റിപ്പോർട്ട്: പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡി സി: ട്രംപ് ഭരണകൂടം പരിഷ്‌ക്കരിച്ച പൗരത്വ പരീക്ഷയെ കുറിച്ച് വിവിധ സംഘടനകളില്‍ നിന്നും ഉയര്‍ന്ന പരാതിയും പരീക്ഷാര്‍ഥികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത് പഴയ രീതിയിലേക്ക് മാറ്റുന്നതായി ഫെബ്രുവരി 22 ന് പ്രസിഡന്റ് ബൈഡന്‍ ഭരണകൂടം ഉത്തവരവിറക്കി. മാര്‍ച്ച് 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.
2020 ല്‍ ട്രംപ് പരിഷ്‌ക്കരിച്ച പൗരത്വ പരീക്ഷയ്ക്ക് 128 ചോദ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 20 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. എന്നാല്‍ പഴയ പരീക്ഷ സംമ്പ്രദായമനുസരിച്ച് (2008 ല്‍) നൂറു ചോദ്യങ്ങളില്‍ നിന്നും 10 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. മാര്‍ച്ച് 1 മുതല്‍ പുതിയ നിയമം നിലവില്‍ വരുന്നതിനാല്‍ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് 2020 ലെയോ, 2008 ലെയോ പരീക്ഷ രീതി തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭിക്കും.
ഡിസംബര്‍ 1 (2020) മുതല്‍ മാര്‍ച്ച് 1 (2021) വരെ അപേക്ഷിക്കുന്നവര്‍ക്കാണ് ഇതു ബാധകം. പരീക്ഷയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സിറ്റിസണ്‍ ഷിപ്പ് റിസോഴ്‌സ് സെന്റര്‍ (USCIS WEBSITE) ല്‍ നിന്നും ലഭിക്കും. നിലവിലെ പരീക്ഷ രീതി പ്രയാസമാണെന്നതിനാല്‍ അര്‍ഹമായ പലര്‍ക്കും പൗരത്വം നിഷേധിക്കപ്പെടുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.
കൂടുതല്‍ പേര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുക എന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയമാണ് പൗരത്വ പരീക്ഷ കൂടുതല്‍ ലളിതമായ രീതിയിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിന് പ്രേരിപ്പിച്ചത്.
