ആകാശ ഗോപുരജാലകം തുറന്നൊരു
പൊന്നൊളി വിതറുന്ന പുലരി വന്നു..
കണി കൈനീട്ടമായ് വിഷു പുലരി വന്നു..
മേടം പുലർന്നൊരീ പൊൻ പുലർക്കാലത്തിൽ കണ്ണന് കണിയുമായ് കാത്തിരുന്നു, ഞാനെന്റെ മരതകവർണ്ണനെ കാത്തിരുന്നു..
വിഷു പക്ഷി മൂളുന്ന പാട്ടുപോൽ കണ്ണന്റെ മുരളിയിൽ രാഗം ഒഴുകിവന്നു..
കണിവെള്ളരിയും പഴങ്ങളുമായൊരു വിഷുക്കണി ഞാനൊരുക്കിവെച്ചു..
പുഞ്ചിരി തൂവുന്ന പീലിക്കാർവർണന്റെ പൊൻ മുഖം കണ്ണിൽ തെളിഞ്ഞുവന്നു..
പീതവർണ്ണാഭമാം കണിക്കൊന്ന മോഹമായ് കണ്ണന്റെ കൈയിൽ നിറഞ്ഞുനിന്നു.
എന്റെ മാനസം പോലത് പൂത്തുനിന്നു..
ചന്ദനം ചാർത്തിയ കണ്ണന്റെ തിരുനെറ്റി കള്ളച്ചിരിയാൽ വിളങ്ങിനിന്നു..
മിഴികൾ നിറഞ്ഞുഞാൻ കണ്ടൊരാ പുണ്യവും മയിൽപ്പീലിപോൽ തെളിഞ്ഞു നിന്നു,
കാഴ്ചതൻ കൈനീട്ടം ഉള്ളംകുളിർപ്പിച്ചു കണ്ണന് മുന്നിൽ തൊഴുതു നിന്നു…
എന്റെ വിഷുക്കണിയായ് നിറഞ്ഞു നിന്നു..
നിരഞ്ജൻ അഭി.✍