പതിവുപോലെ മെറിംഗൻടൗണിൽ പുതിയൊരു പ്രഭാതംകൂടി പൊട്ടിവിടരുകയാണ്! ഹോട്ടലിൻ്റെ ബാൽക്കണിയിലിരുന്ന് ആ അപൂർവ്വ ദൃശ്യത്തെ മനസ്സാം ക്യാൻവാസിലേക്ക് പകർത്തട്ടെ ഞാൻ! പ്രപഞ്ചശില്പിയുടെ അഭൗമമായ ഭാവനയിലൂടെ വിരചിതമാകും അപൂർവ്വസുന്ദര ചിത്രങ്ങളാണ് ഓരോ പ്രഭാതവുമെന്ന് കരുതണം! ഉദയസൂര്യൻ ചാലിച്ചേകുന്ന വർണ്ണഭംഗിയാകും പ്രഭാതങ്ങളെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടാകാമല്ലോ പുലരികളെ എത്രകണ്ടാലും മതിയാകാത്തതും. ആൽപ്സിൻ്റെ മടിത്തട്ടിലെ ഇരു പ്രഭാതങ്ങളും അനുഭൂതിദായകങ്ങളായിരുന്നു! ജീവിതത്തിൽ ഇനി ഒരിക്കലും ലഭിക്കുമെന്ന് കരുതാനാവത്ത അപൂർവ്വസുന്ദരനിമിഷങ്ങൾ!രണ്ടു പുലരികളും രണ്ട് രാവുകളും അവിസ്മരണീയമാക്കി മാറ്റിയ ഹോട്ടൽ ഷെർലക്ഹോംസിനും,ഞങ്ങൾക്കായ് ഇത്രയും മനോഹരമായ ഒരിടം കണ്ടെത്തി തന്ന ശ്രീ. ധിലനും നന്ദി!
സഹയാത്രികരെല്ലാം എത്തി. ഞങ്ങളെല്ലാവരും യൂറോപ്യൻസ്റ്റൈൽ ബുഫേ ബ്രേക്ക്ഫാസ്റ്റെല്ലാം കഴിച്ച് ഷെർലക് ഹോംസിനോട് യാത്ര പറഞ്ഞു. പിരിയും മുമ്പ് ഹോട്ടലിൻ്റെ ചിത്രം പകർത്താൻ ആരുമേ മറന്നില്ല. എല്ലാവർക്കും അത്രത്തോളം ഇഷ്ടമായിരുന്നു ഈ ഹോട്ടൽ.നന്നേ തെളിഞ്ഞ ആ പുലരിയിലെ യാത്രയിൽ ഞങ്ങളെല്ലാവരും ഉന്മേഷത്തിലായിരുന്നു. ധിലൻ പതിവുപോലെ പല തമാശകളും പറഞ്ഞ് എല്ലാവരേയും നന്നേ രസിപ്പിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ജനിച്ചത് പഞ്ചാബിലാണെങ്കിലും വളർന്നതും പഠിച്ചതും ഹോളണ്ടിലാകയാൽ ആൾ ഡച്ച് പൗരനുമാണ്. ഹിന്ദി അത്രവശമില്ലെങ്കിലും,വ്യക്തമായി കാര്യം മനസ്സിലാക്കും. ഭാര്യ അർമേനിയക്കാരിയാണ്. ധിലൻ എട്ടോളം ഭാഷകൾ നല്ല ഒഴുക്കോടുകൂടി സംസാരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് സ്ഥിരമായി ടൂർസംഘടിപ്പിക്കുന്നു. ഹിന്ദിസിനിമ താരങ്ങളായ അക്ഷയ് കുമാർ, മാധുരിദീക്ഷിത്, കന്നട സിനിമയിലെ സൂപ്പർ ഹീറോ യാഷ് (KGF Fame) തുടങ്ങിയവരുടെ ഇഷ്ടസാരഥിയുമാണ് ശ്രീ.ധിലൻ. അവരുടെ യൂറോപ്യൻ യാത്രകളിൽ ധിലൻ തന്നെ സാരഥിയാകണമെന്ന് അവർക്ക് നിർബ്ബന്ധമാണ്. അതുപോലെ ഞങ്ങളുടേയും അഭ്യർത്ഥന മാനിച്ചാണ് ഇക്കുറിയും അദ്ദേഹം ഞങ്ങളുടെ സാരഥ്യം ഏറ്റെടുത്തത്.
സ്വിറ്റ്സർലണ്ടിലെ ദൈർഘ്യമേറിയ അനേകം അടിപ്പാതകൾക്കുള്ളിലൂടെ ധിലൻ്റെ പ്രിയപ്പെട്ട കറുത്തബെൻസ് പായുകയാണ്.മനോഹരമായ നീലത്തടാകങ്ങളെയും, ആകർഷകമായിട്ടുള്ള പാലങ്ങളെയും പിന്നിട്ട് മുന്നേറുമ്പോൾ, മെട്രോ ട്രെയിനുകളും മറ്റും തൊട്ടടുത്തുള്ള പാളത്തിൽ ചീറിപ്പായുന്നത് കാണുന്നുണ്ട്. എല്ലാത്തിൻ്റേയും ദൃക്സാക്ഷിയെന്ന പോലെ അകലെത്തല്ലാതെ ആൽപ്സ് പർവ്വതം കാവലായ് നിൽക്കുന്നുണ്ട്. വിഖ്യാതമായ റോയ്സ് നദീതീരത്തെ ലുസേൺ പട്ടണമാണ് അടുത്തലക്ഷ്യം. സ്വിറ്റ്സർലണ്ടിൻ്റ മദ്ധ്യഭാഗത്തായിട്ട് സ്ഥിതിചെയ്യുന്ന മനോഹര നഗരം! നഗരത്തിന് കുളിർപ്പുളകങ്ങളേകുവാൻ അതിന്റെ മടത്തട്ടിലേക്ക് കടന്നുകയറി ഇക്കിളി ഇടുന്ന നീലജലാശയം! ഒക്കെയും ലൂസേണിൻ്റെ സൗന്ദര്യത്തെ പരിപോഷിപ്പിക്കുന്നു. അപ്പോഴും എറ്റവും ആകർഷകവും ലുസേണിൻ്റെ ചന്തവും ചാപ്പൽ ബ്രിഡ്ജ്ജല്ലാതെ മറ്റൊന്നുമല്ല! വീടിനു തുല്യമായ മേൽക്കൂരയുള്ള ഒരു പാലമാകയാൽ വെയിലോ മഴയോ ഏൽക്കില്ല. ആ പാലത്തിന് തൊട്ടടുത്തായിട്ട് അഷ്ടഭുജാകൃതിയിലുള്ള ഒരു ജലഗോപുരവും കാണാം.ഈ പാലത്തെക്കാളും പഴക്കമുള്ള 113 അടി ഉയരമുള്ള ഈ ഗോപുരം പണ്ട് ജയിലും, പിന്നീട് ഗ്രന്ഥപ്പുരയുമായിരുന്നു.
1360-ൽ പണികഴിപ്പിച്ച ഈ തടിപ്പാലത്തിന് 1993 ആഗസ്റ്റ് 18_ലെ തീപിടുത്തത്തിലൂടെ സാരമായ ദോഷം സംഭവിച്ചു, അതിൽ സ്ഥാപിച്ചിരുന്ന പല അമൂല്യമായ പെയിന്റുങ്ങുകളും കത്തിനശിച്ചു. വേഗത്തിലുള്ള പുനരുദ്ധാരണത്തിലൂടെ പഴയ പ്രൗഢി വീണ്ടെടുത്തിട്ടുണ്ട്. 207 മീറ്റർ നീളമുള്ള പാലം കാൽനടക്കാരുടെ ഉപയോഗത്തിനായിട്ട് മാത്രമുള്ളതാണ്. ലോകത്തിന്റെ നാനാദിക്കിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ തിരക്കാണ് എപ്പോഴും പാലത്തിൽ. ഇവിടെ നിന്ന് ഒരു ചിത്രം എടുക്കാതെ ആരും മടങ്ങുകയില്ല. എത്രയെത്ര മനുഷ്യരുടെ പാദസ്പർശം ഏറ്റുവാങ്ങിയിട്ടുണ്ട് ഇതിനകം ഈ പാലം! പാലത്തിന്റെ അകത്തും, പുറത്തും,വശങ്ങളിലും വ്യത്യസ്ത ഭാവങ്ങളിൽ ചാഞ്ഞും ചരിഞ്ഞും നിന്ന് എത്രയോ ആളുകൾ ഓരോ നിമിഷവും ചിത്രങ്ങൾ പകർത്തുന്നുണ്ട്. പല ഭാഷകളും, നിറങ്ങളും,സംസ്കാരവുമെല്ലാം ഇവിടെ ഈ പാലത്തിൽ ഒന്നുചേരുചേരുമ്പോൾ അതും മറ്റൊരു കൗതുകക്കാഴ്ചയായ് മാറുന്നു!
ലുസേണിൻ്റെ ഈ പൗരാണിക പ്രൗഢിയും ജല സാമീപ്യവും ആംസ്റ്റർഡാമിൻ്റെ ഹൃദയഭാഗമായ ഡാംസ്ക്വയറിൻ്റെ ഓർമ്മ എന്നിലുണർത്തുന്നു. ലുസേൺ റെയിൽവേ സ്റ്റേഷനും അരികിലുണ്ട്. ഏത് വിദൂരസ്ഥലങ്ങളിലേക്കും പോകുവാനുള്ള ട്രെയിനുകൾ ഇവിടെ ലഭ്യമാണ്.സഞ്ചരികൾക്ക് അവരുടെ യാത്രകൾ ആരംഭിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്റ്റേഷൻ. ലുസേണിൻ്റെ ഏത് ആംഗിളിലേക്ക് നോക്കിയാലും ഒറ്റക്കാഴ്ചയിൽ തന്നെ ക്രൂസിസ് ബോട്ടുകളും ട്രെയിനുകകളും വലിയ ബസ്സുകളുമെല്ലാം സഞ്ചരിക്കുന്നതായി നമുക്ക് കാണാം. എല്ലാ സൗകര്യങ്ങളും ലഭ്യമായ എല്ലാവരേയും മോഹിപ്പിക്കുന്ന മനോഹരമായ നഗരം; അതാണ് ലുസേൺ! മതിവരാത്തൊരു മനസ്സോടുകൂടിയാണെങ്കിലും ഞങ്ങളും, ഇതാ സുന്ദരിയായ ലുസേണിനോട് വിടപറയുന്നു!
ഞങ്ങളുടെ വാഹനം കിലോമീറ്ററുകൾ താണ്ടി ഇതാ ജർമ്മനിയുടെ രാജകീയ പാതകളിലൂടെ നീങ്ങുകയാണ്. ജർമ്മനിയിൽ പലയിടങ്ങളിലും സ്പീഡ് നിയന്ത്രണമില്ല.ഇതാ ധിലൻ്റെ കാറിന്റെ വേഗസൂചിക 170 കിലോമീറ്ററിനെ തൊടുന്നതും ആശ്ചര്യത്തോട് ഞാൻ കണ്ടിരുന്നു❗ഇല്ല, ഒരു ഭാവമാറ്റവും ധിലനോ കാറിനോ ഇല്ല. ദൂരമേറെ താണ്ടിയപ്പോൾ ഉച്ചഭക്ഷണം കഴിക്കുവാൻ ഒരു വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് പ്രവേശിച്ചു. സ്വിറ്റ്സർലണ്ടിൽ നിന്നും പ്രഭാതഭക്ഷണം, ഇതാ ഇപ്പോൾ ജർമ്മനിയിൽ ഉച്ചഭക്ഷണം,രാത്രിയിൽ അത്താഴമോ, അത് നെതർലാൻഡ്സിൽ നിന്ന്. നമ്മുടെ റോഡുകളുടെ അവസ്ഥയിൽ ഇങ്ങനെ ഒരു കാര്യം സാധ്യമാകുമോ? റോഡുകളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എവിടെ എപ്പോഴാണ് ഒരു സമരമോ , വഴിതടയലോ ഉണ്ടാവുകയെന്ന് ആർക്കറിയാം. അതാണ് നമ്മുടെ സംസ്കാരം! ഇതിന് ഒരു മാറ്റം അനിവാര്യമാണ്; പക്ഷേ, ആ മാറ്റം ഉണ്ടാകേണ്ടത് നാം ഓരോരുത്തരുടേയും മനസ്സിൽനിന്നാകണമെന്ന സത്യം മാത്രം നമ്മൾ മറന്നു പോകുന്നു!
ഇനി ഹോളണ്ട് കാഴ്ചാവിശേഷങ്ങൾ തുടരും..!