അപ്രതീക്ഷിതമായി വന്നുചേരുന്ന ആരേയും ദേവനായി സങ്കല്പിച്ച് സൽക്കരിക്കണമെന്നത് ഭാരതീയ സംസ്കാരമാണ്; അഥവാ അതാണ് നമ്മുടെ ആചാരം. എന്നാൽ ആ ആചാരം ഇന്ന് പഴകിദ്രവിച്ച ഏതെങ്കിലും പുരാണപുസ്തക താളിൽ മാത്രമേ നമുക്ക് കാണുവാൻ കഴിയൂ. ഒക്കെയും അസ്തമിച്ചിട്ട് കാലങ്ങളായി. ഈ ആധുനിക കാലത്ത് ആതിഥേയരുടെ ക്ഷണം സ്വീകരിച്ചെത്തുന്ന മാന്യ അതിഥികളായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇന്നിപ്പോൾ അവരും ഇല്ലാതായിരിക്കുന്നു; കാരണം കൊറോണയുടെ തലയിലേക്ക് വച്ച് ആർക്കുംതന്നെ സുഖമായിട്ട് കൈകഴുകാവുന്നതായ ഒരു അവസ്ഥയിലാണ് നമ്മൾ.ആ കൈകഴുകൽ അല്പം സാനിറ്റൈസർ ഉപയോഗിച്ചായാലും ആർക്കുമേ വിരോധമില്ല. ഇത് ഭാഗ്യമാണോ അതോ നിർഭാഗ്യമാണോ എന്നത് തീരുമാനിക്കാനുള്ള അവകാശമെല്ലാം അതിഥികൾക്കും ആതിഥേയർക്കുമായി വിട്ടു തരുന്നു!
അതിഥിദേവോ ഭാവ! എന്ന ആ പൗരാണിക സങ്കല്പത്തിന് ഈ ആധുനിക കാലത്ത് പഴയ മുത്തശ്ശിക്കഥയുടെ വിലപോലുമില്ലാതെയായി. കാലത്തിന്റെ മാറാലയാൽ മൂടപ്പെട്ടുപോയ ആ ആചാരത്തിന്റെ അവശേഷിപ്പുകൾ പോലും നമ്മുടെ സ്മരണയിൽ നിന്നും കോവിഡെന്ന മഹാമാരിയും അനുബന്ധ നിയന്ത്രണങ്ങളും ചേർന്ന് തൂത്തുമാറ്റിയിരിക്കുന്നു എന്നതാണ് പരമാർത്ഥം. തിഥിയുടെ അഥവാ പതിനഞ്ചു ദിവസത്തെ ഇടവേളയിൽ എത്തുന്നവനാണ് ആതിഥ്യത്തിനർഹനായ യഥാർത്ഥ അതിഥി.
മാസങ്ങളൊ വർഷമൊ നീണ്ട ഇടവേളകൾക്ക്
ശേഷമെത്തിയാലും എല്ലാ അതിഥികൾക്കും
തുല്യപരിഗണന ലഭിക്കാറില്ല എന്നുള്ളതും ഒരു സത്യമാണ്. എന്നിരുന്നാലും, ആതിഥേയരായ നമ്മൾ ആവുംവിധം സൽക്കരിച്ചിരുന്നു!
വിരുന്നുകാരുടെ വരവ് നിലച്ചുപോയതിലോ,
അവർക്ക് അർഹമായ പരിഗണന പണ്ടെന്ന പോലെ നൽകാത്തതിലോ മാത്രമായി നമ്മുടെ ഇന്നത്തെ ചിന്ത ഒതുങ്ങുന്നില്ല. ആതിഥ്യമര്യാദ മറക്കുകയും അതൊഴിവായികിട്ടുന്ന ഇന്നത്തെ അവസ്ഥയെ ഭാഗ്യമായി കരുതുകയും ചെയ്യുന്ന ചിലരുടെ മാനസികാവസ്ഥയാണ് നമ്മുടെ ചിന്താവിഷയം. സമൂഹജീവിയായ മനുഷ്യനിന്ന്
പരമാവധി മൂന്നോ നാലോ അംഗങ്ങളുള്ള ചെറു തുരുത്തുകൾ പോലുള്ള ഇടങ്ങളിൽ ഒറ്റപ്പെട്ട് കഴിയുവാനാണ് ഇഷ്ടപ്പെടുന്നത്. ഇത് തികച്ചും കൗതുകകരവും എന്നാൽ ഗൗരവതരവുമായ വിഷയമാണ്. ഒറ്റപ്പെടാതെ ഒത്തുചേർന്നുള്ള ജീവിതരീതിയാണ് പണ്ടുമുതലേ നമുക്കുള്ളത്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണു കുടുംബത്തിലേക്ക് എത്തുന്നതോടു കൂടി നാം നമ്മുടെ പൂർവ്വികാചാരങ്ങളെല്ലാം ഒന്നൊന്നായി വഴിയിൽ ഉപേക്ഷിക്കുകയാണ്. അങ്ങനെ നാം എന്നും സ്ഥായിയായതെന്ന് കരുതിയിരുന്ന ആ ജനിതക ഘടനയിലും ഈ കാലപ്രയാണത്തിൽ മാറ്റം സംഭവിക്കുന്നു എന്നുള്ളത് ശ്രദ്ധിക്കണം. ‘ഓണത്തിനൊരു മൂലം വേണം’ എന്നതുപോലെ കൊറോണ ഒരു കാരണമായി പറയാമെങ്കിലും അനിവാര്യമായതോ അല്ലാത്തതോ ആയിട്ടുള്ള മാറ്റങ്ങൾ മനുഷ്യനിലും സംഭവിക്കുന്നുണ്ട്.
കോവിഡിൻ്റെ കാര്യത്തിൽ കൃത്യമായ അകലം പാലിക്കാനുള്ള സ്വാതന്ത്ര്യവും വർത്തമാനകാല മനുഷ്യനുണ്ട്. സാമൂഹികാകലം പാലിച്ച് സ്വന്തം ഭവനത്തിൽ മാത്രം ഒതുങ്ങിക്കഴിയുക എന്നത് ഇന്നത്തെ നിയമപരമായ മുന്നറിയിപ്പുകൂടി ആകുമ്പോൾ ആ അവസരത്തെ നമ്മൾ പലരും പരമാവധിയങ്ങു മുതലാക്കുന്നു എന്നത് ആരും നിശ്ശബ്ദമായി സമ്മതിക്കുന്ന ഒരു സത്യമാണ്! ഇവിടെ ‘നാം ഇച്ഛിച്ചതും കൊറോണ കല്പിച്ചതും’ ഒന്നുതന്നെ ആകുമ്പോൾ,ആ ആനുകൂല്യത്തെ പലരും ഒരു ഭാഗ്യമായിട്ട് കരുതുന്നു! മനുഷ്യൻ്റെ സ്വാർത്ഥതയുടെ ആഴം അളക്കാൻ കഴിയുന്ന ഒരു നവയുഗഭാഗ്യമാണ് കൊറോണയെന്ന ആ കുഞ്ഞനണു നമുക്ക് സമ്മാനിച്ചിരിക്കുന്നത്! സാമൂഹ്യമായ ആചാരമര്യാദകളെല്ലാം നമ്മൾ മനഃപൂർവം മറക്കുന്നു അല്ലെങ്കിൽ, മറന്നതായി ഭാവിക്കുകയോ ചെയ്യുന്നു. അതിന് കൊറോണ ഒരു കാരണമോ നിമിത്തമോ ആയെന്നു മാത്രം!
ഒത്തുചേരലുകൾക്ക് അർത്ഥമില്ലാതായി!
ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കാനുള്ള ഒത്തുചേരലുകളും ഇന്ന് വിരളമാണ്. ആവിധ കൂടിച്ചേരലുകൾ അപൂർവ്വമായി സംഭവിച്ചാലും രോഗഭീതിമൂലമുള്ള അംഗങ്ങളുടെ വിമുഖത കാരണം, അത്തരം സ്നേഹസംഗമം പോലും ശുഷ്കമായി ശോഭ കെട്ടുപോകുന്നു എന്നതും ഒരു സത്യമാണ്. ആരും ആരുടേയും അതിഥി ആകാനോ തിരിച്ച്, മറ്റുള്ളവർക്ക് ആതിഥ്യം ഒരുക്കുവാനോ സന്നദ്ധമല്ല! വിവാഹംപോലുള്ള
ഒഴിവാക്കാനാവാത്ത കാര്യങ്ങളുടെ അനുബന്ധ ചടങ്ങുകളിലും പലപ്പോഴും ഇതാണ് അവസ്ഥ.
പക്വതയെത്തിയ കുടുബനാഥൻമാർ ഒഴിഞ്ഞു നിൽക്കുന്ന പല ചടങ്ങുകളിലും ചെറുപ്പക്കാർ കൂടുതലായി എത്തുകയും ചെയ്യുന്നു. അവർക്ക് ആ പ്രായത്തിന്റെ ആവേശം കാട്ടാതിരിക്കാൻ ആവുകയില്ലല്ലോ! ആഘോഷങ്ങളുടെ വിലങ്ങ് നീങ്ങാൻ ഇനിയെത്ര കാലം കാത്തിരിക്കണം എന്ന് അറിയാനും വയ്യ. ആസന്നഭാവിയിൽ ഈ കോവിഡ് വിലക്ക് നീങ്ങിയാൽ പോലും, പഴയ ആ ഇഴുകിച്ചേരലുകളിൽ അലിഞ്ഞുചേരാൻ നമ്മിൽ എത്രപേർ സന്നദ്ധമാകും!
പലർക്കും ഇന്ന് ഒത്തുചേരാനല്ല ഒറ്റപ്പെടാനാണ്
കൂടുതൽ താൽപര്യമെന്നു തോന്നുന്നു. പണ്ട് തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്ന് വിലപിച്ചിരുന്ന പലരുമിന്ന്, ഒറ്റപ്പെട്ട് അകന്നുമാറാൻ കൂടുതൽ ഇഷ്ടപ്പെടുമ്പോൾ അവരെ കുറ്റപ്പെടുത്താനും നമുക്കാവില്ല! ന്യായമായൊരു കാരണം പറയാൻ ആരുടെ പക്കലും ഉണ്ടല്ലോ; കോവിഡ്! ബാഹ്യ
ബന്ധങ്ങളെല്ലാം വെടിഞ്ഞ് സ്വന്തം അറയിൽ ഒതുങ്ങിക്കഴിയുന്ന സുഖം അതിഷ്ടമായവർ പറയട്ടെ! അവരുടെ ആ ഏകാന്തവാസത്തിലെ കട്ടുറുമ്പാകാൻ നമ്മൾ എന്തിന് പോകണമെന്ന ചിന്ത ഇന്ന് പലരും പരസ്പരം പുലർത്തുമ്പോൾ സമൂഹ്യജീവിതം ആസ്വദിച്ചിരുന്ന പലരും ഇന്ന് ഒറ്റപ്പെടലിന്റെ ഏകാന്തതയിലേക്ക് ഒതുങ്ങുന്നു!
പട്ടണവാസികളായിരുന്നു പണ്ടെല്ലാം ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നതെങ്കിൽ, ഇന്ന് ഗ്രാമവാസികളും
കോവിഡ് കാരണം ആ സംസ്കാരത്തിലേക്ക് എത്തിയിരിക്കുന്നു. മാത്രമല്ല നഗരവും ഗ്രാമവും തമ്മിൽ കാര്യമായ വ്യത്യാസം ഇന്നില്ല എന്നതും ചിന്തിക്കുക. നമ്മുടെ സംസ്കാരത്തെ മത്രമല്ല, മനുഷ്യന്റെ ജനിതക ഘടനയെ പോലും മാറ്റി മറിക്കാൻ കൊറോണയ്ക്ക് കഴിഞ്ഞു എന്നത് കാണാതിരിക്കാൻ കഴിയുന്നില്ല. കേരളത്തിൽ ആ മാറ്റം കൂടുതൽ പ്രകടമാണെന്നത് സത്യം! ഒരു പക്ഷേ, നമ്മൾ മലയാളികൾ താരതമ്യേന ലോലഹൃദയർ(?) ആയതിനാലാകാം ഇത്രവേഗം മനസ്സിനെ മാറ്റിമറിക്കാൻ ഒരണുവിന് പോലും കഴിഞ്ഞത്. അതിഥി-ആതിഥ്യമര്യാദയിൽനിന്ന് മാത്രമല്ല, പല ആചാരങ്ങളിൽ നിന്നും നമ്മൾ പിൻവാങ്ങിയിരിക്കുന്നു. അനാചാരങ്ങളെ അകറ്റി നിർത്തുന്നത് നല്ലതാണെങ്കിലും, ഒപ്പം നമ്മുടെ തനതായ പല നല്ല ആചാരങ്ങളേയും
തൂത്തുമാറ്റേണ്ടതുണ്ടോ എന്നത് ഗൗരവമായ ചിന്തക്ക് വിധേയമാക്കേണ്ടതാണ്.
അടുത്ത വാരാന്ത്യം മറ്റൊരു ചിന്തയുമായി ഒത്തുചേരാനായി ഇപ്പോൾ പിരിയുന്നു!
സ്വന്തം..
രാജൻ രാജധാനി ✍