ഐക്യരാഷ്ടസഭയുടെ പൊതുസഭ 1948 ഡിസംബര്‍ 10 ന് പാരീസില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rigsth – UDHR) നടത്തി. തുടർന്ന് 1950 ഡിസംബർ 4 നു എല്ലാ അംഗരാജ്യങ്ങളെയും മനുഷ്യാവകാശ സംഘടനകളെയും ഐക്യരാഷ്ട്രസഭ വിളിച്ച് ചേർത്ത് ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കാൻ ആഹ്വനം ചെയ്തു .
ഓരോ മനുഷ്യനും ആത്മാഭിമാനവും സുരക്ഷയും ഉറപ്പാക്കി മാന്യമായി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശമെന്നതിന്റെ ചുരുക്കം. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ സ്വാതന്ത്ര്യം, ഭക്ഷണം, വസ്ത്രം, പാർപ്പിടം അടങ്ങിയ ജീവിതക്രമങ്ങൾ ചിട്ടപ്പെടുത്തി സമൂഹത്തിൽ ബഹുസ്വരതയും സമത്വവും ഊട്ടിയുറപ്പിച്ചു ജീവിക്കുവാനും, വാർദ്ധക്യമോ വൈധവ്യമോ മറ്റു ശാരീരിക ബലഹീനതകളോ നേരിടുമ്പോൾ കൃത്യമായ സംരക്ഷണവും , നിയമത്തിനുമുന്നിൽ ഏവരും സമന്മാരാകുകയും ഏതെങ്കിലും കാരണത്താൽ കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശവും , അന്യായമായി തടങ്കലിൽ പാർപ്പിക്കുകയോ ഭരണകൂട ഭീകരത ഉണ്ടാകില്ല എന്ന ഉറപ്പുമുൾപ്പടെ അന്താരാഷ്ട്ര തലത്തിൽ തന്നെ മനുഷ്യാവകാശങ്ങളുടെ പട്ടിക ബ്രിഹത്താണ് .
ഇന്ത്യയുൾപ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങളിൽ പോലും ജാതി, മത, വർണ്ണ, വർഗ്ഗ, ലിംഗ ചിന്തകളുടെ പേരില്‍ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും തടവുശിക്ഷകളും വധശിക്ഷകളും പ്രാദേശിക വികാരങ്ങളുടെ പേരിലും മറ്റു പലകാരണങ്ങളിലും ചെയ്യുന്നുണ്ട്. നിരപരാധികൾ ഒട്ടനവധി ചെയ്ത കുറ്റം എന്താണെന്നറിയാതെ വിവിധ കാരാഗൃഹങ്ങളിൽ ഈ ആധുനിക കാലഘട്ടത്തിലും കിടന്നു നരകിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. മേലാളന്മാർ ഒന്നടങ്കം നിയമ ലംഘനങ്ങളും മനുഷ്യാകാശ ലംഘനങ്ങളുംനടത്തിയിട്ടു നിയമത്തിന്റെ സൂചി കുഴലിലൂടെ വഴുതിപ്പോകുന്ന കാഴ്ചകളും ഇക്കൂട്ടരെ വെള്ളപൂശാൻ മുഖ്യധാരാ മാധ്യമങ്ങൾ മത്സരിക്കുന്നതും വർത്തമാന കാലത്തെ അസുഖകരമായ കാഴ്ചയാണ്.
കരിനിയമങ്ങളുടെ മറവിൽ ഭരണകൂടം എതിരാളികളെ നിഷ്കാസനം ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നതും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വംശീയതയുടെയും പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഐക്യരാഷ്ട്ര സഭപോലും പുറം തരിഞ്ഞു നിൽക്കുന്നത് ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ ആണെന്നുവേണം കണക്കാക്കാൻ.
“സ്ത്രീയേയും പുരുഷനെയും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ തുല്യരായി കാണാതിരിക്കുക, വര്‍ഗപരവും മതപരവുമായ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക് ഇതര പൗരന്മാരെ പോലെയുള്ള തുല്യപരിഗണന ലഭിക്കാതിരിക്കുക, ഒരു വ്യക്തിക്ക് ഏതെങ്കിലും ജാതിയിലോ മതത്തിലോ ജനിച്ചുപോയി എന്ന കാരണത്താല്‍ പൗരാവകാശങ്ങള്‍ നിഷേധിക്കുക, ഒരാളെ വില്‍ക്കുകയോ അടിമയാക്കുകയോ ചെയ്യുക, നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷവിധിക്കുകയും നടപ്പാക്കുകയും ചെയ്യുക. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക് കടന്നുകയറുക, അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും നിഷേധിക്കുക, യൂണിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവകാശം നിഷേധിക്കുക” തുടങ്ങിയവയൊക്കെയാണ് അവകാശധ്വംസനങ്ങളുടെ പട്ടികകളിൽ ഐക്യരാഷ്ട്ര സഭ ഉയർത്തിപ്പിടിക്കുന്നത്.
മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രാദേശിക തലം മുതൽ അന്താരാഷ്ട്ര തലം വരെ പ്രവർത്തിക്കുന്ന വ്യക്തികളും സന്നദ്ധ സംഘടനകളും നിരവധിയുണ്ട്.അവരുടെ അവസരോചിതമായ ഇടപെടലുകളെ ഈ ദിനത്തിൽ പ്രത്യേകം സ്മരിക്കേണ്ടതുണ്ട് .
കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന ഈ കാലഘട്ടത്തിൽ ഒരു സാധാരണക്കാരന് മനുഷ്യാവകാശം എന്നത് മരീചികയായി അവശേഷിക്കുന്നു എന്ന് പറയാതെ വയ്യ …
ഏവർക്കും മനുഷ്യാവകാശ ദിനാശംസകൾ ……
✍അഫ്‌സൽ ബഷീർ തൃക്കോമല
💞💞