വാഷിങ്ടൻ ∙ യുഎസിന്റെ തെക്കുകിഴക്കൻ സംസ്ഥാനമായ കെന്റക്കിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ 50 പേമരിച്ചതായി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു. കെന്റക്കിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണം 100 വരെ ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ 200 മൈൽ ചുറ്റളവിൽ വീശിയടിച്ച കാറ്റിൽ വലിയ നാശനഷ്ടമാണുണ്ടായത്.

കെന്റക്കിയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ചുഴലിക്കാറ്റ് സംഭവമാണിതെന്ന് ഗവർണർ ബെഷിയർ പറഞ്ഞു. പ്രദേശത്ത് വൈദ്യുതി മുടക്കം തുടരുന്നതിനാൽ ജീവൻ രക്ഷിക്കാൻ നിരവധി സെർച്ച് ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇല്ലിനോയിസിൽ ആമസോൺ വെയർഹൗസിൽ നൂറോളം തൊഴിലാളികൾ കുടുങ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെയ്ഫീൽഡിലും കനത്ത നാശനഷ്ടങ്ങളുണ്ടായെന്നു റിപ്പോർട്ടുണ്ട്

മെയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറി തകർന്നു. നിരവധി പേർ കുടുങ്ങിയതായാണ് വിവരം. അര്‍കൻസസ്, ഇല്ലിനോയിസ്, കെന്റക്കി, ടെന്നസി, മിസോറി തുടങ്ങിയ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായ നാശനഷ്ടം ഉണ്ടാക്കി
