കേരളത്തിൽ കാസർകോഡ് ജില്ലയിൽ തുടങ്ങി കർണ്ണാടകയിൽ ഗോകർണ്ണ വരെ നീണ്ടു കിടക്കുന്ന ആറ് പ്രധാന ഗണപതി ക്ഷേത്രങ്ങളുണ്ട്. ഒരൊറ്റ ദിവസത്തിൽ ദർശനം പൂർത്തിയാക്കിയാൽ ഏറെ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ആറു ഗണപതി ക്ഷേത്രങ്ങൾ പരിചയപ്പെടാം.
കാസർകോഡ് ജില്ലയിൽ ഒന്നും ബാക്കി അഞ്ച് ക്ഷേത്രങ്ങൾ കർണ്ണാടകയിലെ തീരപ്രദേശത്തുമായാണ് സ്ഥിതി ചെയ്യുന്നത്. ഈ ആറിടങ്ങളിലും ഒറ്റ ദിവസത്തിൽ ദർശനം പൂർത്തിയാക്കിയാൽ ജീവിതത്തിലെ തടസ്സങ്ങൾ എല്ലാം നീങ്ങുമത്രെ.
1. മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം
ഒറ്റ ദിവസം ആറു ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള യാത്ര ആരംഭിക്കുന്നത് കാസർകോഡ് ജില്ലയിലെ മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നുമാണ്. മൊഗ്രാൽ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് കാസർകോഡ് നിന്നും 8 കിമീ ദൂരമുണ്ട്. തുടക്കത്തിൽ ശിവനായിരുന്നു ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെങ്കിലും പിന്നീട് ഗണപതിയുടെ സാന്നിധ്യം കണ്ടെത്തിയ ശേഷം പ്രധാന്യം ഗണപതിക്കായി.
ഇവിടുത്തെ ഉദയാസ്തമന പൂജ, സഹസ്രാപ്പം തുടങ്ങിയവ വളരെ പ്രസിദ്ധമാണ്.
2. ഷറാവ് ഗണപതി ക്ഷേത്രം
മധൂരിലെ ദർശനത്തിനു ശേഷം അടുത്തതായി പോകേണ്ട ക്ഷേത്രം കർണ്ണാടകയിലാണ്. ഷറാവ് ഗണപതി ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്. മംഗലാപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് മംഗലാപുരത്തു നിന്നും 6.4 കിലോമീറ്ററും കാസർകോഡ് നിന്ന് ഒന്നര മണിക്കൂർ യാത്രയുമേയുള്ളൂ. എണ്ണൂറ് വര്‍ഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് കരുതപ്പെടുന്നത്. ഗണപതിയുമായി ബന്ധപ്പെട്ട ഉത്സവ ദിവസങ്ങളിൽ ആയിരക്കണക്കിനാളുകൾ ഇവിടെ എത്തുന്നു.
3. കുംബാശി ഗണപതി ക്ഷേത്രം
ഷറാവ് ഗണപതി ക്ഷേത്രത്തിൽ നിന്നും പോകുന്ന മൂന്നാമത്തെ ക്ഷേത്രം ഉഡുപ്പി ജില്ലയിലെ കുംബാശി ഗണപതി ക്ഷേത്രം ആണ്. അനേഗുണ്ടെ വിനായക ദേവസ്ഥാന ക്ഷേത്രം എന്നാണിതിന്റെ യഥാർത്ഥ പേര്. കുംഭാസുരൻ എന്ന അസുരനെ ഗണപതി വധിച്ചത് ഇവിടെ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മംഗലാപുരത്തു നിന്നും 85 കിമീ അഥവാ ഒന്നര മണിക്കൂർ യാത്ര ഇവിടേക്കുണ്ട്.
4. ഹട്ടിയങ്ങാടി ഗണപതി ക്ഷേത്രം
കുംബായിൽ നിന്നും ഇനി പോകേണ്ടത് നാലാമത്തെ ഗണപതി ക്ഷേത്രമായ ഹട്ടിയങ്ങാടി ഗണപതി ക്ഷേത്രത്തിലേക്കാണ്. അനേഗുണ്ടെ വിനായക ക്ഷേത്രത്തിൽ നിന്നും ഹട്ടിയങ്ങാടിയിലേക്ക് 15.1 കിമീ ദൂരമാണുള്ളത്. കുന്ദാപുര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ഗണപതിയുടെ വിഗ്രഹത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. രണ്ടര അടിയോളം ഉയരം ഈ വിഗ്രഹത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിലാണത്രെ ഈ ക്ഷേത്രം ഇവിടെ നിർമ്മിക്കുന്നത്.
5. ഇടഗുഞ്ചി ഗണപതി ക്ഷേത്രം
ഈ യാത്രയിലെ അഞ്ചാമത്തെ ക്ഷേത്രം ഉടുപ്പിയിലെ പ്രസിദ്ധമായ ഇടഗുഞ്ചി ഗണപതി ക്ഷേത്രം ആണ്. ഹട്ടിയങ്ങാടിയിൽ നിന്ന് ഇവിടക്ക് 45 കിലോമീറ്റർ ദൂരമുണ്ട്. ഉത്തര കന്നഡ ജില്ലയിൽ ഹൊന്നാവര താലൂക്കിന്‍റെ ഭാഗമായ ക്ഷേത്രത്തിൽ ഒരു മില്യൺ വിശ്വാസികൾ ഓരോ വർഷവും എത്തുന്നു. ആയിരത്തിയഞ്ഞൂറിലധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം. ശരാവതി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.
6. ഗോകർണ്ണ ഗണപതി ക്ഷേത്രം
യാത്രയിലെ ആറാമത്തെയും അവസാനത്തെയും ഗണപതി ക്ഷേത്രമാണ് ഗോകർണ്ണ ഗണപതി ക്ഷേത്രം. നിരവധി ഗണപതി ഭക്തർ ഓരോ ദിവസവും എത്തിച്ചേരുന്ന ഈ ക്ഷേത്രം ഗോകർണ്ണ മഹാബലേശ്വർ ക്ഷേത്രത്തിനു തൊട്ടടുത്തായണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വിഗ്രഹത്തിന് 1500 വർഷത്തിലധികം പഴക്കമുണ്ട്. ഇടഗുഞ്ചിയിൽ നിന്ന് 65 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
🕉️ ഇനിയും ഒന്നാമത് വായിച്ച മധൂർ ശ്രീ അനന്തേശ്വര- സിദ്ധിവിനായക ക്ഷേത്രത്തിന്റെ കൂടുതൽ വിവരങ്ങളും ചിത്രവും കൂടി ചുവടെ ചേർക്കുന്നു.
കാസർഗോഡ് പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ അകലെ മധുവാഹിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മൊഗ്രാൽപ്പുഴയുടെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നു മുകളിൽ പറഞ്ഞിട്ടുണ്ട്.
മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം ഒരു ശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെ പേരിലാണ് അറിയപ്പെടുന്നത്. (ഇതും മുകളിൽ വിവരിച്ചു എങ്കിലും വായനക്കാർക്ക് കൂടുതൽ സൗകര്യത്തിനായി ആ വരികൾ വീണ്ടും പറഞ്ഞുവെന്നേയു ള്ളു.)പണ്ട് ഇവിടെ ശിവൻ മാത്രമാണ് പ്രതിഷ്ഠയായി ഉണ്ടായിരുന്നത്. പരമശിവനെ പൂജിയ്ക്കാൻ ദിവസവും രാവിലെ പൂജാരിമാർ വരുമായിരുന്നു. അവരുടെ കൂടെ വന്ന കുട്ടികൾ കളിയായി അമ്പലത്തിലെ ഒരു ചുമരിൽ ഗണപതിരൂപം ഉണ്ടാക്കി പൂജ നടത്തുകയും നിവേദ്യം ആയി പച്ചയപ്പം (വേവിക്കാത്ത അപ്പം) നേദിയ്ക്കുകയും ചെയ്യുമായിരുന്നു. ഇതു ഒരിക്കൽ വലിയ പൂജാരിമാർ കാണുകയും പ്രശ്ന ചിന്തയിൽ അവിടെ ഗണപതി സാന്നിധ്യം കണ്ടതിനെ തുടർന്ന് ബാക്കി കാര്യം ചെയ്യുകയും ചെയ്തു. ഗണപതി വിഗ്രഹം ചുമരിൽ നിന്നും പുറത്തേക്ക് വന്നപോലെയാണ് ഇപ്പോഴുമുള്ളത്. കുട്ടികൾ നിവേദിച്ച പോലെ ഇന്നും പച്ചയപ്പം തന്നെ ആണ് മഹാഗണപതിക്ക് പ്രധാനം. അവിടത്തെ പ്രധാനപ്പെട്ട വേറൊരു പ്രസാദമാണ് ഉണ്ണിയപ്പം. പ്രധാന ഉത്സവം മൂടപ്പ സേവ അതായത് ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവമാണ്. ഭീമമായ ചെലവു മൂലം ഇതു സാധാരണയായി നടത്താറില്ല. 1990-കളിൽ ഒരു ദിവസമാണ് അവസാനമായി ഇതു നടത്തിയത്. ടിപ്പു സുൽത്താൻ ഒരിക്കൽ ഈ അമ്പലത്തെ ആക്രമിച്ചിരുന്നു. തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റിൽ നിന്നും വെള്ളം കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതിഹ്യം. ടിപ്പു തന്റെ വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖംമൂടി ഈ ക്ഷേത്രത്തിൽ ഉണ്ട്.
ഇവിടത്തെ ഗണപതി പ്രതിഷ്ഠക്ക് നല്ല വലിപ്പമുണ്ട്. ആദ്യകാലത്ത് ഈ രൂപം ഉയരത്തിൽ വലുതാകുകയായിരുന്നു. ഒരിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ഒരു കന്നഡസ്ത്രീ ഇവിടത്തെ ഗണപതിനടയിൽ വന്നശേഷം ‘ഉയരത്തിൽ വളരരുത്, വീതിയിൽ വളരൂ’ എന്നു പറയുകയും തുടർന്ന് വീതിയിൽ വലുതാകാൻ തുടങ്ങുകയുമായിരുന്നത്രേ. ഇന്നും വിഗ്രഹം വളരുന്നുണ്ടെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. ശിവൻ കിഴക്കോട്ടും ഗണപതി തെക്കോട്ടും അഭിമുഖമായി വാഴുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് സിദ്ധി, ബുദ്ധി, തടസങ്ങൾ എന്നിവയുടെ പ്രതീകമാണ് വിഘ്നേശ്വരൻ അഥവാ ഗണപതി എന്ന സങ്കൽപ്പം.
ക്ഷേത്രത്തിൽ ഉപദേവതകളായി കാശീവിശ്വനാഥൻ, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാപരമേശ്വരി, വീരഭദ്രൻ, നാഗദൈവങ്ങൾ, ഗുളികൻ എന്നിവർ കുടികൊള്ളുന്നു. ശിവന്റെ ശ്രീകോവിലിന് പുറകിൽ പാർവ്വതീസാന്നിദ്ധ്യവുമുണ്ട്.
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. എല്ലാ ദിക്കിൽ നിന്നുമുള്ള ഭക്തജനങ്ങൾ ഇവിടെ പല ഉത്സവങ്ങൾക്കും ഒത്തുകൂടുന്നു. ഇന്ന് ഈ ക്ഷേത്രത്തിന്റെ ഭരണാധികാരം സർക്കാരിനാണ്. യുവ വടുക്കൾക്ക് ഈ ക്ഷേത്രത്തിൽ വേദ ക്ലാസുകൾ നടത്തുന്നു.
വഴിപാടുകൾ
ഭക്തജനങ്ങൾ മഹാഗണപതിക്ക് സാധാരണയായി “ഉദയാസ്തമന”പൂജ നടത്തുന്നു. മധുരിലെ പ്രശസ്തമായ പ്രസാദമായ “അപ്പം” വളരെ രുചികരമാണ്. അപ്പം എല്ലാ ദിവസവും ഇവിടെ പാകം ചെയ്യുന്നു. പ്രാർത്ഥനകൾ അർപ്പിക്കുന്ന എല്ലാവർക്കും കൌണ്ടറുകളിൽ നിന്നും പ്രസാദം ലഭ്യമാണ്. ഇവിടെ നടത്തുന്ന പ്രത്യേക പൂജകളിൽ “സഹസ്രാപ്പം” (ആയിരം അപ്പം)പ്രധാനമാണ്. ഗണപതിക്ക് ആയിരം അപ്പങ്ങൾ നൈവേദ്യം അർപ്പിക്കുന്നതാണ് ഈ പൂജ. പൂജയ്ക്കുശേഷം പൂജ അർപ്പിക്കുന്ന ആൾക്ക് ഈ ആയിരം അപ്പങ്ങൾ വീട്ടിൽ കൊണ്ടുപോകാം. പ്രധാന ഉത്സവം മൂടപ്പ സേവ എന്ന ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് ,ഇതു സാധാരണ ആയി നടത്താറില്ല ,കാരണം ഇതിനു വരുന്ന ഭീമമായ ചെലവും മറ്റും ആണ് കാരണം ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത് .. ഗണേശ ചതുർത്ഥിയും മധുർ ബേടിയും ആണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കുള്ള സമയങ്ങൾ.
മഴക്കാലത്ത് ക്ഷേത്രത്തിന്റെ അരികിലുള്ള നദി കരകവിഞ്ഞൊഴുകി ക്ഷേത്രപരിസരത്തും നിറയുന്നു. അതുകൊണ്ട് മഴക്കാലം ക്ഷേത്രം സന്ദർശിക്കുന്നതിന് അനുയോജ്യമല്ല. ഞായറാഴ്ചകളിലാണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കു കൂടുതൽ. ദിവസവും രാവിലെ 8 മണി, ഉച്ചയ്ക്ക് 12.30, രാത്രി 8 മണി എന്നീ സമയങ്ങളിൽ ആണ് പൂജകൾ നടക്കുക.എല്ലാ ദിവസവും ഉച്ചയ്ക്ക് ഇവിടെ നിന്നും അന്നധാനം നൽകുന്നു ,അതിനു പ്രത്യേക ചാർജ് ഈടാക്കാറില്ല ,എന്നാൽ ടോക്കൺ എടുക്കണം കാരണം ഒട്ടനവതി ആളുകൾ വരുന്നത് കൊണ്ട് ആളുകളുടെ എണ്ണം അറിയാൻ വേണ്ടി മാത്രം.