പാരീസ് എന്ന് കേട്ടാൽ നമ്മുടെ ചിന്തയിലേക്ക് വരിക ഈഫൽ ഗോപുരമല്ലാതെ മറ്റെന്താണ്? തീർച്ചയായും അവിടേക്ക് പോകുന്ന ഏതൊരു വ്യക്തിയുടേയും യാത്രാലക്ഷ്യങ്ങളിൽ ഒന്നാകും ലോകാത്ഭുതമായ ഈ ഗോപുരം. അനുദിനവും അനേകായിരങ്ങളാണല്ലോ ഈഫൽ ഗോപുരം സന്ദർശിച്ച് തങ്ങളുടെ ജീവിതാഭിലാഷം തന്നെ സഫലമാക്കുന്നത്. അങ്ങനെ ഞങ്ങളും ഇതാ ആ അത്ഭുതനിർമ്മിതി കണ്ട് ആശ്ചര്യത്തോട് നിൽക്കുകയാണ്. പകൽവെളിച്ചത്തിൽ കണ്ട് മതിയാകാതെ വീണ്ടും രാത്രിയിലും വന്നിട്ടാണ് തൃപ്തിനേടിയത്. രാവിൽ ഗോപുരമാകെ ഒന്നു പോലെ തെളിയാറുള്ള ആ വർണ്ണവിളക്കുകൾ കാണുക രസകരമായ ഒരനുഭവം തന്നെയാണ്. രാത്രിനേരം മണിക്കുറുകൾ ഇടവിട്ട് തെളിയുന്ന ആ വർണ്ണവെളിച്ചം കണ്ടപ്പോഴാണ് സത്യത്തിൽ ഞങ്ങളുടെ യാത്രയ്ക്ക് ഒരു പൂർണ്ണത ലഭിച്ചത്. പൂർണ്ണമായി ഉരുക്ക് ഉപയോഗിച്ചാണ് ഗോപുരം പണിതിട്ടുള്ളത്. ഈഫൽ ഗോപുരത്തിന് തുല്യം നില്ക്കുന്ന മറ്റൊരു നിർമ്മിതി ലോകത്തെങ്ങും ഇല്ല എന്നതാണ് ഇന്നും ഇതിനെ അത്ഭുതമായി നിലനിർത്തുന്നത്.
1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ 100 വർഷങ്ങൾ തികഞ്ഞ 1889 മേയ്മാസം 6-ന് പൂർണ്ണമായും മനുഷ്യ പ്രയത്നത്താൽ പടുത്തുയർത്തിയിട്ടുള്ള ഈ ലോകാത്ഭുതം പൊതുജനങ്ങൾക്കു വേണ്ടി തുറന്നു കൊടുത്തു.അന്ന് പാരീസിൽ നടത്തിയ ഒരു അന്താരാഷ്ട്ര വ്യാവസായിക മേളയ്ക്കായി രണ്ടു വർഷവും രണ്ട് മാസവും രണ്ട് ദിവസവും കൊണ്ടാണ് ഗോപുരം യാഥാർത്ഥ്യമാക്കിയത്. ഗുസ്താവ് ഈഫൽ എന്ന എഞ്ചിനീയറാണ് ഈ ഗോപുരശില്പി.1060 അടി അഥവാ 322 മീറ്ററാണ് ഇതിന്റെ ഉയരം. ഈ ഗോപുരത്തിന്റെ ഏറ്റവും മുകളിൽ നിന്നു നോക്കിയാൽ 75 കിലോമീറ്റർ ചുറ്റളവിലുള്ള കാഴ്ചകൾ കാണുവാൻ കഴിയും. സഞ്ചരികളെ ഇവിടേയ്ക്ക് ആകർഷിക്കാനുള്ള പ്രധാനകാരണവും അതുതന്നെയാണ്.ഇതിൻ്റെ ഏറ്റവും താഴെയായി അനേകംപേർക്ക് ഒന്നായി ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഒരു റസ്റ്റോറന്റ് പ്രവർത്തിക്കുന്നു. 1700 പടികൾ ചവിട്ടിക്കയറി ഏറ്റവും മുകളിലെത്താം. സദാ പ്രവർത്തിക്കുന്ന ലിഫ്റ്റ് വഴിയും മുകളിലേക്ക് പോകാം. തികഞ്ഞ ആത്മധൈര്യമുണ്ടെങ്കിൽ ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി മുകളിലെത്തി സംതൃപ്തി നേടാം. അല്ലാത്തപക്ഷം താഴെനിന്ന് കാണാനേ കഴിയുകയുള്ളൂ!
അടുത്ത പ്രഭാതത്തിൽ പാരീസിലെ ‘ഹോളീഡേ ഇൻ’ ഹോട്ടലിൽ നിന്നും ഞങ്ങൾ മടങ്ങുമ്പോൾ സാരഥിയായ ധിലൻ്റെ നിർദ്ദേശം അനുസരിച്ച് ലോകത്തെ പ്രശസ്തർ താമസ്സിച്ചിട്ടുള്ള ‘റിറ്റ്സ് ‘ ഹോട്ടലിന്റെ പരിസരത്തായി ഞങ്ങളുടെ കാർ നിർത്തി. 1898-ൽ ആരംഭിച്ച ഈ ഹോട്ടലിലാണ് ഡയാന രാജകുമാരി കൊല്ലപ്പെടുംമുമ്പുള്ള ആ രണ്ടു ദിവസം താമസ്സിച്ചിരുന്നത്. ഇവിടെ നിന്നും പുറത്തേക്ക് പോയപ്പോഴാണ് ‘പപ്പരാസികളിൽ’ നിന്ന് രക്ഷപ്പെടാനായി കാർ അതിവേഗത്തിൽ പോയി അപകടത്തിൽപ്പെട്ട് കാമുകനോടൊപ്പം കൊല്ലപ്പെടുന്നത്. അതിനാൽ ഹോട്ടൽ റിറ്റ്സ് ഒഴിവാക്കാതെ അതിന് മുമ്പിൽ നിന്ന് ഏതാനും ഫോട്ടോകൾ ഫോണിൽ പകർത്തുവാനും ഒരു കാരണമായി ഞങ്ങൾക്ക്. വിശാലമായിട്ടുള്ള മൈതാനത്തിന്റെ ഓരത്താണ് രാജകീയമായ ഈ ഹോട്ടൽ നിലകൊള്ളുന്നത്. ആ മൈതാന മധ്യത്തിലായുള്ള യുദ്ധസ്മാരകം പൂർണ്ണമായും ഉപയോഗശേഷമുള്ള വെടിയുണ്ടകൾ കൊണ്ട് നിർമ്മിച്ചതാണെന്ന് ധിലൻ പറഞ്ഞു തന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരസമാനമായ ക്രിസ്ത്യൻ ദേവാലയങ്ങളാൽ സമൃദ്ധമാണല്ലോ പാരീസ്. അടുത്ത സമയത്ത് ഭീകരവാദികളുടെ ആക്രമണമുണ്ടായ നൊട്രേഡാം കത്തീഡ്രലിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നതും കണ്ടു. സൈൻ നദിയിലെ ക്രൂസ് യാത്രയിലൂടെ അതെല്ലാം അടുത്തുകാണുവാൻ കഴിഞ്ഞു. സീൻനദീ തീരത്തു തന്നെയാണ് ആ പ്രശസ്തമായ കത്തീഡ്രൽ നിലകൊള്ളുന്നതും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രൗഢഗംഭീരമായ ഒന്നിലധികം പള്ളികളുടെ ഉള്ളിൽ പ്രവേശിച്ച് പ്രാർത്ഥനാനിർഭരമായിട്ടുള്ള അന്തരീക്ഷത്തെ അടുത്തറിയാൻ അനുവാദം ലഭിച്ചു. പള്ളിയുടെ ഉയർന്ന മകുടത്തിനുള്ളിലും ഭിത്തികളിലുമായി വരച്ചുചേർത്തിട്ടുള്ള ചിത്രങ്ങൾ യേശുദേവന്റെ ശ്രേഷ്ഠമായ വചനങ്ങൾ അടയാളപ്പെടുത്തിയ അനശ്വര നിമിഷങ്ങളുടേതാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ വർണ്ണചിത്രങ്ങളുടെ തിളക്കം അത്ഭുതകരമാണ്. അങ്ങനെ ആരാധനാലയ സന്ദർശനത്തോടെ പാരീസിനോട് വിടപറഞ്ഞ് ഞങ്ങൾ ബെൽജിയത്തിലെ ബ്രസൽസ് നഗരം ചുറ്റിയടിച്ച് വീണ്ടും സ്വന്തം നെതർലണ്ടിലേക്ക് പോവുകയാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ വിശേഷങ്ങളും താമസ്സിയാതെ പ്രതീക്ഷിക്കാം.
യൂറോപ്പ് കാഴ്ചാവിശേഷങ്ങൾ തുടരും..!
രാജൻ രാജധാനി✍