരാൻ സഹായിക്കുന്നതുമാണ് ശങ്കരത്തിലച്ചൻ്റെ ജീവിതവും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളും.
(ഷഷ്ടിപൂർത്തി സ്മാരക ഗ്രന്ഥത്തിൻ്റെ അവതാരികയിൽ നിന്ന്)