(പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് പ്രഥമൻ കാതോലിക്കാ ബാവാ)
നമ്മുടെ വാത്സല്യവാൻ ശങ്കരത്തിൽ യോഹന്നാൻ കത്തനാർക്ക് കോർ എപ്പിസ്കോപ്പാ സ്ഥാനം നൽകുവാൻ പോകുന്നു.
അച്ചൻ ഏറെക്കാലമായി അമേരിക്കയിലാണ്. അമേരിക്കയിൽ മലങ്കര സഭയുടെ ഇടവകകൾ ഉണ്ടായത് അച്ചൻ്റെ പരിശ്രമഫലമായാണ്. അമേരിക്കൻ ഭദ്രാസനം ഉണ്ടായത് ഒരു പുതിയ കാൽവയ്പ്പാണ്. അതിൻ്റെ മെത്രാപ്പോലീത്തായും ഇവിടെയുണ്ട്. അഞ്ചാഴ്ചക്കാലം ഞാൻ അമേരിക്കയിൽ താമസിച്ചിട്ടുണ്ട്. അമേരിക്ക വളരുന്ന ഭദ്രാസനമാണ്.

യോഹന്നാൻ കത്തനാർ അമേരിക്കയിൽ ഭദ്രാസനത്തിനുവേണ്ടി കഷ്ടപ്പെടുന്ന ഒരാളാണെന്നു അമേരിക്കയിൽവച്ച് കൂടുതലായി നമുക്ക് മനസ്സിലായി. മെത്രാപ്പോലീത്ത നമ്മോടു പറയുകയും ചെയ്തു. സഭയ്ക്കുവേണ്ടി കഷ്ടപ്പെടുന്നവർ ഇന്നു കുറഞ്ഞു വരുന്നു. ദൈവത്തിൻ്റെ വിളി എപ്പോഴുമുണ്ടാക്കാം. അങ്ങനെ വിളിക്കപ്പെട്ടവനാണ് യോഹന്നാൻ കത്തനാർ.
ഇന്ന് ‘നമുക്ക്’ സന്തോഷിക്കുന്നതിന് വളരെ കാര്യങ്ങളുണ്ട്. കാരണങ്ങളുണ്ട്. ഈ അച്ചൻ നാലഞ്ചുവർഷം നമ്മുടെ ഒരു ശിഷ്യനായിരുന്നു. ഒരു ഗുരുവിന് തൻ്റെ ശിഷ്യൻ വളർന്നു കാണുന്നതിൽ സന്തോഷമേ ഉണ്ടാവുകയുള്ളൂ.
ഇക്കാലമെല്ലാം നമ്മുടെ ഒരു സ്നേഹിനെപ്പോലെയോ അല്ലെങ്കിൽ അഭ്യുദയകാംക്ഷിയെപ്പോലെയോ എല്ലാ കാര്യങ്ങളിലും നമ്മോടു കൂടി സഹകരിച്ചു നിന്നുപോയിട്ടുള്ള ഒരു വൈദികനാണ് ഇയാൾ. അത് ഇദ്ദേഹത്തിന് സ്വതസിദ്ധമായ ഒരു പ്രാകൃതമാണ്. കുടുംബ സ്വത്താണ്.

ഈ കുടുംബം കാതോലിക്കാ സിംഹാസന ഭക്തിയുള്ളവരാണ്.അതിനു വേണ്ടി ത്യാഗം സഹിക്കുവാൻ സന്നദ്ധതയുള്ളവരാണ്. അത് ഞാൻ പ്രത്യേകം പറയാതെ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. നമ്മുടെ കൈകൊണ്ട് ഈ സ്ഥാനം കൊടുക്കാനിടയായത് പ്രത്യേകമായ ഒരു പദവിയായി നാം കരുതുന്നു.

ഈ അടുത്ത കാലത്ത് അച്ചൻ്റെയും കുടുംബത്തിൻ്റെയും പരിചരണവും സ്നേഹ പ്രകടനവും എല്ലാ തരത്തിലുമുള്ളതായ സഹകരണവും നമുക്കു ലഭിക്കുന്നതിന് ഇടയായി. അമേരിക്ക നാം സന്ദർശിച്ച അവസരത്തിൽ വളരെ കൂടുതൽ സമയവും അച്ചൻ്റെ കൂടെയായിരുന്നു. അച്ചൻ്റെ അതിഥിയായി അച്ചൻ്റെ ഭവനത്തിൽ അച്ചൻ്റെ കൂടെ നാം താമസിച്ചു.

നമുക്ക് ഇപ്പോൾ തോന്നുന്നു, ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നാമോ മറ്റാരുമോ അല്ല. ഇവിടെ ഒരു സ്ത്രീ ഇരിപ്പുണ്ട്. അത് അച്ചൻ്റെ ഭാര്യയാണ്. അവരുടെ ആ കുടുംബജീവിതം കണ്ട് ഞാൻ സന്തോഷിച്ചു. വളരെ സ്നേഹത്തിലും ഐക്യത്തിലും അവർ കഴിയുന്നു. മറ്റു തിരുമേനിമാരൊക്കെ ആ വീട്ടിൽ താമസിച്ചിട്ടുണ്ട്. ഞങ്ങളോടുളള പരിചരണത്തിൽ ഈ കുടുംബം കാണിച്ച സ്നേഹവും ബഹുമാനവും താല്പര്യവും സീമാതീതമാണ്.
അമേരിക്കൻ ഭദ്രാസനത്തിൻ്റെ വളർച്ചയെപ്പറ്റി നാം അതിയായ ആകാംക്ഷയും താല്പര്യമുള്ള ആളാണ്. ആ നിലയിലൊക്കെ അച്ചൻ ഒരു മുതൽക്കൂട്ടുതന്നെയാണ് അദ്ദേഹത്തിനു വലിയ പ്രായമൊന്നുമായിട്ടില്ല. 43 അല്ലെങ്കിൽ 44. അച്ചൻ്റെ ഭാവിയെപ്പറ്റി ദൈവമാണ് നിശ്ചയിക്കേണ്ടത്. നടത്തിക്കൊണ്ടു പോകേണ്ടത്. എനിക്ക് അച്ചനെപ്പറ്റി നല്ല പ്രതീക്ഷയുണ്ട്. അമേരിക്കയിൽ ഇരുന്നുകൊണ്ട് മലങ്കര സഭയ്ക്കു വേണ്ടിയും ഈ ഇടവകയ്ക്കു വേണ്ടിയും അച്ചൻ പ്രവർത്തിക്കുന്നു.

അച്ചൻ്റെ ജ്ഞാനവും സംഘടനാപാടവവും ഒക്കെ നമുക്ക് നേരിട്ട് അറിയാവുന്നതാണ്. അമേരിക്കൻ ഭദ്രാസനത്തിനുവേണ്ടി പ്രവർത്തിക്കുവാൻ അച്ചനു വലിയ കഴിവുണ്ട്. ഒരുവിധത്തിൽ മലങ്കരയിൽ ഉള്ളവരുടെ അംബാസിഡറായിട്ടാണ് അച്ചൻ അവിടെ പ്രവർത്തിക്കുന്നത്. പല കാര്യങ്ങളും നമുക്കു ചെയ്യുവാനുള്ളത് അച്ചനിൽ കൂടിയാണ് ചെയ്യുന്നത്. അച്ചനെ ഞാൻ അനുമോദിക്കുന്നു. അനുഗ്രഹിക്കുന്നു. ഈ ഇടവക ധന്യമാണ്. ഇതുപോലെരുവൈദികനെ ദാനം ചെയ്തതിൽ നിങ്ങൾക്ക് അഭിമാനിക്കാം. ദൈവം തിരഞ്ഞെടുക്കപ്പെടാതെ ഈ സ്ഥാനത്ത് എത്തുകയില്ല. സഭയ്ക്ക് അച്ചൻ മുതൽക്കൂട്ടായിരിക്കും-ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
അമേരിക്കൻ ഭദ്രാസന ഇടവകയുടെ കോർ എപ്പിസ്ക്കോപ്പ സ്ഥാനത്തിന് ആബൂൻ യുഹാനോൻ യോഗ്യൻ, യോഗ്യൻ, യോഗ്യൻ!
(1980 ഏപ്രിൽ 26-ന്, കുമ്പഴ സെൻറ് മേരീസ് കത്തീഡ്രലിൽ നടത്തിയ കോറെപ്പിസ്ക്കോപ്പ സ്ഥാനശുശ്രൂഷയിൽ ചെയ്ത പ്രസംഗം)
