17.1 C
New York
Wednesday, September 22, 2021
Home Literature അതിരില (കഥ) സുമിൻ ബെന്നി

അതിരില (കഥ) സുമിൻ ബെന്നി

എത്ര ദിവസം കൂടി ഈ ശിഖരത്തിലെ നേർത്ത തണ്ടിൽ ഇങ്ങനെ ചേർന്ന് നിൽക്കാനാവുമെന്നറിയില്ല .ഹരിതനിറം വാർന്നു തുടങ്ങിയിട്ട് നാളുകളായി .സൂര്യൻ വെയിലിറ്റിച്ചു നൽകാഞ്ഞിട്ടല്ല .വേരുകൾ ജലാംശവും ലവണങ്ങളും എത്തിച്ചു നൽകാഞ്ഞിട്ടല്ല .ഇനിയും ഒരു പച്ചപ്പ്‌ ഈ ഞരമ്പുകളിൽ പടരില്ല എന്നത് പ്രകൃതി നിയമം .ഹരിത നിറത്തിലാരംഭിച്ചു ….കടുത്ത ചുവപ്പു നിറത്തിലാവസാനിക്കുന്ന ജീവിതം *.പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കൾക്കുമെന്നപോലെ ഞാനും അനിവാര്യമായ ഒരു തുടച്ചുമാറ്റപ്പെടലിനായി ഇനി വീണുകൊടുത്തേ പറ്റു .ഇനിയൊരു നേർത്ത ചലനം പോലും എന്നെ വീഴിച്ചേക്കാം ……ആയുസ്സറ്റുതുടങ്ങി …..വീഴും മുമ്പ് എന്റെ ഹൃദയം നുറുങ്ങി ഞാൻ പറയട്ടെ …..എന്റെ ആർത്തനാദം നിങ്ങൾക്ക് വെറും ദലമർമ്മരമായിത്തോന്നാം പക്ഷെ പറയാതിരിക്കാൻ ….നിങ്ങളോടു യാചിക്കാതിരിക്കാൻ എനിക്കാവില്ല ……..ഒരുപക്ഷേ എന്റെ മരണമൊഴിയാവാം ഇത്…അവസാന മർമ്മരം …

എന്നോട് ചേർന്നു നിന്ന സൈപ്രസ് മരങ്ങളുടെയും ദേവതാരു മരങ്ങളുടെയുമൊക്കെ ഇലകളെല്ലാം ഇന്നലെ കരിഞ്ഞു ചാരമാവുന്നതു നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു .തായ്തടി പൊട്ടിക്കീറിച്ചിതറിത്തെറിച്ചു …..ശിഖരങ്ങൾ രക്ഷയ്ക്കായി ദയനീയമായി യാചിക്കും പോലെ ആകാശത്തിലേക്കു കരിഞ്ഞ വിരൽത്തുമ്പുകൾ നീട്ടി …….

വർഷങ്ങളായി എന്നോടൊപ്പമുണ്ടായിരുന്ന കൂട്ടാളികൾ തീഗോളമായി നിന്നെരിഞ്ഞപ്പോൾ എന്റെ തായ്തടി ദയനീയമായ നിന്നു വിങ്ങുന്നത് ഞാനറിഞ്ഞു .നിന്നിടത്തുനിന്നു ഒന്നനങ്ങാനാവില്ല .സഹായിക്കാൻ നൂറു മനസാണെങ്കിലും സ്തബ്ധമായി പോയ ശരീരം .ചിലപ്പോൾ ഉറക്കെ കരായണമെന്നു തോന്നും .കണ്ണീർ ഒഴുകിയാലും അത് കണ്ണീരാണെന്ന് ആർക്കും മനസിലാവില്ല .ആരോടും ശത്രുതയില്ല ,പകയില്ല ….സ്നേഹംമാത്രം ….നന്മമാത്രം പക്ഷെ എന്ത് പറയാൻ !എന്റെ വംശത്തിന്റെ ദുര്യോഗമാണിത് ….

ഓ !മറന്നു ഞാൻ ….ഞാൻ ആരെന്നു പറഞ്ഞില്ലല്ലോ ……വർഷങ്ങൾക്ക് മുമ്പ് ഒരു മേപ്പിൾ മരത്തിൽ ജനിച്ച ഇലയാണ് ഞാൻ.. ഹിമാലയ താഴ്വരയിലെ വന്യഭംഗികൾക്ക് വർണ്ണങ്ങൾ ചലിച്ചു നൽകുന്ന ഒരു പാവം മേപ്പിൾ മരത്തിന്റെ ഇല ……ഒരുപാട് വേനലുകളും വർഷങ്ങളും വസന്തങ്ങളും ശൈത്യങ്ങളും കടന്നു പോയി …ഒപ്പം ഒരുപാടൊരുപാട് അനുഭവങ്ങളും …
എന്റെ തായ്തടിയ്ക്കും പറയാനുണ്ട് ചരിത്രമുറങ്ങുന്ന ഒരുപാട് കഥകൾ .
ഞാൻ പിറന്ന വസന്ത കാലത്തിലാണ് എന്റെ തായ്തടിയായ…എന്റെ ‘അമ്മയിൽ നിന്ന് ആ കഥ ആദ്യമായി ഞാൻ കേൾക്കുന്നത് .

പണ്ടെങ്ങോ ലഡാക്കിൽ നിന്ന് മയിലുകൾ താണ്ടി വന്ന് ഇവിടെ ആശ്രമം സ്ഥാപിച്ച കാഷി നോർബബു എന്ന ബുദ്ധ സന്യാസിയാണ് തന്റെ ശിഷ്യന്മാരോടൊപ്പം ജലം നദിയുടെ തീരത്തു കുറച്ചു മരങ്ങൾ നട്ടത് . അന്ന് കുറെ മേപ്പിൾ മരങ്ങളും ദേവദാരുമരങ്ങളും സൈപ്രസ് മരങ്ങളും നടപ്പെട്ടു .അതിൽ ഒന്ന് എന്റെ തായ്തടിയായിരുന്നു .
അദ്ദേഹത്തോടൊപ്പം അന്ന് ജവഹർലാൽ നെഹ്രുവും അതിഥിയായിട്ടുണ്ടായിരുന്നു .പഠനശേഷം ഇന്ത്യയിലെത്തിയ നെഹ്‌റു ഇന്ത്യയെ അറിഞ്ഞു തുടങ്ങുന്ന കാലം. ദേവദാരുമരത്തൈകൾക്കൊപ്പം സൈപ്രസിന്റെയും മേപ്പിളിന്റെയും മരത്തൈകൾ കണ്ടപ്പോൾ താൻ പഠിച്ച ലണ്ടൻ ട്രിനിറ്റി കോളേജിലെ ഉഗ്രപതാപിയായി വളർന്നു നിന്നിരുന്ന മേപ്പിൾമരത്തെക്കുറിച്ചു നെഹ്‌റു വാചാലനായി .ജാഖ്‌വിസ് വിഗർ മേപ്പിളിനെ ” KING OF THE FOREST ” എന്നാണ് വിളിച്ചിരുന്നത് എന്ന് പറഞ്ഞപ്പോൾ ഒരു രാജാവിന്റെ ഗാംഭീര്യം നെഹ്രുവിന്റെ മുഖത്തുണ്ടായിരുന്നു . .നെഹ്രു ബ്രിട്ടീഷ് ആധിപത്യത്തെ കുറിച്ചും ,ആ ഭരണം ഇന്ത്യൻ ജനതയെ തളർത്തുന്നതിനെക്കുറിച്ചും വികാരാധീനനായി …ഗാന്ധി എന്ന രാജ്യ സ്നേഹിയെക്കുറിച്ചും ,മുഹമ്മദ് അലി ജിന്ന എന്ന നേതാവിനെ കുറിച്ചും അദ്ദേഹം അഭിമാനം കൂറി…. ഇന്ത്യയിൽ ഉടൻ ഒരു വിപ്ലവം ഉണ്ടാവുമെന്നും ഒരുപക്ഷേ രാജ്യം ഭിന്നിക്കുകയോ ഒന്നിക്കുകയോ ചെയ്യുമെന്നുമൊക്കെ കാഷി നോർബബുവിനോടൊപ്പം ഞങ്ങളെ നടുന്നതിനിടയിൽ അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു . പല രാജ്യങ്ങളായി മുറിക്കപ്പെട്ടാൽ നമ്മൾ നടുന്ന ഈ മരങ്ങൾ ഏതു രാജ്യത്തിലാകും എന്ന് അന്ന് നെഹ്റു പാതി തമാശമട്ടിൽ പറഞ്ഞപ്പോൾ പകുതി തിബറ്റിയൻ ഈണത്തിൽ സംസാരിക്കുന്ന കാഷി നോർബബു തന്റെ സ്വതസിദ്ധമായ ശാന്ത സ്വരത്തിൽ “അങ്ങനെ സംഭവിക്കാതിരിക്കട്ടെ അങ്ങനെ സംഭവിച്ചാലും ഈ മരങ്ങൾ ദീർഘായുസുക്കളാവട്ടെ “എന്ന് മറുപടി പറഞ്ഞു . ശാന്തതയുടെ പര്യായമായിരുന്ന ബുദ്ധ ഭിക്ഷുക്കൾ അന്നൊക്കെ ലോകക്ഷേമത്തിനായുള്ള അവരുടെ പ്രവർത്തനങ്ങൾ അതിർത്തി വേർതിരിവുകളില്ലാതെ ചെയ്തു പോന്നിരുന്നു .ബുദ്ധ സന്യാസത്തിന് നല്ല വേരോട്ടമുള്ള തായ്‌ലൻഡിലെ സന്യാസിയായിരുന്ന ആജാൻ ഭൂരിദത്തയുടെ ആഹ്വാനമനുസരിച്ചാണ് ലോകം മുഴുവൻ വനവൽക്കരണം നടത്തുവാൻ ബുദ്ധ സന്യാസിമാർ മുന്നോട്ടു വന്നത് .അതിന്റെ ഭാഗമായി ലഡാക്കിലും പുൽവാമയിലും ശ്രീനഗറിലും അവിടെ സുഗമമായി വളരാൻ ഇടയുള്ള ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കപ്പെട്ടു .ചൈനയിലും തിബത്തിലുമൊക്കെ സുലഭമായി വളരുന്ന മേപ്പിളും ദേവദാരുക്കളും സൈപ്രസും നടാനാണ് കാഷി ബാബു ഇഷ്ടപ്പെട്ടത് . ഹിമാലയം മുഴുവൻ ഈ വൃക്ഷങ്ങളുടെ ബഹുവർണ്ണ ശോഭ പരക്കണമെന്ന് അദ്ദേഹം കൊതിച്ചു .തായ്തടിയുടെ ആത്മാവിൽ നിന്നുമുറന്നു വരുന്ന താരാട്ടുകളിലൂടെ ഞാൻ എത്രയോ തവണ ഈ ചരിത്രങ്ങൾ കേട്ടിരിക്കുന്നു… !!അതൊക്കെ പഴങ്കഥ…ചരിത്രം…..

ദേവതാരു വൃക്ഷമാണ് ഞങ്ങളുടെ സമീപം നിന്നിരുന്നത് അതിനു ശേഷമായിരുന്നു സൈപ്രസിന്റെ നിൽപ്പ് .ഞങ്ങൾ മേപ്പിൾ ഇലകളുടെ വർണ്ണപ്പകർച്ചകളെക്കുറിച്ചു അവർ കൊതിയോടെ സംസാരിക്കുമായിരുന്നു .അടുത്തജന്മം ഒരു മേപ്പിൾ മരത്തിന്റെ ഇലയാകണമെന്നും പച്ചയും മഞ്ഞയും ഓറഞ്ചും ചുവപ്പും വർണ്ണങ്ങൾ വരിച്ചാർത്തണമെന്നുമൊക്ക ഒരിക്കൽ ദേവതാരു ഇലകൾ കാറ്റിൽ മർമ്മരം പൊഴിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത് .കാരണം എല്ലാ പ്രഭാതങ്ങളിലും മഞ്ഞിൻ കണങ്ങൾ ദേവതാരുവിന്റെ നേർത്ത നൂലുപോലുള്ള ഇലത്തുമ്പുകളിൽ വൈഡൂര്യ ശോഭ ചാർത്തുന്നത് ഞങ്ങളും അൽപ്പം അസൂയയോടെയാണ് നോക്കിയിരുന്നത് .സൈപ്രസ്സിനെന്നും നല്ല ഭംഗിയുള്ള ഹരിതവർണ്ണമാണ് .അവളുടെ ഇലചാർത്തുകൾക്കിടയിൽ എത്രയെത്ര കുരുവികളാണെന്നോ കൂടു വച്ചിരുന്നത്… കാലങ്ങൾ… ഓർമ്മകൾ….ഓരോ കാലവും ഓരോ ഓർമ്മയായിരുന്നു ….
എന്റെ തായ്തടി എത്രയോ ബാല്യങ്ങൾക്ക് ഊഞ്ഞാലായി …എത്രയോ പ്രണയങ്ങൾക്ക് തീരാവർണ്ണമായ് ഞങ്ങൾ ഇലകൾ പെയ്തിറങ്ങി ….
എത്രയോ കസ്തൂരിമാനുകൾ ദേവതാരുവിനു ചോട്ടിൽ കസ്തൂരി ചെപ്പുകൾ കൊഴിച്ചിട്ടു .സുന്ദരികളായ കാഷ്മീരിപെൺകുട്ടികൾ സൈപ്രസിന്റെ ഇലകളിൽ പനിനീർപ്പൂക്കൾ ചേർത്തുകെട്ടി പൂച്ചെണ്ടുകളാക്കി അവരുടെ കൂടകൾ നിറച്ചു …..വിശന്നപ്പോൾ മേപ്പിളിലകൾ മാവിൽ മുക്കിപ്പൊരിച്ചു മധുരമുണ്ടാക്കി വിളമ്പി …..താഴ്വരകളിലെ കുങ്കുമപ്പാടങ്ങളുടെ ഗന്ധമായിരുന്നു അവർക്ക്…..പ്രണയത്തിന്റെയും വിരഹത്തിന്റെയും വേർപിരിയലിന്റെയും ഒക്കെ എത്രയെത്രകഥകൾ പറയാനുണ്ട് ഞങ്ങൾക്ക് …..
ബാരോഹിയിലെ അമീറിന്റെയും ശ്രീനഗറിലെ ദേവാംഗിയുടെയും കഥ മറക്കാനാവില്ല .അവരുടെ കണ്ടുമുട്ടൽ എന്റെ തായ്തടിയുടെ ചോട്ടിലായിരുന്നു . ബാഹോരിയിലുള്ള അമ്മവീട്ടിലെത്തിയപ്പോഴാണ് ദേവാംഗി അമീറിനെ പരിചയപ്പെട്ടത് .എന്റെ തായ്തടിയിൽ കെട്ടിയ ഊഞ്ഞാലാടാനാണ് മറ്റു കൂട്ടുകാർക്കൊപ്പം ആദ്യമൊക്കെ അവർ വന്നിരുന്നത് .അവരുടെ ബാല്യകാല സൗഹൃദം പിന്നീട് പ്രണയമായ് വളർന്നതിനും ഞങ്ങൾ സാക്ഷി .അവരുടെ പ്രണയം ഞങ്ങൾക്ക് ഏറെ സന്തോഷമായിരുന്നു .എന്നാൽ അധികം വൈകും മുമ്പ് പ്രശ്നങ്ങൾ ആരംഭിച്ചു തുടങ്ങി .ബാഹോർ മറ്റൊരു രാജ്യത്തിലാക്കപ്പെട്ടുവത്രെ .ബാഹോരിയിലുള്ള ഹിന്ദുക്കളൊക്കെ രാജ്യം വിടണമത്രേ .ദേവാംഗിയുടെ ചുടുകണ്ണീർ വീണുപൊള്ളിയ ….. അമീറിന്റെ ഹൃദയരക്തം വീണു കുറുകിയ ദിനങ്ങൾ …
ഇന്ത്യ പാക് വിഭജനകാലം . എല്ലാം കീറി മുറിയ്ക്കപ്പെട്ടു …
പുഴയും മണ്ണും മരവും ആകാശവുമൊക്കെ…
അതിർത്തി തിരിയ്ക്കപ്പെട്ടു .
അതിർത്തിയുടെ നേർവരയിൽ നിന്ന പല മരങ്ങളും വെട്ടി അഗ്നിക്കിരയാക്കി .ആകാശം മുട്ടുന്ന വലിയ ഇരുമ്പു പട്ടകളിൽ വിളക്കിച്ചേർത്ത വലയങ്ങൾ കൊണ്ട് വേലി തീർത്തു .
വേലിയ്ക്ക് അപ്പുറം ആയിപ്പോയ സൈപ്രസ് മരം അന്ന് ഒരുപാടു സങ്കടപ്പെട്ടു .ഏത് അതിർവരമ്പ് കെട്ടിയാലും …ഒരിരുൾവലയ്ക്കും നമ്മുടെ സൗഹൃദത്തെ വേർപെടുത്താനാവില്ലെന്നു ഞങ്ങൾ അവളെ ആശ്വസിപ്പിച്ചു .വേർപെട്ടു പോകാതിരിക്കാൻ ദേവതാരു തന്റെ ശിഖരങ്ങൾ നീട്ടി അവളെ ചേർത്ത് പിടിച്ചു .ഇരുമ്പു വലയത്തിനപ്പുറവും ഇപ്പുറവും നിന്ന് ഞങ്ങൾ വീണ്ടും വളർന്നു . തായ്തടിയുടെ വീര്യം നിറഞ്ഞ കഥകൾ കുറച്ചൊന്നുമല്ല ഞങ്ങൾ ഇലകൾക്ക് ഊർജ്ജമായി മാറിയത് .
ഞങ്ങൾ ഇന്ത്യൻ മണ്ണിലും പാക്കിസ്ഥാൻ മണ്ണിലുമായി പടർന്നു നിന്നു .ഞങ്ങളുടെ തായ്തടിയുടെ വേരുകള്‍ പാക്കിസ്ഥാന്റെയെന്നോ ഇന്ത്യയുടെയെന്നോ വേർതിരിവില്ലാതെ മണ്ണടരുകളിൽ ജലാംശം തേടി വളർന്നിറങ്ങി.. ഞങ്ങൾ കുടിച്ച ജലത്തിനും ആഹരിച്ച മണ്ണിലലിഞ്ഞ എല്ലാ വളങ്ങൾക്കും ലവണങ്ങൾക്കും ഒരേ രുചി ….പാക്കിസ്ഥാനിൽ നിന്നുവരുന്ന പടിഞ്ഞാറൻ കാറ്റിനും ഇന്ത്യയിൽ നിന്നുവരുന്ന കിഴക്കൻ കാറ്റിനും ഒരേ നിറം ഒരേ മണം ഒരേ കുളിര് ….ഞങ്ങളെ ചുംബിച്ച മേഘങ്ങളും അതിർവരമ്പുകൾ വരച്ചില്ല ….പക്ഷെ ഇത് ബോർഡറാണത്രേ. അപ്പുറം പാക്കിസ്ഥാനും ഇപ്പുറം ഇന്ത്യയുമാണത്രേ …..
തായ്‌ത്തടി ചോട്ടിൽ പട്ടാളക്കാർ ആയുധങ്ങളുമായി പതുങ്ങിയിരുന്നു …..അതുവരെ ഇരുമ്പു വലയുടെ അപ്പുറവും ഇപ്പുറവും നിന്ന് വിശേഷങ്ങളും തമാശകളും ആഹാരങ്ങളും പങ്കുവച്ചിരുന്ന പട്ടാളക്കാർ ഒരു വിസിൽ മുഴക്കം കേട്ടാലോ ഒരു സയറൺ മുഴങ്ങിയാലോ ബദ്ധശത്രുക്കളെപ്പോലെ പരസ്പരം വെടിയുതിർക്കുന്ന അവിശ്വസനീയമായ കാഴ്ചകൾ കാണേണ്ടി വന്നു. .യുദ്ധം തുടങ്ങിയത്രേ .ചിലപ്പോൾ അപ്രതീക്ഷിതമായി …..ചിലപ്പോൾ കൃത്യമായ കരുനീക്കങ്ങളോടെ …..ചാവേറുകൾ സ്വയം പൊട്ടിത്തെറിച്ചുകൊണ്ട് …….
മിസൈലുകൾ ആകാശത്തിന്റെ സ്വാതന്ത്ര്യത്തെയും തകർത്തുകൊണ്ട് …….ബോംബുകളായി കാടും നാടും തകർത്തു കൊണ്ട് …..
ഒരിക്കലും നീറിയടങ്ങാത്ത യുദ്ധം ….. ഇപ്പോൾ പാലസ്തീനികളും ഇസ്രായേലികളും കണ്ണില്‍ മതാന്ധത നിറച്ചു യുദ്ധം തുടങ്ങിത്രെ….എന്ന് തീരും…… ഭൂമുഖം മനുഷ്യക്കുരുതിക്കളമായിക്കൊണ്ടിരിക്കുന്നു .
അത്യുഗ്രൻ സ്‌ഫോടനങ്ങൾ ….ചിന്നിച്ചിതറുന്ന മനുഷ്യശരീരങ്ങളും വൃക്ഷത്തലപ്പുകളും ….പുകപടലങ്ങൾകൊണ്ട് ശ്വാസം മുട്ടി പോയ ദിനങ്ങൾ ….
രക്തപ്പുഴയായി മാറിയ “ജലം”….
ആ ദിനങ്ങളിൽ എന്റെ ആത്മാവ് പോലും കരഞ്ഞുപോയ ഒരു തീരാ ദുഃഖമുണ്ട് … വെടിയേറ്റ ശരീരവുമായി എന്റെ തായ്തടിയോടു ചേർന്ന് വീണു പോയ പട്ടാളക്കാരൻ …..നെഞ്ചിലെവിടെയോ ഒളിപ്പിച്ച കുടുംബചിത്രമെടുത്തു് …ഇടയ്ക്കിടയ്ക്ക് അമ്മയ്ക്ക് ..അച്ഛനു് ..ഭാര്യയ്ക്ക് ..മക്കൾക്ക് വിറയാർന്ന ചുണ്ടുകൾ കൊണ്ട് മുത്തം നൽകുന്ന പാവം മനുഷ്യൻ … ആ മനുഷ്യന്റെ കണ്ണിലെ നിസ്സഹായത……ഒരിറ്റു വെള്ളം പോലും ഇറ്റിച്ചു നൽകാൻ ആരുമില്ലാതെ പോയ ആ മനുഷ്യന്റെ അന്ത്യശ്വാസത്തിന്റെ ചൂട് ഇപ്പോഴും എനിക്ക് അനുഭവിക്കാൻ കഴിയുന്നു ….അയാളുടെ കണ്ണുകളിൽ അവസാനമായി ഉതിർന്ന കണ്ണുനീരിന്റെ അർത്ഥമെന്തായിരുന്നു …അത് ഒരു യാചനയായിരുന്നില്ലേ…..
ഒക്കെ ഓർക്കുമ്പോൾ ….

യുദ്ധം കെട്ടടങ്ങിയോ …അറിയില്ല.
പക്ഷെ ഈ മണ്ണിൽ പുതിയ നാമ്പുകൾ മുളയ്ക്കാൻ ഭയപ്പെടുന്നു ….മനുഷ്യമുഖം കാണാതിരിക്കാൻ കസ്തൂരിമാനുകളും മയിൽപേടകളും കുരുവികളും എന്നേ ഇവിടം വിട്ടു പോയിക്കഴിഞ്ഞിരുന്നു . . പുൽവാമയിലും കാർഗിലും ലഡാക്കിലും പാത്തൻകോട്ടും കത്തിയെരിയുന്ന പച്ചമാംസത്തിന്റെ ഗന്ധം ….കുംകുമപ്പാടങ്ങളിൽ ചീന്തിയെറിയപ്പെടുന്ന കാശ്മീരി പെൺകുട്ടികളുടെ നെടുവീർപ്പുകൾ …
അനാഥമാക്കപ്പെടുന്ന ബാല്യങ്ങൾ ….
മൈനുകളും ഷെല്ലവശിഷ്ടങ്ങളും തൂക്കിവിറ്റ്‌ വിശപ്പടക്കാൻ അവർ പഠിച്ചു കഴിഞ്ഞു ….അവരുടെ കണ്ണുകളിൽ ബാല്യത്തിന്റെ മഴവില്ലഴകില്ല …..സ്ലെറ്റുകളോ പുസ്തകങ്ങളോ അവർക്ക് പരിചിതമല്ല ….
വെടിയുതിർക്കാനും മറഞ്ഞിരിക്കാനും കുതറിയോടാനും മാത്രം പരിശീലിക്കുന്ന ബാല്യങ്ങൾ ….യൗവ്വനങ്ങൾ …അത്രമാത്രം ..ഭയചകിതരായി കുറെ മനുഷ്യർക്കിടയിൽ വിറങ്ങലിച്ചു നിൽക്കുന്ന കുറെ മരങ്ങൾ ……ഇവിടെ കാറ്റുപോലും ഒന്നനങ്ങാൻ ഭയക്കുന്നു ….കാഷി നോർബബു ചെയ്തതുപോലെ
പുതുതായി ആരും ഒന്നും ചെയ്തില്ല .പുതുതായി ആരും ഒന്നും നേടിയില്ല……

ഇനിയും ഒരുപാട് തലമുറകൾ വളരേണ്ട മണ്ണല്ലേ …..ഭയത്തിന്റെ വിത്ത് വിതച്ചാൽ …..നാളെ ???
ഇവിടെ മുളയ്ക്കുന്ന ഓരോ നാമ്പും വളരാനുള്ള ആത്‌മവിശ്വാസം നഷ്ടപ്പെട്ടു സ്വയം ഉൾവലിഞ്ഞുപോവില്ലേ ??? വളർച്ച മുരടിച്ച മുളകൾ കൊണ്ട് എന്ത് നേടാൻ ???

വെറും ഒരിലയാണ് ഞാൻ .ജന്മം കൊണ്ട് എന്റെ നൈത്യക ധർമ്മം പാലിക്കുവാൻ വേണ്ടി ഈ ഭൂമുഖത്തു ഉരുവാക്കപ്പെട്ട ഒരില …എന്റെ വിങ്ങലുകൾ വെറും മർമ്മരങ്ങളായി നിങ്ങൾക്ക് തോന്നാം .ഒന്നനങ്ങാൻ പോലുമാവാത്ത ഞങ്ങൾ തകർന്നാലും ഈ പ്രപഞ്ചമെടുത്തു ഒരേറു പമ്പരം പോലെ കറക്കിക്കളിക്കുവാൻ ത്രാണിയുള്ള നിങ്ങൾ തകരുന്നത് കാണാനെനിക്കാവില്ല …
കൊഴിഞ്ഞു വീഴുന്ന എന്റെ നിലവിളികൾ എന്നെങ്കിലും നിങ്ങളുടെ കാതുകളിൽ വന്നാലയടിക്കാതിരിക്കില്ല നിങ്ങളുടെ മങ്ങിയ കണ്ണുകൾ തുറക്കാതിരിക്കില്ല എന്ന പൂർണ്ണ ബോധ്യത്തിലാണ് ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞത് .
ഇനി …….
എന്റെ മർമ്മരം ഇവിടെ ഒടുങ്ങുകയാണ് …
ഞാൻ കൊഴിയുകയാണ് …..
നിങ്ങൾ വിഭജിച്ച ഈ അതിർത്തിയിൽ ഇരുമണ്ണിലുമായി അലിഞ്ഞു ചേരണമെന്നാണെന്റെ സ്വപ്നം …ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി വേർതിരിവില്ലാത്ത മണ്ണായി മാറും വരെ ……
………………………………………………………………………………………………………..
*ഏഷ്യയിലും യൂറോപ്പിലും ശൈത്യബാധിത ഭൂമിയിൽ കാണപ്പെടുന്ന ഒരു വൃക്ഷം .ആദ്യം പച്ച പിന്നെ മഞ്ഞ ,ഓറഞ്ചു ,ചുവപ്പ് എന്നിങ്ങനെ മേപ്പിളിലകൾ വർണ്ണം മാറുന്നു. കൊഴിയാറാകുമ്പോൾ ചുവപ്പു വർണ്ണമാണ് ഇലയ്ക്ക് .പട്ടാള വേഷങ്ങളിലും മറ്റും ഈ ഇലകൾ പ്രിന്റ് ചെയ്തു കാണുന്നു പ്രത്യേകിച്ച് .കനേഡിയൻ പതാകയിലെ കോട്ട് ഓഫ് ആം മേപ്പിൾ ഇല ആണ്. മേപ്പിളിലകൾ ആഹാരമാക്കാറുണ്ട് .ഔഷധ മൂല്യം നിറഞ്ഞതുമാണ്

COMMENTS

3 COMMENTS

  1. സൂപ്പർ….
    തീർത്തും വ്യത്യസ്തമായ രചന.
    വളർന്നു വരുന്ന കഥാകാരിക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ…🌹🌹🌹🌹

  2. 🌸🌼വളരെ മനോഹരമായ കഥ.🌸🍂🍂💐❤️
    വായിക്കേണ്ടത് തന്നെ .🌿🍂🎊🎊❤️
    സുമിന് അഭിനന്ദനങൾ 🥰🥰🥰🥰❤️🎊💐😍

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മദർ തെരേസ അവാർഡ് ജേതാവ് സീമ ജി നായരെ ഫോമ അനുമോദിച്ചു.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ 'കല'യുടെ  പ്രഥമ മദർ തെരേസ പുരസ്കാരത്തിനർഹയായ  സിനിമാ സീരിയൽ താരവും സാമൂഹ്യ പ്രവർത്തകയുമായ  സീമ ജി നായരെ ഫോമാ ദേശീയ നിർവ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ...

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചു.

രണ്ട് ഡോസ് കൊവിഷീൽഡ് എടുത്തവർക്ക് ഇനി യുകെയിലേക്ക് യാത്ര ചെയ്യാം. എന്നാൽ അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിൽ വാക്സീൻ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വിയോജിപ്പുണ്ടെന്ന് യുകെ നിലപാടറിയിച്ചു. അതിനാൽ തന്നെ...

ജനസമ്മതിയിൽ ജോ ബൈഡനെക്കാൾ ബഹുദൂരം ട്രംപ് മുന്നിലെന്ന് സർവ്വെ

വാഷിംഗ്ടൺ: റജിസ്ട്രേർഡ് വോട്ടർമാർക്കിടയിൽ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാൾ മുൻ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാർവാർഡ്സി.എ.പി.എസ്സ്/ ഹാരിസ് സർവ്വെ വെളിപ്പെടുത്തിയതായി 'ഹിൽ റിപ്പോർട്ട് ചെയ്തു. റജിസ്ട്രേർഡ് വോട്ടർമാരുടെ 48 ശതമാനം പിന്തുണ ട്രംപിന്...

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...
WP2Social Auto Publish Powered By : XYZScripts.com
error: