ഡാളസ്: പാപാന്ധകാരത്തില്‍ വഴിയറിയാതെ തപ്പി നടക്കുന്ന അന്ധന്മാര്‍ക്ക് ഊന്നുവടികളായി നാം മാറുമ്പോള്‍ മാത്രമാണ് ഇന്ന് നാം ആചരിക്കുന്ന നോമ്പിന്റെ മാധുര്യം ശരിക്കും നുകരാന്‍ കഴിയൂ എന്ന് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മുന്‍ വികാരിയും എളംപാല്‍ ജറുശലേം മാര്‍ത്തോമാ ചര്‍ച്ച വികാരിയുമായ റവ. തോമസ് മാത്യു ഉദ്ബോധിപ്പിച്ചു . അമ്പത് നോമ്പിനോട് അനുബന്ധിച്ച് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് മാര്‍ച്ച് 21 ഞായറാഴ്ച വൈകീട്ട് സംഘടിപ്പിച്ച ധ്യാന യോഗത്തില്‍ സൂം വഴി വഴി സന്ദേശം നല്‍കുകയായിരുന്നു റവ. തോമസ് മാത്യു.
ജന്മനാ അന്ധനായ ബര്‍ത്തിമായി തന്റെ സമീപത്തുകൂടെ പോയിരുന്ന ദൈവപുത്രന്റെ ഗന്ധം തിരിച്ചറിഞ്ഞു സൗഖ്യത്തിനായി നിലവിളിച്ചപ്പോള്‍ ആ നിലവിളിയുടെ മുന്‍പില്‍ മനസ് അലിഞ്ഞു അവന്റെ അന്ധതയെ മാറ്റികൊടുക്കാന്‍ ക്രിസ്തു നാഥന്‍ തയാറാകുന്നു . താന്‍ നിറവേറ്റേണ്ട വലിയ ദൗത്യത്തിനിടയിലും നിസ്സാര മനുഷ്യന്റെ ദീനരോദനത്തില്‍ പ്രതികരിക്കാന്‍ ക്രിസ്തുവിന് ആയെങ്കില്‍ അവന്റെ അനുയായികള്‍ എന്ന അവകാശപ്പെടുന്ന നാം മനുഷ്യന്റെ വേദനകള്‍ മനസ്സിലാക്കി അത് പരിഹരിക്കാന്‍ തയാറാകണമെന്നും അച്ചൻ പറഞ്ഞു .
നോമ്പ് ദൈവത്തോടു കൂടെയുള്ള യാത്രയാണ് അനുതാപത്തിന്റെയും സമര്‍പ്പണത്തിന്റെയും അടയാളമാണ്. വിശ്വാസജീവിതത്തിന്റെ ലക്ഷ്യബോധമാണ് നോമ്പ് ആചാരണത്തിലൂടെ നാം നേടിയെടുക്കുന്നത് . നോമ്പ് കാലഘട്ടത്തില്‍ നാം ഓരോരുത്തരും രൂപാന്തരം പ്രാപിച്ച മനുഷ്യരായി മാറണം അത് ജീവിതത്തിലൂടെ നാം പ്രതിഫലിപ്പിക്കുകയും വേണം. കാഴ്ച ലഭിച്ച ബത്തിമായി തനിക്ക് ജന്മം നല്‍കിയ മാതാപിതാക്കളെ കാണുന്നതിനല്ല മറിച്ച്, തനിക്ക് കാഴ്ച നല്‍കിയ ക്രിസ്തുവിന്റെ അന്ത്യയാത്രാ വേളയില്‍ അവനെ വിടാതെ അനുഗമിക്കാനാണ് തീരുമാനിച്ചത്. ദൈവത്തില്‍ നിന്നും ധാരാളം അനുഗ്രഹം പ്രാപിച്ച നാം ലൗകികമായതിനെ പിന്തുടരാതെ ക്രിസ്തുവിനെയാണ് പിന്തുടരേണ്ടത് എന്നും അച്ഛന്‍ ഓര്‍മ്മപ്പെടുത്തി. സെന്റ് പോള്‍സ് ഇടവക വികാരി റവ: മാത്യു ജോസഫ് സ്വാഗതവും ബോജി സ്‌കറിയ നന്ദിയും പറഞ്ഞു.