റിപ്പോർട്ട്: പി.പി. ചെറിയാൻ
അരിസോണ: സംസ്ഥാനത്ത് കോവിഡ്19 രോഗികളുടെ എണ്ണം 8 ലക്ഷം കവിഞ്ഞതായും മരണസംഖ്യ 15,000 ത്തിലധികമായതായും ഫെബ്രുവരി 17 ന് പുറത്തിറക്കിയ പ്രസ്താവനയിൽ സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഫെബ്രുവരി 17 ന് 1315 പുതിയ പോസിറ്റീവ് കേസുകളും 82 മരണവും സംഭവിച്ചിട്ടുണ്ട്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവർ ; 800155 ഉം 15063 ഉം ആയി ഉയർന്നു.ജനുവരി മധ്യത്തോടുകൂടി ഉയർന്ന രോഗവ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും താങ്ക്സ് ഗീവിംങിന് ശേഷം കുറഞ്ഞുവരുന്നതായും അധികൃതർ പറയുന്നു.
കഴിഞ്ഞ ആഴ്ച 90406 പേർക്ക് കോവിഡ് പരിശോധന നടത്തിയപ്പോൾ 9 ശതമാനം മാത്രമായിരുന്നു പോസിറ്റീവ് ഫലം. കഴിഞ്ഞ ഏഴുദിവസത്തെ ശരാശരി കോവിഡ് പോസിറ്റീവ് കേസുകൾ 1781.71 ആണ്. ഫെബ്രുവരി ആദ്യവാരം ഉണ്ടായതിനേക്കാൾ മരണനിരക്കിൽ വർദ്ധനവും ഉണ്ടായി.
സി.ഡി.സി.യുടെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ അരിസോണക്ക് മൂന്നാം സ്ഥാനമാണ്. രോഗികളുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനവും.
രോഗലക്ഷണങ്ങൾ പ്രകടമാകാത്ത ചില രോഗികൾ രോഗം പരത്തുന്നതിൾ മുഖ്യ പങ്കുവഹിക്കുന്നതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ചെറിയ ചുമയോ, നേരിയ പനിയോ ഉള്ളവർ രോഗലക്ഷണങ്ങൾ കാര്യമാക്കാതെ പുറത്തിറങ്ങി മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
