വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്ന അഭയാര്‍ത്ഥി പ്രവാഹത്തിന് അടിയന്തിര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതു പ്രസിഡന്റ് ബൈഡന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ചുമതലപ്പെടുത്തി.
സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളായ എല്‍സല്‍വദോര്‍, ഹോണ്ടുറസ്, ഗ്വാട്ടമാല, മെക്‌സിക്കൊ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തി നയതന്ത്രതലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യ വ്യക്തി കമലാഹാരിസാണെന്ന് മാര്‍ച്ച് 24ന് ബൈഡന്‍ പറഞ്ഞു. സതേണ്‍ ബോര്‍ഡറിലൂടെ നുഴഞ്ഞുകയറുന്ന മാതാപിതാക്കളുടെ സാന്നിധ്യമില്ലാത്ത കുട്ടികളാണ് അമേരിക്കന്‍ ഭരണകൂടത്തിന് വലിയ തലവേദനയായി മാറിയിരിക്കുന്നത്.
ട്രമ്പ് പ്രസിഡന്റായിരുന്നപ്പോള്‍ കൊണ്ടുവന്ന ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ ഇത്തരം നുഴഞ്ഞുകയറ്റം ഫലപ്രദമായി തടയുന്നതില്‍ വിജയിച്ചിരുന്നു. എന്നാല്‍ ബൈഡന്‍ ഭരണകൂടം അധികാരമേറ്റതോടെ ഈ നിയമങ്ങളെയും പിന്‍വലിച്ചതു അനധികൃത കുടിയേറ്റക്കാര്‍ക്ക് എളുപ്പത്തിൽ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് അവസരം ഒരുക്കി.
ബൈഡന്റെ ഈ തീരുമാനത്തിനെതിരെ രാജവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇനിയും ഇത് നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ സുരക്ഷിതത്വം തന്നെ അപകടത്തിലാകുമെന്നാണ് ഇവര്‍ ചൂണ്ടികാണിക്കുന്നത്.
കമലാഹാരിസിന്റെ അറ്റോര്‍ണി ജനറല്‍ എന്ന വ്യക്തി പ്രഭാവവും, ഭരണതലത്തിലുള്ള അനുഭവസമ്പത്തും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ബൈഡന്‍ കണക്കുകൂട്ടുന്നത്. ഇത് കടുത്തൊരു വെല്ലുവിളിയാണെന്നും, എന്നാല്‍ പ്രസിഡന്റ് ഏല്‍പിച്ച ഉത്തരവാദിത്വം പൂര്‍ണ്ണമായും നിറവേറ്റാന്‍ ശ്രമിക്കുമെന്നും കമലഹാരിസ് പ്രതികരിച്ചു.
