വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ അറ്റോര്‍ണി ജനറലായി ബൈഡന്‍ – കമലാ ഹാരിസ് ടീം നോമിനേറ്റ് ചെയ്തിരുന്ന മെറിക് ഗാര്‍ലന്റിനെ യു.എസ് സെനറ്റ് ഭൂരിപക്ഷ വോട്ടോടെ അംഗീകരിച്ചു.
മാര്‍ച്ച് 10 ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ നൂറില്‍ 70 ശതമാനം അംഗങ്ങള്‍ അനുകൂലിച്ചും, 30 അംഗങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. വോട്ടെടുപ്പിനുശേഷം മെറിക് വികാരാധീനനായി കാണപ്പെട്ടു. ഡമോക്രാറ്റിക് പാര്‍ട്ടിയിലെ അമ്പത് അംഗങ്ങളും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 20 അംഗങ്ങളുമാണ് മെറിക് ഗാര്‍ലന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.
24 വര്‍ഷം ഫെഡറല്‍ അപ്പലേറ്റ് ജഡ്ജിയായിരുന്ന ഗാര്‍ലന്റ് അവസാനമായി വഹിച്ചിരുന്ന ഡി.ബി സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സ് സ്ഥാനം ബുധനാഴ്ച രാജിവച്ചിരുന്നു. പുതിയ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായിരുന്നു രാജി. ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്ത് മെറിക്കിനെപോലെ വ്യക്തിപ്രഭാവമുള്ള ഒരാള്‍ എത്തിയിരിക്കുന്നതായി സെനറ്റ് മജോറിറ്റി ലീഡര്‍ ചക്ക് ഷുമ്മര്‍ പറഞ്ഞു.
കാപ്പിറ്റോള്‍ ലഹളയില്‍ ട്രംപിന്റെ പങ്കിനെക്കുറിച്ചും, ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരേയുള്ള ഫെഡറല്‍ അന്വേഷണത്തെക്കുറിച്ചും, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാണ് അറ്റോര്‍ണി ജനറല്‍ എന്ന നിലയില്‍ മെരിക്കിന് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നത്.
2016-ല്‍ പ്രസിഡന്റ് ഒബാമ സുപ്രീം കോടതി ജഡ്ജിയായി മെറിക്കിനെ നിര്‍ദേശിച്ചിരുന്നുവെങ്കിലും അന്ന് സെനറ്റ് മജോറിറ്റി ലീഡറായിരുന്ന മിച്ച് മെക്കോണലും, റിപ്പബ്ലിക്കന്‍ അംഗങ്ങളും എതിര്‍ത്തിരുന്നതിനാല്‍ നിയമനം അംഗീകരിച്ചിരുന്നില്ല.
