അനുപമയുടെയും അജിത്തിൻ്റെയും സമരം വിജയിച്ചു! പിറന്ന് മൂന്നാംനാൾ ബലാൽക്കാരമായി അമ്മയിൽ നിന്ന് അകറ്റപ്പെട്ട ആ പിഞ്ചുകുഞ്ഞ് ഇതാ അമ്മയുടെ സ്നേഹച്ചൂടിലേക്ക് മടങ്ങിയെത്തി! തികച്ചും സന്തോഷമുള്ള കാര്യം! കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം ഓരോരുത്തരിലും ഉദ്വേഗംജനിപ്പിച്ച ആ സസ്പെൻസ്-ത്രില്ലർ കഥ ഒരു സന്തോഷപര്യവസായിയാകുമ്പോൾ അനുപമയ്ക്കൊപ്പം നമ്മളും അറിഞ്ഞും അറിയാതെയുമൊക്കെ ആശ്വസിച്ചുപോകുന്നു. വാശിയും ദുരഭിമാനവും രാഷ്ട്രീയ ദുസ്വാധീനവുമെല്ലാം നിറഞ്ഞാടിയ ആ ‘കഥ’യിൽ കേവലം ഒരു കളിപ്പന്തു മാത്രമായിട്ട് മാറിയത്, നിർഭാഗ്യവാനായ ഒരു പിഞ്ചു കുഞ്ഞായിരുന്നു എന്നത് ആരുടേയും മനസ്സിനെ കുത്തി നോവിക്കുന്നതായിരുന്നു! കണ്ണീർതൂകിയിരുന്ന അനുപമയിന്ന് ആനന്ദാശ്രുക്കൾ പൊഴിക്കുമ്പോൾ, നമ്മളും ആ ആനന്ദത്തിൽ പങ്കുചേർന്നു പോകുന്നു! അപ്പോഴും അങ്ങ് ദൂരെ മറ്റു രണ്ടുപേർ ഊണും ഉറക്കവും വെടിഞ്ഞ് ഉരുകിയുരുകി നീറുന്നത് മറ്റാരും അറിയുന്നില്ല! വൈകി വന്നുചേർന്ന സന്താനസൗഭാഗ്യത്തെ അപ്രതീക്ഷിതമായി വിധിവന്നു തട്ടിത്തെറിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മനോവേദനയുടെ തീക്ഷ്ണത അത് അനുഭവിച്ചവർക്കേ അറിയൂ!
അനപത്യനൊമ്പരത്തിൽ നിന്നും മോചനം ലഭിച്ചുവല്ലോയെന്ന് കഴിഞ്ഞ മൂന്നര മാസമായി ആശ്വസിപ്പിച്ചിരുന്ന ദമ്പതികളിൽനിന്നും, നിയമത്തിന്റെ കരങ്ങളുടെ ശക്തിയാൽ ആ പിഞ്ചുകുഞ്ഞ് പിന്നെയും അകറ്റപ്പെട്ടിരിക്കുന്നു! പോറ്റമ്മയിൽ നിന്നും ജന്മം നൽകിയ പെറ്റമ്മയിലേക്കുള്ള മടങ്ങിവരവ് ആ പിഞ്ചപൈതലിന് സന്തോഷകരമെങ്കിലും, കഴിഞ്ഞ നൂറിലധികം നാളുകളായി ആ ‘അച്ഛനുമമ്മ’യും കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു! ആ വേദനയുടെ കാഠിന്യം അവർ ഇരുവരുമല്ലാതെ മറ്റാരും അറിയാതെ പോകുന്നു! ഒക്കെയും വിധിയെന്ന് നമുക്ക് വിശേഷിപ്പിക്കാമെങ്കിലും, അത് ഏതാനും പേരുടെ കുടിലതയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെണ സത്യം നമ്മൾ കാണാതെ പോകരുത്. അന്ന് പെറ്റമ്മയിൽ നിന്നാണ് ഈ പിഞ്ചു പൈതലിനെ തട്ടിത്തെറിപ്പിച്ചതെങ്കിൽ, ഇന്ന് പോറ്റമ്മയിൽ നിന്നാണെന്ന വ്യത്യാസം മാത്രം. ഈ ഇളം പ്രായത്തിൽ ഇത്ര വലിയ ശിക്ഷ അനുഭവിക്കാൻ തക്ക എന്തു തെറ്റാകാം ആ പിഞ്ചുകുഞ്ഞ് നമ്മുടെ സമൂഹത്തോട് ചെയ്തിട്ടുണ്ടാവുക! ഉത്തരമില്ലാത്ത ഇത്തരം പല ചോദ്യങ്ങളും ഈ അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്.
ഒരു കുഞ്ഞിനെ ദത്തെടുക്കുവാനായി നാലുവർഷം മുൻപ് രജിസ്റ്റർചെയ്തുള്ള കാത്തിരിപ്പിന് ശേഷമാണ് ഈ കുഞ്ഞ് ഇവരുടെ കൈകളിലേക്കെത്തുന്നത്. ആ സമയത്ത് മറ്റാരുടേയും അവകാശവാദമില്ലാത്ത മറ്റൊരുകുട്ടിയും ശിശുക്ഷേമ സമിതിയിൽ ഉണ്ടായിരുന്നിട്ടും, ഈ കുട്ടിയെ തന്നെ അവരുടെ കൈകളിലേക്ക് നൽകിയത് ആരുടെ താൽപര്യം സംരക്ഷിക്കാനായിരുന്നു എന്നുള്ളതെല്ലാം ഈ പംക്തിയിൽ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്, അതിനാൽ ആവർത്തിക്കുന്നില്ല. ഈ കുഞ്ഞ് ദത്തെടുത്തതാണെന്ന് മറ്റാരും മനസ്സിലാക്കാതിരിക്കാനായി അവരുടെ താമസം പോലും ദൂരെയൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തിരുന്നു! നോക്കു: എത്രമാത്രം ആത്മാർഥമായാണ് ആ അധ്യാപകദമ്പതികൾ ഈ കുഞ്ഞിന്റെ ഭാവിപോലും പരിഗണിച്ചിരുന്നത്. കുഞ്ഞുടുപ്പുകളും പാൽക്കുപ്പിയും കളിപ്പാട്ടങ്ങളും അവർ കുഞ്ഞിനെ തിരികെവാങ്ങാൻ വന്നവരെ ഏല്പിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. നാല് മണിക്കൂറിലും അധിക സമയം വേണ്ടിവന്നു,അരുമയായ ആ കുഞ്ഞ് തങ്ങളുടെ കൈകളിൽ നിന്നും അകലുകയാണെന്ന യാഥാർത്ഥ്യവുമായി അവർക്കൊന്നു പൊരുത്തപ്പെടാൻ! ഇത്രയും കഠിനമായ ഒരു പരീക്ഷണത്തിനും ക്രൂരതയ്ക്കും വിധേയരാകാൻതക്കവണ്ണം എന്തു തെറ്റാണ് ആ പാവം ദമ്പതികൾ ഈ കേരളത്തോട് ചെയ്തത്? അനപത്യതയെന്നത് പാപമോ തെറ്റോ ഒന്നുമല്ലല്ലോ. അത് ആരുടെ ദാമ്പത്യജീവിതത്തിലും എപ്പോഴും സംഭവിക്കാവുന്ന ഒരു കാര്യമല്ലേ! എന്നു മുതലാണ് വിവേകമതികൾ എന്നഹങ്കരിച്ചിരുന്ന നമ്മുടെ മനസ്സ് ഈവിധം ക്രൂരമായി തീർന്നത്!
ഒരു വർഷവും ഒരു മാസവും പ്രായമായ കുഞ്ഞ് അവൻ്റേതായ ഭാഷയയിൽ തങ്ങളോട് സംസാരിക്കുമായിരുന്നു എന്ന് അവർ പറയുമ്പോൾ, നാളതുവരെ അവർ അനുഭവിച്ചിരുന്ന ആനന്ദത്തിന്റെ ആഴവും, ഇനി ഈ നിമിഷം മുതൽ അവർ തൂകേണ്ട കണ്ണീരിന്റെ അളവും അളക്കാൻ ആർക്കു കഴിയും? ആ പോറ്റമ്മയുടെ മാറിലെ സുരക്ഷിതവും സുഖകരവുമായ ചൂടിൽ നിന്നും, ആ കുഞ്ഞിനെ ഏറ്റെടുക്കുവാൻ വന്നവരുടെ കയ്യിലേക്ക് പോകുവാൻ കുഞ്ഞ് സന്നദ്ധനല്ലായിരുന്നു; പക്ഷേ, നിയമത്തിന്റെ കരങ്ങൾക്ക് പിന്നെയും ആ പോറ്റമ്മയുടെ പരിലാളനയിൽ നിന്നും ആ പിഞ്ചുപൈതലിനെ ബലാൽക്കാരമായി പിടിച്ചു വാങ്ങാതിരിക്കാൻ കഴിയുമായിരുന്നില്ല.
അന്ന് ഉറ്റവരിൽ ചിലരുടെ വാശിയുടെയും ദുരഭിമാനത്തിൻ്റെയും കാരണത്താൽ നാടുകടത്തപ്പെട്ട പൈതൽ, ഇന്നിതാ നിയമത്തിന്റെ കാർക്കശ്യത്തിനു മുമ്പിൽ പോറ്റമ്മയ്ക്കൊപ്പം വീണ്ടും തോൽക്കുന്നു! രാഷ്രീയ ദുഃസ്വാധീനം മനുഷ്യമനസ്സുകളെ മാത്രമല്ല, കേരളത്തിന്റെ തനതായ സംസ്കാരത്തെ തന്നെയും മലീമസമാക്കുകയല്ലേ? എല്ലാ മാനുഷിക മൂല്യങ്ങളും മര്യാദകളും കാലിക രാഷ്ട്രീയത്തിന്റെ കറുത്തകരങ്ങളാൽ തച്ചുടയ്ക്കപ്പെടുകയല്ലേ? എങ്ങോട്ടേക്കാണ് ഈ പോക്ക്; എന്താണ് ഇതിനൊരു പരിഹാരം?
ഈ ദത്തുനടപടികളുടെ ശരിതെറ്റുകളെക്കുറിച്ച് അന്വേഷിക്കുവാൻ സർക്കാർ തന്നെ ചുമതലപ്പെടുത്തിയിരുന്ന വനിതാ-ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയുടെ വിശദമായ അന്വേഷണറിപ്പോർട്ട് പുറത്ത് വന്നതായി അല്പം മുമ്പുള്ള ടെലിവിഷൻ വാർത്തകളിൽ നിന്ന് അറിയുവാൻ കഴിഞ്ഞു. റിപ്പോർട്ടിലെ സൂചനയനുസരിച്ച്, കുഞ്ഞിനെ ദത്തുനൽകിയ നടപടികളിൽ ശിശുക്ഷേമസമിതിയും,സി.ബ്ലു.സിയും വരുത്തിയത് മനഃപ്പൂർവ്വവും അക്ഷന്തവ്യവുമായ ചട്ടലംഘനങ്ങളും പിഴവുകളുമാണ്. നിയമങ്ങൾക്കും ചട്ടങ്ങൾക്കുമെല്ലാം രാഷ്ട്രീയ സ്വാധീനത്തിനു മുമ്പിൽ എന്തു വില! എല്ലാ കീഴ്വഴക്കങ്ങളും അവർ കാറ്റിൽ പറത്തി. ഒക്കെയും ചിലരുടെയെല്ലാം ദുരഭിമാനത്തിനും ദുർവാശിക്കും വേണ്ടി മാത്രം! അതിന് ബലിയാടുകളായത് ഒരു തെറ്റും ചെയ്യാത്ത ഒരു പിഞ്ചു കുഞ്ഞും, ഒപ്പം അനപത്യദുഃഖത്താൽ അനേകം വർഷങ്ങളായി കണ്ണീർ കുടിച്ചുകഴിഞ്ഞ ആന്ധ്രയിലെ ദമ്പതികളും, സർവ്വോപരി ആ കുഞ്ഞിന് ജന്മം നൽകിയെന്ന ഒരു തെറ്റ് മാത്രം ചെയ്തുപോയ അനുപമയെന്ന പെൺകുട്ടിയുമാണ്! കാലം പോലും മാപ്പ് കൊടുക്കാത്ത തെറ്റല്ലേയിത്? നാട്ടിലെ നമ്മുടെ നീതി-നിയമങ്ങളോട് മുഖം തിരിക്കുന്നവർക്ക് ഒരു ചോദ്യത്തിനും യുക്തിഭദ്രമായ ഉത്തരം തരുവാനാവാതെ ഒഴിഞ്ഞുമാറേണ്ട ഈ സാഹചര്യം, ആര് ആർക്ക് വേണ്ടി, എന്തിനായിട്ട് സൃഷ്ടിച്ചു എന്നതിനൊന്നും നമുക്ക് ഉത്തരം ലഭിക്കുന്നില്ല എന്നത് സങ്കടകരമല്ലേ? വിവരാവകാശ നിയമം നിലവിലുള്ള ഒരു നാട്ടിലെ അവസ്ഥയാണിത്!
അടുത്ത നാളുകൾവരെ വാചാലമായി സംസാരിച്ചിരുന്ന ചിലരെല്ലാം മൗനമാണ് ഭൂഷണമെന്ന് കരുതി നിശ്ശബ്ദത പാലിക്കുന്നു! അത്തരം മൗനങ്ങൾ ഇത്തരം ദുഷ്പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ പര്യാപ്തമെങ്കിൽ നല്ലത്; അതല്ല, തൽക്കാല രക്ഷപ്പെടലാണ് ലക്ഷ്യമെങ്കിൽ അത് അക്ഷന്തവ്യമായ തെറ്റാണെന്ന് പറയേണ്ടിവരും! ഉണരുക, സമൂഹത്തിലെ ദുഷ്ടചിന്തകളെ ഉന്മൂലനം ചെയ്യാൻ ആകാവുന്നത് ചെയ്യുക! ഇനിയും വൈകിയാൽ ഒരു കാരാഗൃഹമായി മാറാം ഈ നാട്; നമ്മുടെ പ്രിയനാട്!! അടുത്ത വാരാന്ത്യം മറ്റൊരു വിഷയവുമായി നമുക്ക് ഒത്തുചേരാമന്ന പ്രതീക്ഷയോടെ നിർത്തുന്നു.
രാജൻ രാജധാനി ✍