17.1 C
New York
Saturday, June 3, 2023
Home Kerala അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിലാണ് ശ്രേഷ്ഠത - ശങ്കരത്തിലച്ചൻ ഒരു ഓർമ്മ. (കോരസൺ - വാൽക്കണ്ണാടി)

അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിലാണ് ശ്രേഷ്ഠത – ശങ്കരത്തിലച്ചൻ ഒരു ഓർമ്മ. (കോരസൺ – വാൽക്കണ്ണാടി)

കോരസൺ വർഗ്ഗീസ് , ന്യൂയോർക്ക്.

ശങ്കരത്തിലച്ചൻ ഒരു ഓർമ്മ…

ശങ്കരത്തിലച്ചൻ എന്നുകേൾക്കുമ്പോൾ എനിക്ക് പെട്ടന്ന് ഓർമ്മവരുന്നതു പന്തളം കുരമ്പാല പള്ളി വികാരിയായിരുന്ന, മണ്‍മറഞ്ഞ ശങ്കരത്തിൽ മാത്യൂസ് കോറെപ്പിസ്കോപ്പയാണ്. ഓർമ്മകൾ പൊടിതട്ടി എടുക്കുമ്പോൾ ചുവന്ന കുപ്പായം ധരിച്ച, ഹിമപാതം പോലെ നീണ്ടു വെളുത്ത താടിയുള്ള, മുഖത്തു വാത്സല്യം നിറഞ്ഞ ചിരിയുള്ള വലിയ പുരോഹിതശ്രേഷ്ഠനെ മറക്കാനാവില്ല. അച്ചന്റെ നേതൃത്വത്തിൽ ആണ് 50 വർഷങ്ങൾക്കു മുൻപ്, അതിസാന്ദ്രമായ ഒരു പൊയ്‌കയിൽ കരിങ്കൽ കെട്ടുകൾകൊണ്ട് വലിയൊരു ദേവാലയം പണിതുയർത്താൻ സാധിച്ചത്. കരിങ്കല്ലുകൾ ഉരുകിപോകുന്നതുവരെ ആ ഓർമ്മകൾ നിലനിൽക്കാതിരിക്കില്ല.

സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ ആയിരുന്നതിനാൽ, സർക്കസ്‌കൂടാരം പോലെ മൂന്നു വർഷത്തിൽ കേരളത്തിൽ ഉടനീളം നിരന്തരം മാറി മാറി തമ്പടിച്ചിരുന്ന നിരണം സ്വദേശികളായ ഞങ്ങൾക്കു സ്ഥിരമായ കൂട്ടുകെട്ടുകളോ ബന്ധങ്ങളോ പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ പന്തളത്തു വന്നു അവിടെ ഒരു സ്ഥിരതാമസം ശരിപ്പെടുത്തിയിട്ട്, എന്റെപിതാവ് തനിയെ യാത്രതുടർന്നിരുന്നു. ഞങ്ങൾക്ക് പന്തളത്തെ സെന്റ് തോമസ് കുരമ്പാലപ്പള്ളിയാണ് പിന്നീടു ബന്ധുക്കളായത്. ശങ്കരത്തിൽ മാത്യൂസ് അച്ചൻറെ വാത്സല്യവും കരുതലും പുതിയ ഇടത്തു പരിഭവങ്ങൾ ഇല്ലാതെ പിടിച്ചുനിൽക്കാൻ ഞങ്ങൾക്ക് തണലായി.

അദ്ദേഹത്തിന്റെ സഹോരപുത്രൻ യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്കോപ്പ ന്യൂയോർക്കിലുണ്ട് എന്ന് മാത്രമാണ് മുപ്പതു വർഷത്തിനു മുൻപ് അമേരിക്കയിൽ കുടിയേറുമ്പോൾ എനിക്ക് അറിവുണ്ടായിരുന്നത്. ഒരു ദിവസം എന്നെക്കാണാൻ അച്ചൻ വീട്ടിൽ എത്തി. ‘എന്നെ വിളിച്ചില്ലെങ്കിലും ഞാൻ ഇങ്ങുവന്നു, പന്തളത്തുനിന്നും എന്നു പറഞ്ഞുഅറിഞ്ഞപ്പോൾ നേരിട്ട്കാണണം എന്ന് തോന്നി’ എന്നു പറഞ്ഞു. വളരെ ചെറുപ്പത്തിൽ, യോഹന്നാൻ ശങ്കരത്തിലച്ചൻ ഡീക്കൻ ആയിരുന്നസമയത്തു അദ്ദേഹത്തിന്റെ ഒരു സുവിശേഷപ്രസംഗം കേൾക്കാൻ ആയിട്ടുണ്ട്. അന്നത്തെ പ്രസംഗവിഷയം സമയമാം രഥത്തിൽ സ്വർഗ്ഗയാത്ര ചെയ്യുന്ന മരണനിമിഷത്തെക്കുറിച്ചായിരുന്നു. അന്ന് കറുത്ത കുപ്പായക്കാരനായ ഡീക്കൻ വർണ്ണിച്ച രഥവും സ്വർഗ്ഗ വാതിലുകളും എന്റെ കുട്ടിക്കാലത്തു നിദ്രാവിഹീനമായ നിരവധി രാത്രികൾ സമ്മാനിച്ചിരുന്നു. അന്നുകണ്ട ശെമ്മാച്ചൻ വലിയ തൊപ്പി ഒക്കെവച്ചു ചുവന്നകുപ്പായമിട്ട ഒരു വലിയ പുരോഹിതനായി കണ്ടപ്പോൾ, അദ്ദേഹത്തിന്റെ ലളിതമായ സംഭാഷണവും കേട്ടപ്പോൾ എനിക്ക് എവിടേയോ നഷ്ട്ടപ്പെട്ട ശങ്കരത്തിൽ മാത്യൂസ് കോർഎപ്പിസ്കോപ്പയുടെ സാന്നിധ്യം അനുഭവിച്ചു. പിന്നീട് എത്രയോ കൂടിച്ചേരലുകൾ, സംഭാഷങ്ങൾ, കമ്മറ്റികളിലുള്ള യോജിച്ച പ്രവർത്തനങ്ങൾ, എല്ലായിടത്തും അച്ഛന്റെ സ്നേഹവും വാത്സല്യവും കരുതലും ഓർത്തെടുക്കാനാവും. അച്ചന്റെ മധുരഭാഷണവും കൊച്ചമ്മയുടെ സൽക്കാരങ്ങളും അനുഭവിക്കാത്തവർ ചുരുക്കം എന്ന് പറയാം . അത്രയേറെ ജനകീയമായ ഇടപെടലുകൾ അച്ചൻ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അച്ചന്റെ ശൂന്യത അമേരിക്കൻ മലയാളികളുടെ ഇടയിൽ അനുഭവപ്പെടും.

ശങ്കരത്തിലച്ചന്മാർ പൊതുവെ സാമൂഹിക ഇടപെടലുകൾകൊണ്ടാണ് അവരെ അടയാളപ്പെടുത്താനാവുക. അവർ വലിയ ആത്മീകപുരുഷന്മാർ എന്ന പരിവേഷത്തിൽ ജനങ്ങളിൽനിന്നും അകന്നുനിൽക്കാൻ ഒരിക്കലും തയ്യാറായില്ല, എപ്പോഴും അവർ ജനങ്ങളോടൊപ്പം അവരുടെ വ്യവഹാരങ്ങളിലും ഇടങ്ങളിലും നിറഞ്ഞുനിന്നിരുന്നു. സ്പിരിച്ചുവാലിറ്റിയെക്കുറിച്ചു പൊതുവെയുള്ള മുൻവിധികളും ധാരണകളും മാറ്റിചിന്തിക്കാൻ ഇവരുടെ ജീവിതത്തിനു കഴിയുന്നുണ്ട്.

ദൈവം മനുഷ്യനായി അവതരിച്ചു എന്ന വിശ്വാസം ഉൾകൊണ്ടുകൊണ്ടുതന്നെ മനുഷ്യരെ ദൈവമാക്കാൻ നിരന്തരം ശ്രമിക്കുന്നു എന്നതാണ് ഏറ്റവും വലിയ വിധിവൈപരീത്യം. ശരിക്കും മനുഷ്യനായി ജീവിക്കയും ചിന്തിക്കയും ഉപദേശിക്കുകയും ചെയ്യേണ്ടിവന്നപ്പോഴാണ് ഒരു പച്ച മനുഷ്യനായി നിലനിക്കുന്നതിന്റെ കഠിനത ദൈവപുത്രനു ബോധ്യപ്പെട്ടത്. മനുഷ്യൻ സ്വതന്ത്രനായി ജീവിക്കാൻ കരുത്തുള്ളവനാണെങ്കിലും അവന്റെ സാമൂഹ്യജീവിതം അവനെ നിരന്തരം എന്തിന്റ്റെയൊക്കെയോ പേരിൽ ഭയപ്പെടുത്തി വിലങ്ങുകളിൽ കൊളിത്തിയിടുന്നു. എപ്പോഴും അവൻ ഒരു രക്ഷകനായി ഉള്ള തിരച്ചിലിലാണ്. തുറന്ന പറച്ചിലുകളും സത്യം മിഥ്യ എന്താണെന്ന ചൂണ്ടികാട്ടലുകളും അവനെ അപകടകരമായ ഒറ്റപ്പെടുത്തലുകളിലേക്കു കൊണ്ടുചെന്നു എത്തിക്കും. തീർത്തും ഒരു മനുഷ്യനായിരിക്കുക എന്നത് ഒരു കടുത്ത വെല്ലുവിളിതന്നെയാണ്.

ഇംഗ്ലീഷിലെ H എന്ന അക്ഷരത്തെ ആത്മീയതയുടെ ഏണിയായി ഭാവന ചെയ്‌താൽ ഒരു കുറുവര കൊണ്ട് ബന്ധിച്ച രണ്ടു ‘I’ കൾ അഥവാ അഹങ്ങൾ, മനുഷ്യ – ദൈവ അഹങ്ങളും ബന്ധിപ്പിക്കുന്ന ചെറിയ കുറുകിയ പാലങ്ങളാണ് വൈദികർ എന്ന് കരുതാം. രണ്ടു രഹസ്യ സ്വഭാവങ്ങളുടെ ഏകീകരണത്തിനു ലോകത്തെ ഗോപനം ചെയ്യണം. ഒരു ലോകത്തിലേക്കു കടക്കുമ്പോൾ മറ്റേതു അറിയാതെ അടയും, അറിഞ്ഞുകൊണ്ടുള്ള ഒരു ഒളിച്ചോട്ടം. അത്തരം ചില ഒളിച്ചോട്ടങ്ങളിലൂടെയാണ് മനുഷ്യ ജീവിതത്തിലെ നിസ്സഹായതകളും തോൽവികളും അവമതികളും വിഡ്ഢിത്തങ്ങളും തിരിച്ചറിയപ്പെടുന്നത്. ആനന്ദത്തിനുവേണ്ടിയുള്ള നിരന്തരമായ അന്വേഷണമാണ് മനുഷ്യനെ പാപികൾ എന്ന ലേബൽ അടിപ്പിക്കുന്നത്. ഭൗതികമായ ഇടപെടലുകൾ ഇല്ലാത്ത ആത്മീകത നിരർത്ഥകമാണ്. പുരോഹിതൻ പ്രകാശത്തിനു അഭിമുഖം നിൽക്കുന്ന അമിതാഭൻ, ഒപ്പം മനുഷ്യജീവിതത്തിന്റെ നേർത്ത പരീക്ഷണങ്ങൾ നേരിടാൻ പാകത്തിനു ലോകബന്ധിതനും ആകുമ്പോഴേ കർമ്മശുദ്ധി പ്രാപ്യമാകാൻ സാധിക്കുകയുള്ളൂ. അത്തരം ഇടപെടലുകളിൽ മുഖംതിരിച്ചിരുന്നില്ല ശങ്കരത്തിലച്ചന്മാർ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബലവും ബലഹീനതകളും നിറഞ്ഞ സാധാരണ മനുഷ്യരെ, പെരുപ്പിച്ച ആത്മീയതയിൽ മുക്കി അസാധാരണമാരാക്കുമ്പോഴാണ് വിശ്വാസികൾ പരാജയപ്പെടുന്നത്.

ഏറ്റെടുത്ത കർമ്മമണ്ഡലങ്ങളിൽ നിതാന്തജാഗ്രതയോടെ പ്രവർത്തിച്ചു, ന്യൂയോർക്കിലെ ലോങ്ങ്ഐലന്റിന്റെ നടുവിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭക്ക് ഒരു ദേവാലയം പണിതുയർത്താൻ അച്ചൻ നേതൃത്വം നൽകി. അമേരിക്കയിലെ മലയാളി കുടിയേറ്റ സമൂഹത്തിൽ, പാരമ്പര്യാധിഷ്ഠിതമായ ആരാധന, നാട്ടുനടപ്പുകൾ, നാടോടിവിജ്ഞാനം, സാംസ്കാരികധാരകൾ ഇവക്കൊക്കെ ഒരു വലിയ നഷ്ടമാണ് യോഹന്നാൻ ശങ്കരത്തിലച്ചന്റെ വിയോഗം ഉണ്ടാക്കുന്നത്. അക്ഷരങ്ങളെ പ്രണയിച്ച ദമ്പതികളുടെ സാന്നിധ്യം മലയാള സദസ്സുകളിൽ നിറഞ്ഞുനിന്നിരുന്നു. അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിലാണ് ശ്രേഷ്ഠത എന്നു വിശ്വസിക്കുമ്പോഴും, കലർപ്പില്ലാത്ത പാരമ്പര്യം കാലത്തിന്റെ മാറുന്ന പരിതഃസ്ഥിതികളിലേക്ക് മാറ്റമില്ലാതെ സ്വയം പൊരുത്തപ്പെട്ടുചേരുന്ന സജീവ ശക്തിയായിരുന്നു യോഹന്നാൻ ശങ്കരത്തിലച്ചൻ എന്ന് ഉറപ്പായും പറയാം.

ഏർനെസ്റ്റ് ഹെമിംഗ്‌വേ രചിച്ച ‘ദി ഓൾഡ് മാൻ ആൻഡ് ദ സീ’ എന്ന കൃതിയിലെ അവസാന ഭാഗത്തു, ദിവസങ്ങളോളം ആഴക്കടലിൽ പോയി വലിയ മീനിനെ പിടിച്ചു കരക്കുഅടുത്തപ്പോൾ മീനിന്റെ അസ്ഥികൂടം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന തിരിച്ചറിവിൽ വൃദ്ധനായ സാൻഡിയാഗോ, കൂടെയുള്ള ബാലനോട് ചോദിക്കുന്നു .. ‘ഞാൻ വളരെ ദൂരെ പോയി, എനിക്ക് ഇതിനു കഴിയുമായിരുന്നു എന്ന് തെളിയിച്ചു, ആളുകൾ എന്നെ തിരക്കിയിരുന്നുവോ?’ ബാലൻ മറുപടി പറയുന്നു..’എല്ലാവരും കാത്തിരിക്കുകയായിരുന്നു വരാതെയിരിക്കില്ല, ഇനി വിശ്രമിക്കുക’.

ഇനി വിശ്രമിക്കുക…

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: