തുളസിച്ചെടിക്കു വെള്ളമൊഴിച്ച് ചുറ്റുപ്രദിക്ഷണം വച്ച് ഒരില ഭക്തിയോടെ നുള്ളിയെടുത്ത് കണ്ണിണകളിൽ കാണിച്ചു തൊഴുത് പ്രാർത്ഥിച്ചു പ്രസാദം കഴിക്കുന്ന ലാഘവത്തോടെ വായിലാക്കി കൃഷ്ണമൂർത്തി നീട്ടി വിളിച്ചു
”മീനൂ”
മീനാക്ഷിയമ്മാൾ ഒരു കൈയ്യിൽ യൂണിഫോമും മറുകൈയ്യിൽ ചട്ടുകവും എളിയിൽ ചിണുങ്ങിക്കരയുന്ന ഒന്നര വയസുകാരി ദേവൂട്ടിയുമായി ഓടിയെത്തി…
മൂർത്തി ജോലിക്കു പോകുന്നവരെ ശ്വാസം വിടാതെ ഓടി തളരുന്ന വീട്ടമ്മ.
വൈകി വിവാഹിതയും അമ്മയുമായവളുടെ തളർച്ച ആ നടപ്പിലും ഓട്ടത്തിലും സ്പഷ്ടം…
വേഗം പോകണം
ഡ്യൂട്ടിക്കു ജോയിൻ ചെയ്തിട്ടു ചാനലഭിമുഖത്തിനു പോകണം വരാൻ വൈകും..
ആത്മഗതം നടത്തി മൂർത്തി
“ടിഫൻ റെടിയാച്ചാ മീനൂ…”
“ഊം…. “
നീട്ടി മൂളികൊണ്ട് ചട്ടുകവും ദേവൂട്ടിയുമായി മീനാക്ഷി അടുക്കളയിലേക്കോടി..
തിരക്കിട്ട യാത്രയിൽ മനസ്സ് വണ്ടിയുടെ വേഗത്തേക്കാൾ വേഗത്തിൽ പുറകോട്ടോടി
പുലർകാലെ വഴിയാത്രയിൽ പതിഞ്ഞുവീശുന്ന നനുത്ത തണുത്ത കാറ്റും മരച്ചില്ലകളുടെ സംരക്ഷണത്തിൽ ഉണരാൻ തുടങ്ങുന്ന പക്ഷി കുഞ്ഞുങ്ങളും ഇടവഴിയും തോടും പാടശേഖരവും അമ്പലക്കുളവും…
എല്ലാം ഗ്രാമത്തിന്റെ നിറം മങ്ങാത്ത ഓർമ്മകൾ…
ഇവിടെ നഗരത്തിന്റെ തിരക്കിൽ ഒറ്റമുറി ക്വാർട്ടേർസിൽ തിരക്കുപിടിച്ച ജീവിതത്തിനു ഓർക്കാനെങ്കിലുമൊരു ഗ്രാമഭംഗി….
മക്കൾക്കതു പോലുമില്ലല്ലൊ?
പോലീസാവാൻ ഒട്ടും ഇഷ്ടമില്ലായിരുന്നിട്ടും പോലീസായി…
ഡ്യൂട്ടി തിരക്കിലെല്ലാം മറന്നു
വൈകുന്നേരം ചാനലകത്തെത്തി.
മുറിയിലെ പാതിവെന്ത ഇരുട്ടിൽ മൂർത്തി ഇപ്പോൾ ഏകനാണ്.
നടക്കാനിരിക്കുന്ന കൂത്ത് ചുമ്മാ ഒന്നു മനസ്സിലോടിച്ചു നോക്കി..
ഒരു ടെലിവിഷൻ ചാനലിന്റെ അഭിമുഖം..
സങ്കല്പത്തിലെ ടെലിവിഷൻ ക്യാമറയ്ക്കു മുന്നിൽ ഒരു പോലീസുകാരന്റെ ജീവിതം തകർത്താടുകയാണ്.
ക്ലോസപ്പുകളുടെ നിലാവിൽ ഇരകളെക്കുറിച്ചു വാചാലനാവുന്ന മൂർത്തി…
ഒരഭിമുഖമെങ്കിലും ചാനലിനു നല്കാത്തവനെങ്ങിനെ ഇന്നത്തെ കാലത്തു പിടിച്ചു നിൽക്കും…
അഭിമുഖം നൽകാത്തവനൊരു പോലീസാകാനൊ നടനാകാനൊ ഒരെഴുത്തുകാരനാകാനൊ യോഗ്യനല്ലതന്നെ.
പത്തു മുന്നൂറു ചാനലും അതിനെല്ലാം ഉപചാനലുകളുമുള്ളപ്പോൾ ഒരഭിമുഖത്തിനു നിന്നു കൊടുക്കാതിരിക്കുന്നതെങ്ങിനെ?
ചാനൽ മുതലാളിമാർക്കു ചാനൽ നടത്തികൊണ്ടു പോകണ്ടെ?
‘ലൈറ്റ് ഓൺ ചെയ്യട്ടെ സാർ? “
ശബ്ദം കേട്ടു മൂർത്തി യാഥാർത്ഥ്യത്തിലെത്തി
ഇല്ലെങ്കിൽ സാറിന്റെ മുഖം പ്രേക്ഷകർക്കു കാണാനൊ തിരിച്ചറിയാനൊ കഴിയില്ല
ലൈറ്റു ഓണാക്കുന്ന പയ്യന്റ വിനയസ്പുരണമായ ശബ്ദം.
തിരിച്ചറിയേണ്ട
മൂർത്തി മുറിയിലെ ഇരുട്ടിലേക്ക് ഒന്നുകൂടി തല കുനിച്ചു നിന്നു മുറുമുറുത്തു
ആരോടൊ ഉള്ള അമർഷം ആ മുഖത്തു സ്പഷ്ടം…
ഒരു പോലീസുകാരന്റെ മുഖമല്ല പ്രേക്ഷകർക്കു വേണ്ടത് ഇരയെ ആണ്
പോലീസുകാർക്കു മുറികളിൽ വെളിച്ചത്തിനു പ്രാധാന്യമില്ല
മനുഷ്യ ശരീരത്തിന്റെ മർമ്മങ്ങൾക്കാണു പ്രധാനം
ഇരുട്ടിലും ഭേദ്യം നടക്കും
ഭക്ഷണം കഴിക്കും അതാണു നമ്മുടെ മിടുക്ക്
ആ മിടുക്കിൽ നിന്നാണ്
പരുക്കുകൾ പുറത്തു കാണാത്ത വിധം മർമ്മത്തിൽ തൊഴിക്കാൻ തങ്ങൾ ട്രെയിനിങ്ങ് നേടുന്നത്.
എപ്പോഴൊനിസ്സാര കുറ്റത്തിനു മകനെ അടിക്കുമ്പോൾ മീനു അയ്യൊ അടിക്കല്ലെ അടിക്കല്ലെ ഇതു നമ്മുടെ കുഞ്ഞാണ് എന്ന അലർച്ചയും ദേവൂട്ടിയുടെ തേങ്ങലും സ്ഥലകാലബോധം വന്നപ്പോൾ മൂർത്തിക്കു സങ്കടം വന്നു
തീവ്രമായ ഏകാന്തതയിൽ അയാൾ സ്വയം പുലമ്പി ‘നമ്മുടെ കുഞ്ഞ് ‘ …
അപ്പൊ ആരാന്റെ കുഞ്ഞിനെ അടിക്കാം.
എങ്കിൽ….
എങ്കിലാ അമ്മയെന്തിനാണ് ഉച്ചത്തിൽ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലെ സാർ…
അവനൊരു തെറ്റും ചെയ്തിട്ടില്ല…
ഞങ്ങളെ നോക്കുവാനുള്ള ഏക ആൺതരിയാണ് എന്നുറക്കെ കരഞ്ഞത്…
ഈയ്യ മുരുക്കി ഒഴിച്ചതു പോൽ കാതടച്ചു വച്ചു…
ആ വിലാപങ്ങളിലൊന്നും നമ്മുടെ കുഞ്ഞുണ്ടായിരുന്നില്ല.
ആരാന്റെ കുഞ്ഞെ ഉണ്ടായിരുന്നോളു
പോലീസുകാരന്റെ ജാതകത്തിൽ ആരാന്റെ മക്കളെ പറ്റി മാത്രമെ എഴുതിയിട്ടുള്ളു..
നീതി നടപ്പാക്കുവാൻ ബധിരനും അന്ധനുമാവുകയല്ലാതെ മനുഷ്യത്വത്തിനൊ സഹാനുഭൂതിക്കൊ സ്ഥാനമില്ല….
കാരണം അവനൊരു പോലീസാണ്
നിഷ്പക്ഷമാകേണ്ടവൻ…
“ഇന്നു അഭിമുഖം വേണ്ട”
ഇത്രയും പറഞ്ഞ് മൂർത്തി ഇറങ്ങി.
പുറത്ത് നക്ഷത്രങ്ങളില്ലാത്ത ആകാശവും കാറ്റനക്കമില്ലാത്ത രാത്രിയും കനത്തു കിടന്നു. ഇരുട്ടിൽ തിരിഞ്ഞു നോക്കാതെ അയാൾ നടന്നു നീങ്ങി…
ശ്രീ…
നന്നായിട്ടുണ്ട് ശ്രീ.
അഭിനന്ദനങ്ങൾ 🙏🙏🌹🌹