മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം ആണ്. വിളക്കേന്തിയ വനിത എന്നും, ഭൂമിയിലെ മാലാഖ എന്നും ആദരപൂർവം വിളിക്കുന്ന ഫ്ലോറൻസ് നൈറ്റിംഗിലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആഘോഷിക്കുന്നത്.1 865 മെയ് 10 ന് ആണ് ആദ്യമായി നേഴ്സ് ദിനം ആഘോഷിച്ചത്. ഒരു സമ്പന്ന കുടുബത്തിൽ ജനിച്ചു വളർന്ന നൈറ്റിങ്ങേൾ നല്ലൊരു തൊഴിൽ നേടിയെടുക്കുന്നതിനു പകരം അന്ന് തീരെ മോശമായി കരുതിയിരുന്ന നഴ്സിംഗ് ജോലി തെരെഞ്ഞെടുത്തത് രോഗികളോടും പാവപെട്ടവരോടുമുള്ള കരുണയും, ദയയും,സ്നേഹവും കൊണ്ടാണ്. യുദ്ധത്തിൽ മുറിവേറ്റവരെ പകൽ മുഴുവൻ പരിചരിക്കുകയും രാത്രിയിൽ ഒരു റാന്തൽ വിളക്കുമായി ഓരോ പട്ടാളക്കാരുടെയും അടുത്ത് പോയി അവർക്കു ആവശ്യമുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് വിളക്കെന്തിയ വനിത എന്ന പേര് കിട്ടിയത്. മെയ് 12ന് ആ മാലാഖയുടെ 201മത്തെ ജന്മദിനമാണ്.
ഇന്ന് കോവിഡ് മഹാമാരിയിൽ ലോകം അക്ഷരാർഥത്തിൽ വിറങ്ങലിച്ചു,ഭയചകിതരായി, ജീവന് വേണ്ടി പിടയുമ്പോൾ അവരെ മരണത്തിനു വിട്ടു കൊടുക്കാതെ മുന്നണി പോരാളികൾ ആയി ഭൂമിയിലെ മാലാഖമാർ മുൻപിൽ തന്നെയുണ്ട്. ഒരു ഡോക്ടറോടൊപ്പം അഥവാ ഒരു പടി മുൻപിൽ ഉണ്ട് ഈ മാലാഖമാർ മരണമുഖത്തും. നിർഭയരായി, അചഞ്ചലമായ ആത്മധൈര്യത്തോടെയും ഓരോ മനുഷ്യനെയും കൊറോണയുടെ ചുടല നൃത്തത്തിൽ നിന്നു രക്ഷിക്കാൻ. ആ കരങ്ങളിൽ സുരക്ഷിതത്വ ബോധത്തോടെ ഓരോ രോഗിയും പോരാടിക്കുന്നു ജീവൻ നിലനിർത്താൻ.
ഇന്ന് നേഴ്സ്മാർക്ക് സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനമുണ്ട്. മുൻപ് സ്ഥിതി അതല്ലായിരുന്നു. ഏതോ മോശപ്പെട്ട ഒരു ജോലി ആയിട്ടാണ് നഴ്സിങ്ങിനെ കണ്ടിരുന്നത്. ജോലി സാധ്യത മുന്നിൽ കണ്ടോ മറ്റുള്ളവരുടെ പ്രേരണയാലോ ഈ തൊഴിൽ തെരെഞ്ഞെടുക്കുന്നവർ ആയിരുന്നു കൂടുതലും. ആതുരശുശ്രുഷയിലുള്ള താല്പര്യം കൊണ്ട് വരുന്നവർ വളരെ കുറച്ച് പേര് മാത്രം.
എന്നാൽ ഇന്ന് സ്ഥിതി ആകെ മാറി സമൂഹത്തിൽ നേഴ്സ്മാർക്ക് മാന്യമായ സ്ഥാനമുണ്ട്. അവരുടെ തൊഴിലിന്റെ മഹത്വം സമൂഹം തിരിച്ചറിയുന്നു. അവരുടെ സേവനം ഇല്ലാതെ ഒരാൾക്കും ജീവിതത്തിൽ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് തിരിച്ചറിയുന്നു. ജനിക്കുന്ന സമയം മുതൽ മരണം വരെ എത്രയോ തവണ അവരുടെ കാരുണ്യത്തോടെയുള്ള, സ്നേഹത്തോടെയുള്ള, ത്യാഗമനോഭാവത്തോടെയുള്ള സേവനം നമ്മൾ അനുഭവിക്കുന്നു. അപ്പോഴാണ് അവരുടെ സേവനത്തോട് ആദരവ് ഉണ്ടാകുന്നത്.
ഏതൊരു സാധാരണ സ്ത്രീയേപോലെയും നഴ്സമാരും പല വൈഷമ്യങ്ങളിലൂടെയും ആണ് അവരുടെ ജീവിതം കടന്നുപോകുന്നത്. കഠിനമായ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയാലും അവർക്കു വിശ്രമം മരീചിക ആണ്. അവരെ കാത്തിരിക്കുന്നത് കുട്ടികളുടെയും ഭർത്താവിന്റെയും കുടുബംഗങ്ങളുടെയും കാര്യങ്ങൾ നോക്കുന്ന സാധാരണ വീട്ടമ്മയുടെ റോൾ ആണ്. കുടുബത്തിന്റെ പിന്തുണ കൂടി ഇല്ലെങ്കിൽ ഈ ഇരട്ട റോളിൽ അവളുടെ ജീവിതം നരക തുല്യമാകും.
പവിത്രമായ, പരിശുദ്ധമായ ജോലി ആയിട്ടും ജോലിക്ക് അനുസരിച്ചുള്ള വേതനം അവർക്കു കിട്ടാറുമില്ല. പ്രത്യേകിച്ചും പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ. ജോലിഭാരം ഇരട്ടിയും വേതനം പകുതിയും എന്ന അവസ്ഥയാണ്. നിരന്തരമായ സമരങ്ങൾക്ക് ശേഷം കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.
നാടിന്റെ സാമ്പത്തിക പുരോഗതിയിലും നഴ്സുമാർ നല്ല പങ്ക് വഹിക്കുന്നുണ്ട്. വിദേശങ്ങളിൽ ധാരാളം തൊഴിൽ അവസരങ്ങൾ നഴ്സുമാർക്ക് ലഭിക്കുന്നത് കൊണ്ട് വീടിനും നാടിനും അത് പ്രയോജനപ്രദമാണ്. വരുന്ന കുറെയധികം വർഷത്തേക്ക് നമ്മുടെ നേഴ്സ്മാരുടെ സേവനം വിദേശ രാജ്യങ്ങൾ പ്രയോജനപ്പെടുത്തും.
ഇന്നു ഈ മഹാമാരിയിൽ നഴ്സമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സമാനതകൾ ഇല്ലാത്തതാണ്. നീണ്ട ഡ്യൂട്ടിസമയം, സുരക്ഷിതത്വത്തിനായി ധരിക്കുന്ന കിറ്റുകളുടെ അസ്വസ്ഥത, രോഗികളുടെ പ്രാണന് വേണ്ടിയുള്ള പിടച്ചിലുകൾ, വീട്ടിലെ കുഞ്ഞുങ്ങൾ അടക്കമുള്ളവരുടെ സുരക്ഷിതത്വം ഓർത്തുള്ള വേവലാതി ഇതെല്ലാം അവരെ അടിമുടി തളർത്താറുണ്ട്. അപ്പോഴും അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നത് ഓരോ രോഗികളും പൂർണ ആരോഗ്യത്തോടെ തിരികേ മടങ്ങുമ്പോൾ ആണ്. ഇടക്ക് ഉണ്ടാകുന്ന വേർപാടുകൾ ഹൃദയ ത്തിൽ മുറിപ്പാടും തീർക്കും.
കോവിഡ് മഹാമാരിയിലെ മുന്നണി പോരാളികൾ ആയ ഓരോ നഴ്സമാരെയും ഹൃദയപൂർവം സ്മരിക്കുന്നു. ഭൂമിയിലെ എല്ലാ മാലാഖമാർക്കും ആശംസകൾ.
ജിത ദേവൻ✍