അവൻ ജനിച്ച അന്നുമുതൽ
ഞാൻ അവന്റെ അമ്മയും
അവനെന്റെ മകനുമായിരുന്നു.
കുസ്യതിയും കുറുമ്പും കാട്ടി
അവൻ ഓടിനടന്ന
അതിരുകളില്ലാത്ത
ഞങ്ങളുടെ വീട് സ്വർഗ്ഗമായിരുന്നു.
മനസ്സും സ്നേഹവും വാചാലതയും
അനിർവ്വചനീയമായിരുന്നു.
വർണങ്ങളും വിസ്മയങ്ങളുമായി
വഴിതെറ്റാതെ വന്ന,
അല്ലല്ല കൈപിടിച്ചു കയറ്റിയ
ആ സിഗ്നലുകളാണു
മറ്റൊരു ലോകം
ഞങ്ങൾക്ക് കാട്ടിത്തന്നത്.
പതിയെപ്പതിയെ
സംസാരച്ചീവിടുകൾ
വീട്ടിൽ നിന്നും താമസം മാറി
ചൂടിൽനിന്നും തണുപ്പിലേക്കും
പിന്നീട് വയറ്റിലേക്കും
പായേണ്ടുന്ന ആഹാരങ്ങൾ
കാത്തിരുന്നു മുഷിഞ്ഞു.
ആ തക്കത്തിനു
ഊണുമേശയ്ക്കരികിലായി
ഈച്ചകൾ മൂളിപ്പാട്ടും പാടി നടന്നു.
ഇരുഹ്യദയങ്ങൾ
പരസ്പരമറിയാതെ,
മൗനവാല്മീകങ്ങളായ്
സമയം മറന്ന്, സ്വയം മറന്ന്
രണ്ടു മുറികൾക്കുള്ളിലായ്
അടച്ചിരുന്നു.
വേദനകൾ തലച്ചോറിൽ ഇടയ്ക്കിടെ
ചിലന്തിവലകൾ നെയ്തു
മടിയുടെ മാറാലകൾ
മനസ്സ് അലങ്കോലമാക്കി.
രാവേറെ കത്തിയ ബൾബുകൾ
മങ്ങിയും മിന്നിയും പ്രതിഷേധിച്ചു
വെള്ളം കിട്ടാതെ ഇൻഡോർ സസ്യങ്ങൾ
മെലിഞ്ഞുണങ്ങി.
റ്റച്ച്സ്ക്രീൻ ക്ലിക്കുകൾ
മറവിയുടെ മതിലുകൾ
പണിതുയർത്തി.
അമ്മയും മകനുമെന്ന
ബന്ധത്തിന്റെ
സ്ഥാനമളക്കാനും
സ്ഥാനമിളക്കാനും വന്ന
ചതുരപ്പെട്ടിയുടെ
അതിർത്തിക്കല്ലുകൾ
ആ രണ്ടതിരുകളിൽ
അപ്പോഴും
അന്വേഷിക്കുകയായിരുന്നു
അതിരില്ലാത്ത സിഗ്നലുകളെ..!
സോയ നായർ, ഫിലാഡൽഫിയ✍