എന്തെല്ലാം കള്ളം പറഞ്ഞിരുന്നമ്മ –
യെന്നെയൊന്നൂട്ടിയുറക്കുവാനായ്
എന്നൊപ്പമുണ്ണാനായെത്തുന്ന മാമനെ –
യെല്ലാ ദിവസവും കാത്തിരുന്നു.
മുറ്റത്തെ മറുതയേം, മാടനേം പേടി –
ച്ചെത്ര നാൾ കുഞ്ഞുവാ മെല്ലെത്തുറന്നു
പൂച്ചക്കറുമ്പിക്ക് പാലൊട്ടുമേകാതെ –
യാർത്തിയൊടെത്ര കുടിച്ചു തീർത്തു.
തൊട്ടിലാട്ടുമ്പോളും തൊട്ടടുത്തുണ്ടാവും
തിട്ടമില്ലാത്തോരോ കള്ളങ്ങൾ നിത്യം
താരാട്ടുപാട്ടിൻ്റെയീണങ്ങൾ മാറാതെ
താഴേയ്ക്കു വന്നെത്ര താരകങ്ങൾ.
ഇല്ല വിശപ്പെന്ന കള്ളം പറഞ്ഞി-
ട്ടുള്ളതെല്ലാർക്കുമായ് പങ്കിട്ടിടുന്നു
അമ്മക്കള്ളത്തിലെയെത്ര വിഭവങ്ങൾ
സ്വപ്നത്തിലെന്നും നുണഞ്ഞിരുന്നു.
പതിരില്ലാക്കള്ളത്തിൻ പൊരുളൊന്നറിയാൻ
മറുപിറവിയിനിയുമെത്ര വേണം
കണ്ണീരൊരുക്കാതെ കാത്തീടണമീ
കള്ളം പറഞ്ഞൂട്ടി വളർത്തിയോരമ്മയെ.
അജിത്ത് – റാന്നി✍