റിപ്പോർട്ട്: പി.പി.ചെറിയാൻ
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ബൂണ്‍ടണില്‍ താമസിക്കുന്ന അമ്മയും മകനും ബൂണ്‍ടണ്‍ ഗ്രേയ്‌സ് ലോഡ് പാര്‍ക്കിന് സമീപമുള്ള വെള്ളകെട്ടില്‍ വീണ് മരിച്ചതായി എസ്സക്‌സ് കൗണ്ടി പ്രൊസിക്യൂട്ടേഴ്‌സ് ഓഫീസ് അറിയിച്ചു. ഫെബ്രുവരി 23 ചൊവ്വാഴ്ചയായിരുന്നു സംഭവം. മരിച്ച രണ്ട് പേരുടേയും വിശദവിവരങ്ങള്‍ ഫെബ്രുവരി 24 ബുധനാഴ്ച അധികൃതര്‍ വെളിപ്പെടുത്തി.
വര്‍ദ്ധ സെയ്ദ് (35) പതിനൊന്ന് വയസ്സുള്ള ഇവരുടെ മകൻ ഉസൈർ അഹമ്മദ് എന്നിവരാണ് മരിച്ചത്. ഇവരുടെ ആറ് വയസ്സുള്ള മകനെ പോണ്ടിനടുത്ത് കണ്ടെത്തി.

ആറ് വയസ്സുക്കാരന്റെ നിലവിളികേട്ടാണ് ആളുകള്‍ ഓടികൂടിയത്. ഉടനെ 911 വിളിച്ചു. പോലീസ് എത്തി പോണ്ടില്‍ പരിശോധന നടത്തിയപ്പോളായിരുന്ന ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമ്മയും രണ്ട് മക്കളും ചേര്‍ന്നാണ് കാറില്‍ ഇവിടെ എത്തിയത്. കാര്‍ പോണ്ടിനടുത്ത് പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
ഇരുവരുടേയും മരണം ആത്മഹത്യയോ അല്ലെങ്കില്‍ ഒരു അപകടമരണമോ ആകാനാണ് സാധ്യതയെന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുമായി അടുത്ത പരിചയമുള്ള അബ്ദുള്‍ രാജ നല്‍കിയ വിശദീകരണമനുസരിച്ച് വര്‍ദ്ധയുടെ ഭര്‍ത്താവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണെന്നും, ഇവരുടെ ഒരു സഹോദരനും, സഹോദരിയും ഈയ്യിടെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ സാധാരണ ഈ പാര്‍ക്ക് സന്ദര്‍ശിക്കാറുണ്ടെന്നും അബ്ദുള്‍ രാജാ പറഞ്ഞു.
