വെള്ളം തുളുമ്പിയതിനെക്കുറിച്ച് തര്‍ക്കം – 6 വയസ്സുകാരിയെ ബന്ധു വെടിവെച്ചു കൊലപ്പെടുത്തി
ഹൂസ്റ്റണ്‍ : ആറു വയസ്സുകാരിയുടെ കയ്യില്‍ നിന്നും വെള്ളം തുളുമ്പിയതിനെ തുടര്‍ന്ന് പ്രകോപിതനായ ബന്ധു കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് നിരവധി തവണ കുട്ടിയെ വെടിവച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചു .
മാര്‍ച്ച് 19 വെള്ളിയാഴ്ച ഉച്ചയോടെ പസഡിന വേറെന്റോ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം . വെടിയേറ്റ കുട്ടിയെ ഉടനെ ബെഷോര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .
മരിച്ച കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി , ലൊറിയോണ്‍ വാക്കര്‍ എന്നാണ് കുട്ടിയുടെ പേരെന്നും വെടിവച്ചത് അവളുടെ തന്നെ ഒരു ബന്ധുവാണെന്നും അവര്‍ പറഞ്ഞു . വെടിവച്ചുവെന്ന് പറയപ്പെടുന്ന ബന്ധുവിനെ കസ്റ്റഡിയില്‍ എടുത്തതായി പസഡിനാ പോലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച കാറപകടത്തില്‍ മരിച്ച ബന്ധുവിന്റെയും മൂന്ന് കുട്ടികളുടെയും സംസ്‌കാരച്ചടങ്ങിനു പങ്കെടുക്കാന്‍ പോകേണ്ടതിനാല്‍ ലോറിയോനെ ബന്ധുവിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു .
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു . രണ്ടാഴ്ചക്കുള്ളില്‍ ലോറിയോന്റെ മാതാവിന് മകളടക്കം നാലുപേരാണ് രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ നഷ്ടപ്പെട്ടത് .