ആംസ്റ്റർഡാമിൽ നിന്ന് റോഡുമാർഗ്ഗമുള്ള ഈ യൂറോപ്യൻ യാത്രയും രസകരമായിരുന്നു. 2023 മേയ് 13_ന് പുലർച്ചെ 7.30 ന് തന്നെ ആരംഭിച്ച യാത്രയുടെ പ്രഥമ ലക്ഷ്യം ബെൽജിയത്തിലെ ലോകപ്രശസ്ത യുദ്ധസ്മാരകമായ ‘വാട്ടർലൂ’ ആയിരുന്നു. അതേ,യുദ്ധവീരനും ഫ്രാൻസിൻ്റെ ചക്രവർത്തിയുമായിരുന്ന നെപ്പോളിയൻ്റെ ആ പരാജയത്തിന് ഇടമായ്ത്തീർന്ന ഹോളണ്ടിന്റെ അയൽരാജ്യമായ ബെൽജിയത്തിലെ വാട്ടർലൂ!പിരമിഡിൻ്റെ പലമടങ്ങ് വലിപ്പമുള്ള ആകൃതി.
പച്ചപ്പുല്ലുകൾ പതിപ്പിച്ച് ഹരിതാഭമാക്കിയിട്ടുള്ള ആ സ്മാരകത്തിൻ്റെ മുകളറ്റംവര കയറുവാൻ കഴിയുന്ന പടികെട്ടുകളുണ്ടെങ്കിലും, അതിന്റെ ഉയരം കണ്ടപ്പോൾ മുകളിലേക്കുള്ള ആ കയറ്റം ഒരു സാഹസമാകുമെന്ന് തോന്നുകയാൽ ആ ഉദ്യമം ഉപേക്ഷിച്ചു! നെപ്പോളിയന് സംഭവിച്ചതു പോലുള്ള ഒരു വീഴ്ച വാട്ടർലൂവിൽ നമുക്കും സംഭവിക്കരുതല്ലോ എന്നുള്ളൊരു ചിന്ത എൻ്റെ ഉള്ളിലുമുണ്ടായിരുന്നെന്ന് കരുതിയാൽ അത് തെറ്റെന്ന് പറയാനാവില്ല..
ഫ്രഞ്ച്ചക്രവർത്തി നെപ്പോളിയന്റെ സ്മരണ ഉണർത്താനായി അവിടെ സജ്ജീകരിച്ചിട്ടുള്ള മ്യൂസിയവും ശ്രദ്ധേയമാണ്. ചരിത്ര തല്പരരായ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണല്ലോ വാട്ടർലൂ സ്മാരകം. അതിനാൽ എല്ലയ്പ്പോഴും അവർ ഇവിടേയ്ക്ക് വന്നുകൊണ്ടേയിരിക്കുന്നു. അന്ന് ബെൽജിയവും ഹോളണ്ടും ചേർന്ന ഒരു നാട്ടുരാജ്യമായ ബെൽജിയൻ-ഹോളണ്ടിലുള്ള ‘വാട്ടർലൂ’എന്ന സ്ഥലത്തുവച്ചുണ്ടായ ആ യുദ്ധം നെപ്പോളിയൻ്റെ പതനത്തിന് കാരണമായിട്ടുള്ള വാട്ടർലൂ യുദ്ധമായി രേഖപ്പെടുത്തപ്പെട്ടു. ഇതേ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കി പരിപാലിക്കേണ്ട ഒരു ഇടം തന്നെയല്ലേ മണ്ണടിയിലെ വിഖ്യാതമായിട്ടുള്ള വേലുത്തമ്പി ദളവാ സ്മാരകവുമെന്ന് ‘വാട്ടർലൂ’ കണ്ടപ്പോൾ ഞാനും ചിന്തിച്ചുപോയി. ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരി അതിനായിട്ട് ഇനിയും നമുക്ക് ഉണ്ടാകട്ടെ എന്നുള്ള പ്രാർത്ഥനയോടെ യാത്ര തുടരുകയാണ്.
കണ്ണെത്താ ദൂരത്തോളവും മഞ്ഞപ്പട്ട് വിരിച്ചിട്ട പോലെയുള്ള കടുകുപാടങ്ങളെ കീറിമുറിച്ചുള്ള ഹൈവേയാത്ര രസകരമാണ്. അതുവഴിയുള്ള യാത്രക്കാരുടെ കാവൽക്കാർ എന്നതുപോലെ നിലകൊള്ളുന്ന പടുകൂറ്റൻ കാറ്റാടി യന്ത്രങ്ങൾ എവിടെയും കാണാം. നെതർലണ്ടിൽ മാത്രമല്ല ഇപ്പോൾ ബൽജിയത്തിലേയും ഫ്രാൻസിലേയും നല്ല നിരപ്പുള്ള ആ ഭൂമിയിലെവിടെയും അതിന് ഒരു കുറവും കാണുവാനില്ല. പ്രകൃതിയെ ഒട്ടുമേ നോവിക്കാതെയാണ് യൂറോപ്യൻ നാടുകളിൽ വൈദ്യുതോൽപാദനം നടക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിലാണെങ്കിൽ മറിച്ചും! പ്രകൃതിയെ എത്രത്തോളം ഉപദ്രവിക്കാമോ അതൊക്കെയും നമ്മൾ ചെയ്തിരിക്കും. ഹൈവേയിലൂടെയുള്ള യാത്രാവേളയിൽ എവിടെയും കാൽനടക്കാരെ കാണാനേയില്ല.കാരണം, ഹൈവേകളിലൊന്നും കാൽനടയാത്ര അനുവദിക്കില്ല. നഗരങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാത്രമേ കാൽനടക്കാരെ കാണുവാനുള്ള. മറ്റിടങ്ങളിലെല്ലാം ഏതെങ്കിലും വാഹനങ്ങളിലേ മനുഷ്യൻ സഞ്ചരിക്കാറുള്ളു. മനുഷ്യർക്കും സൈക്കിളുകൾക്കും പോകാൻ പ്രത്യേകം പാതകൾ ഓരോ ദിശയിലേക്കുമുണ്ട്. ഹൈവേകളിൽ സൈക്കിൾ സവാരിയും കാൽ നട യാത്രയും നിയമവിരുദ്ധമാണ്. അതിനാൽ ഇവിടെ നമ്മുടെ നാട്ടിലേതുപോലുള്ള അപകട വാർത്തകൾ കേൾക്കാറേയില്ല.
അടുത്ത ലക്ഷ്യസ്ഥാനം വർഷംതോറും മൂന്നു കോടി വിനോദ സഞ്ചാരികളെങ്കിലും എത്തുന്ന ഫ്രാൻസിന്റെ തലസ്ഥാനനഗരം പാരീസ് തന്നെ. കലകളുടേയും സാഹിത്യത്തിന്റെയും മാത്രമല്ല, ആധുനിക ഫാഷൻ്റെയും പ്രണയത്തിൻ്റെയും ആസ്ഥാനമായ നഗരമാണല്ലോ പാരീസ്. സീൻ നദീതീരത്ത് ഇൽഡിഫ്രാൻസ് പ്രദേശത്തിന്റെ മദ്ധ്യഭാഗത്താണ് പാരീസ് എന്ന ആ മഹാനഗരം സ്ഥിതിചെയ്യുന്നത്. 25 ലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന നഗരമാണിത്.പുറമേ എല്ലാ ദിനവും അനേകമനേകം വിനോസഞ്ചാരികളും വരുന്നു. ആംസ്റ്റർഡാമിൽൽനിന്നും അഞ്ഞൂറിലുമധികം കിലോമീറ്റർ സഞ്ചരിച്ച് പാരീസിലെത്തുമ്പോൾ നട്ടുച്ചയും പിന്നിട്ടിരുന്നു. നെതർലാൻഡ്സിൻ്റെ അഥവാ ഹോളണ്ടിന്റെ ആ ഭൂപ്രകൃതിയിൽനിന്ന് കാര്യമായിട്ടുള്ളൊരു വ്യത്യാസം ഒറ്റ നോട്ടത്തിൽ നമുക്ക് തോന്നുകയില്ലെങ്കിലും,ഡച്ച് പ്രൗഢിയും അതിന്റെ തനതായ ആഢ്യത്വവും ഫ്രാൻസിലോ തലസ്ഥാന നഗരമായ പാരീസിലോ കാണുവാൻ കഴിയുന്നേയില്ല.
അതിപ്രശസ്ത നഗരമായ പാരീസിൽ, നമ്മുടെ മുംബൈയിലും മദ്രാസിലുമൊക്കെ കാണുവാൻ കഴിയുന്ന ജനബാഹുല്യമാണ്. മാന്യമായവേഷം ധരിച്ച് ഭിക്ഷാടനം നടത്തുന്ന ചിലരെയെങ്കിലും അവിടെയും കാണാൻകഴിഞ്ഞു എന്നത് സത്യം. നമ്മുടെ ഇന്ത്യയിലെപ്പോലെയുള്ള പ്രത്യേകിച്ചും കേരളത്തിലേതിന് തുല്യമായ വാഹനത്തിരക്ക് പാരീസിലും കാണാനായി. ചിലപ്പോൾ തെറ്റായ ദിശയിലൂടെയും കടന്നു വരുന്ന online ഭക്ഷണ വിതരണക്കാരുടെ ഇരുചക്രവാഹന ഉപയോഗം അവിടെയും കണ്ടു! അടുത്തടുത്തുള്ള ട്രാഫിക് സിഗ്നലുകളിലെ നിയന്ത്രണവുമെല്ലാം ഇന്ത്യൻ നഗരത്തിലേതിന് സമാനമായി തോന്നിയിരുന്നു. ഇത്രയും ജനങ്ങൾ അധിവസിക്കുന്ന ഒരിടത്ത് ഇത്തരത്തിലുള്ള ഒരു തിരക്ക് സാധാരണമെന്ന് നമുക്ക് കരുതാം. ജനസംഖ്യാനുപാതികമായിട്ട് സ്ഥലവിസ്തൃതി എവിടെയും വർദ്ധിക്കില്ലല്ലോ.
13 കിലോമീറ്റർ ദൈർഘ്യമുള്ള സീൻ നദിയുടെ ഇരു കരകളിലായിട്ട് പാരീസ് എന്ന മഹാനഗരം അതിൻ്റെ പൗരാണികപ്രൗഢി വാരിച്ചൊരിഞ്ഞ് നിൽക്കുന്നു. അനേകം ചരിത്ര സ്മാരകങ്ങൾ തൊട്ടുരുമി നില്ക്കുന്ന കാഴ്ച അടുത്തറിയാൻ സീൻനദിയിലൂടുള്ള ബോട്ടുയാത്ര തന്നെയാണ് അവിടെയെത്തുന്ന എല്ലാവരുടെയും പ്രാഥമിക ലക്ഷ്യം. ഒരു മണിക്കൂർ ദൈർഘ്യമുള്ള ബോട്ടു യാത്ര ഞങ്ങളും നന്നായിട്ട് ആസ്വദിച്ചു. പാരീസ് നഗരത്തിന്റെ പഴമയും പൊലിമയുമെല്ലാം സീൻ നദിയുടെ ഇരുകരകളിലായിട്ട് നമുക്ക് കാണാൻ കഴിയും. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി ആരംഭിച്ച് പതിനഞ്ചാം നൂറ്റാണ്ടിൽ പൂർത്തീകരിച്ച നൊട്രേ ഡാം കത്തീഡ്രലിൻ്റെ തലയെടുപ്പ് കണ്ടറിഞ്ഞു. തീവ്രവാദികളുടെ അന്ധമായ ആക്രമണത്തിന് വിധേയമായെങ്കിലും ദേവാലയത്തിൻ്റെ പ്രൗഢി നഷ്ടപ്പെടാതെയുള്ള പുനരുദ്ധാരണങ്ങളാണ് ഇപ്പോഴും അവിടെ നടന്നുകൊണ്ടിരിക്കുന്നത്. കൊട്ടാരസമാന പ്രൗഢിയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ചതും ചരിത്രപ്രാധാന്യമുള്ളതുമായ മറ്റനേകം ഫ്രഞ്ച്നിർമ്മിതികളും ആസ്വദിക്കാൻ സീൻനദിയിലെ രസകരമായ ആ യാത്രയിലൂടെ ഞങ്ങൾക്ക് കഴിഞ്ഞു.
പാരീസ് കാഴ്ചാവിശേഷങ്ങൾ തുടരും..!
രാജൻ രാജധാനി✍