17.1 C
New York
Saturday, September 30, 2023
Home Travel സ്വിറ്റ്സർലൻഡിൻ്റെ ഹരിതാഭയിലൂടെ! (വാരാന്തചിന്തകൾ (133 ) യാത്രാവിശേഷം) സ്വിറ്റ്സർലൻഡിൽ നിന്ന്.. ✍രാജൻ...

സ്വിറ്റ്സർലൻഡിൻ്റെ ഹരിതാഭയിലൂടെ! (വാരാന്തചിന്തകൾ (133 ) യാത്രാവിശേഷം) സ്വിറ്റ്സർലൻഡിൽ നിന്ന്.. ✍രാജൻ രാജധാനി

രാജൻ രാജധാനി✍

എവിടെ ആയിരുന്നാലും അതികാലേ ഉണരുക ശീലമാണ്. ആൽപ്സിൻ്റെ കുളിർമടിയിൽ നിന്ന് ഉറങ്ങിയുണരുമ്പോഴും ശീലത്തിൽ മാറ്റമേയില്ല. പലതുമെഴുതി വൈകി ഉറങ്ങിയിട്ടും, കുളിരിനെ അവഗണിച്ച് ഉണർന്നപ്പോൾ കാണാൻകഴിഞ്ഞ അപൂർവ്വ ദൃശ്യഭംഗിയിൽ നിന്ന് മിഴിയെടുക്കാൻ തോന്നുന്നേയില്ല. പ്രകൃതിയൊരുക്കിയ അതുല്യ പുലർശോഭയിൽ മയങ്ങിനില്ക്കയാണു ഞാൻ. ആൽപ്സ്പർവ്വതം അങ്ങ് അകലെ കതിരോൻ ഉണർന്നതായി, വെള്ളിപോലെ തിളങ്ങും തൻ്റെ മുഖപ്രസാദത്തിലൂടെ ലോകത്തെ അറിയിക്കും പോലെ! ഷെർലക് ഹോംസ് ഹോട്ടൽ,അവരുടെ അതിഥികൾക്ക് അത്യപൂർവ്വമായ കാഴ്ചകൾ ആസ്വദിക്കുവാനായി മുറിക്ക് പുറത്ത് നല്ലൊരു ബാൽക്കണിയും ആവശ്യമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. അവിടിരുന്നു നോക്കുമ്പോൾ സാക്ഷാൽ ഹിമാലയം തന്നെയാകുമോ നമ്മൾ കാണുന്നതെന്ന് സംശയിക്കാം. ചിത്രത്തിലൂടെ മാത്രം കണ്ടിട്ടുള്ളൊരു പരിചയമേ നമുക്കുള്ളൂ എങ്കിലും, ഹിമാലയം നമ്മുടെയെല്ലാം മനസ്സിൽ പതിഞ്ഞു കഴിഞ്ഞതാണ്.

മറ്റുള്ളവരും ഉണർന്ന് കുളിച്ചൊരുങ്ങിയപ്പോൾ ഒരു പ്രഭാതസവാരി ആകാമെന്ന് തീരുമാനിച്ചു. അങ്ങനെ ഹോട്ടലിന് പുറത്തെത്തിയപ്പോഴാണ് മെറിംഗൻ താഴ്വര ഇത്രമേൽ സുന്ദരിയാണെന്ന സത്യം മനസ്സിലായത്. മലമുകളിലെ ഭീമൻപാറ തുളച്ച് ഒഴുകിയെത്തുന്ന ജലപ്രവാഹം താഴേക്ക് പതിക്കുന്ന കാഴ്ച മനോഹരമാണ്. അപ്പോഴും കാതിലേക്കെത്തുന്ന ആ ശബ്ദം ഭീതിതമാണ്. ഹൃദയഹാരിയായ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നോക്കിനിൽക്കേ ദേ, അതുക്കും മേലേകൂടിയും ഒരു ട്രെയിൻ കടന്നുപോകുന്നു! സൈറ്റ് സീയിങ് ട്രെയിനാണതെന്ന് പിന്നീടു മനസ്സിലായി. താഴെ മറ്റൊരു പാതയിലൂടെയും ട്രയിനുകൾ ഓടുന്നു. തൊട്ടടുത്തുനിന്നു തന്നെ ആ മലമുകളിലേക്ക് കേബിൾകാർ അഥവാ ഗൊണ്ടോള സർവ്വീസും നടക്കുന്നുണ്ട്.അങ്ങനെ എവിടെ തിരിഞ്ഞാലും കാഴ്ചകളും അവിടേയ്ക്കെല്ലാം സുഗമമായിട്ട് എത്തിച്ചേരാനും കഴിയുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് സ്വിസ്സ് സർക്കാർ വിനോദ സഞ്ചാരികളെ അവിടേയ്ക്ക് സ്വാഗതം ചെയ്യുന്നത്. മറ്റേതു രാജ്യത്തെക്കാളും ജീവിത ചിലവേറിയ നാടാണെങ്കിലും സ്വിറ്റ്സർലൻഡ് സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും മുന്തിയ പരിഗണന തന്നെയാണ് നൽകുന്നത്.

മെറിംഗൻ്റെ പുലർഭംഗിയെല്ലാം മൊബൈലിൽ പകർത്തിയ ശേഷം പ്രഭാതഭക്ഷണം കഴിക്കാൻ ഷെർലക് ഹോംസ് റെസ്റ്റോറൻ്റിലേക്ക് ഞങ്ങൾ മടങ്ങി. ബുഫേസ്റ്റൈൽ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് അടുത്ത യാത്രയ്ക്ക് ഒരുങ്ങിയെത്തി ഞങ്ങൾ. നിശ്ചിതസമയത്തു തന്നെ ധിലനും റെഡിയായി. വീണ്ടും കുന്നുംമലകളും താണ്ടാൻ ഒരുക്കമെന്ന് പറയാതെ പറയും പോലെ കാത്തു നിൽക്കുന്നു ധിലൻ്റെ സ്വന്തം മെഴ്സഡസ് ബെൻസും. വേഗം അതാതു സീറ്റുകളിൽ പതിവുപോലെ ഞങ്ങൾ ഉപവിഷ്ഠരായി യാത്ര ആരംഭിച്ചിരിക്കുകയാണ്. ഇന്നത്തെ ലക്ഷ്യത്തിൽ എത്താൻ രണ്ടുമാർഗ്ഗം ഉണ്ട്. അതിൽ ആദ്യമാർഗ്ഗം താരതമ്യേന വേഗം അവിടെ എത്തുന്നതാണ്. രണ്ടാമത്തേത് ദൂരം ഏറിയാലും കാഴ്ചകൾ മനോഹരമായതിനാൽ നല്ലവനായ ധിലൻ രണ്ടാമത്തെ മാർഗ്ഗം തന്നെ ഞങ്ങൾക്കായി തിരഞ്ഞെടുത്തു. കുന്നുകളും മലകളും കയറിയിറങ്ങി സ്വിറ്റ്സർലാൻഡിൻ്റെ ഹരിതാഭയിൽ മനംമയങ്ങി എംഗൽബർഗെന്ന പട്ടണത്തിലേക്കാണ് യാത്ര. റോഡിൻ്റെ രണ്ട് വശങ്ങളും മനോഹരമാണ്. പർവ്വതാരോഹകർ യാത്രാമധ്യേ നീലത്തടാക തീരങ്ങളിൽ ബലൂൺ കിടക്കയൊരുക്കി സുഖമായി ഉറങ്ങുന്നുമുണ്ട്.

ഇടതുവശത്ത് ഇടതൂർന്ന മലകൾ, വലതുവശം പച്ചവിരിച്ചപോലുള്ള താഴ്വരകൾ. തൊട്ടടുത്ത് നീലത്തടാകം, അധികമകലെയല്ലാതെ മഞ്ഞ് പുതച്ച പർവ്വതനിരകൾ. കാഴ്ചയുടെ കലവറ തുറന്ന് നമ്മെ കാത്തിരിക്കുന്നു സ്വിസ്സ് പ്രകൃതി. ഒന്നിനുപുറകേ മറ്റൊന്നെന്നപോലെ മനോഹര ദൃശ്യങ്ങൾ ഒരു വെള്ളിത്തിരയിലെന്ന പോലെ കടന്നു പോകുന്നു. നിശ്ചല ചിത്രങ്ങളും, പുറമേ വീഡിയോയും എടുത്ത് എല്ലാവരുടേയും കയ്യ് തളർന്നു. ഒപ്പം ഓരോ ഫ്രെയിമിലും വ്യത്യസ്ത ഭാവങ്ങളിൽ ചിലർ പോസ് ചെയ്യുന്നുമുണ്ടല്ലോ. ലക്ഷ്യത്തിന്റെ തൊണ്ണൂറു ശതമാനവും ഞങ്ങൾ കടന്നപ്പോഴാണ് അറിയുന്നത് മഞ്ഞുവീഴ്ചമൂലം ഇനി മുന്നോട്ട് പോകാനാവില്ല; പാത അടുത്ത മാസമേ ഇനി തുറക്കൂ! ഒരു മുഷിവും കാട്ടാതെ ധിലൻ ആദ്യപാത ലക്ഷ്യമാക്കി തിരികെ യാത്ര തുടർന്നു. ലക്ഷ്യത്തിലെത്തിയല്ലേ മതിയാകൂ!

ഇടയ്ക്ക് സ്വിറ്റ്സർലൻഡിൻ്റെ സാഹസികസിറ്റി എന്ന് അറിയപ്പെട്ടിരുന്ന ഇൻ്റർലേക്കനിൽ ഒരു കാൽനടയാത്ര നടത്തുവാനായി ഞങ്ങളിറങ്ങി. മനോഹരമാണ് ഇൻ്റർലേക്കൻ. അന്താരാഷ്ട്ര സമ്മിറ്റുകളും മീറ്റിങ്ങുകളുമൊക്കെ നിരന്തരം നടക്കുന്ന ഒരു സുഖവാസ കേന്ദ്രവും കൂടിയാണ് ഇൻ്റർലേക്കൻ. ഇന്ത്യയും പങ്കെടുക്കേണ്ടതായ ഒരു കൂട്ടായ്മയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ അവിടെ നടക്കുന്നുണ്ടായിരുന്നു. അതിനായുള്ള സ്ഥിരം വേദിക്കുമുമ്പിൽ പ്രഗത്ഭനായ ചലച്ചിത്ര സംവിധായകനും നിർമാതാവുമായ ശ്രീ. യാഷ് ചോപ്രയുടെ വെങ്കലപ്രതിമ സ്ഥാപിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. സിൽസില, ദിൽവാലേ…(DDLJ) തുടങ്ങി തൻ്റെ ചിത്രങ്ങളിൽ സ്വിറ്റ്സർലണ്ടിൻ്റെ മനോഹരദൃശ്യങ്ങൾ ചിത്രീകരിച്ചതിനുള്ള നന്ദി സൂചകമായി ശ്രീ.ചോപ്രയെ അവർ അവരുടെ ബ്രാൻഡ് അംബാസഡറായിട്ട് തിരഞ്ഞെടുത്തു. അതിൻ്റെ ഭാഗമാണ് ഈപ്രതിമ. ഇന്ത്യക്കാരായ സന്ദർശകരൊക്കെ ആ പ്രതിമയ്ക്ക് ഒപ്പം നിന്ന് ചിത്രങ്ങൾ പകർത്തുന്നുണ്ട്. ഞങ്ങൾ മാത്രമത് ചെയ്യാതിരിക്കുന്നത് ശരിയല്ലല്ലോ, ഇല്ലേ?

മറ്റ് യൂറോപ്യൻ നാടുകളെക്കാളും അധികമായ തുരങ്കപാതകൾ ഉള്ളത് സ്വിറ്റ്സർലൻഡിലല്ലേ എന്നൊരു സംശയം. അഞ്ചു കിലോ മീറ്ററിലും ഏറെ ദൈർഘ്യമുള്ള അടിപ്പാതകളും കണ്ടു. മലകളും കുന്നുകളും അങ്ങനെ നിലനിർത്തി വിദഗ്ദ്ധമായിനിർമ്മിച്ച ചില തുരങ്കപാതകളുടെ ഉള്ളിൽ നിന്നു തന്നെ പല ദിശകളിലേക്കുമായി തിരിയുന്ന അപൂർവ്വ കാഴ്ചയും കണുവാനായി. പ്രകൃതിക്ക് കാര്യമായിട്ട് കോട്ടം വരുത്താതുള്ള നിർമ്മിതികളാണവ.ഒന്ന് മയങ്ങിയുണർന്നാലും ചില തുരങ്കങ്ങൾ അവസാനിക്കില്ല. റോഡിലൂടെ മറ്റ് പലയൂറോപ്യൻ നാടുകളിലും സഞ്ചരിച്ച ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രത്യേകമായി സൂചിപ്പിച്ചത്. വിവാദങ്ങളിൽപ്പെട്ട നമ്മുടെ വാളയാർ തുരങ്കപാതയുടെ അവസ്ഥ ഓർത്തു പോവുകയാണ്. മറ്റുള്ളവരെല്ലാം ഉച്ച മയക്കത്തിലേക്ക് വഴുതി വീണപ്പോഴും ധിലൻ മാത്രം ഉണർവ്വോടെ120 കി.മീറ്റർ വേഗതയിൽ തന്റെ മെഴ്സഡസ് ബെൻസ് പായിക്കുകയാണ്. യാത്ര തുടരുന്നു, ഒപ്പം കാഴ്ചകളും!

സ്വിറ്റ്സർലൻഡ് യാത്രാവിശേഷങ്ങൾ തുടരും..!

രാജൻ രാജധാനി✍

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: