പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകൾക്ക് മദ്ധ്യേ ഹോളണ്ട് എങ്ങനെയായിരുന്നു എന്നത് അതേ പോലെ ഇന്നും നമുക്ക് കണ്ടറിയാനാവുന്ന ഇടം; അതാണ് Zaanse Schans. സാൻനദീതീരത്തുള്ള വടക്കൻഹോളണ്ടിൽ 18,19 നൂറ്റാണ്ടുകളിൽ 600 കാറ്റാടിയന്ത്രങ്ങൾ വരെ പ്രവർത്തിപ്പിച്ചിരുന്നു. അവയായിരുന്നു ഹോളണ്ടിന്റെ വ്യാവസായിക പുരോഗതിയുടെ അടിസ്ഥാനവും. വിലയേറിയ നിരവധി ഉൽപന്നങ്ങൾ നിർമ്മിച്ചിരുന്നതും ഈ യന്ത്രങ്ങളുടെ സഹായത്താലാണ്.ഡച്ചിൻ്റെ ആ വ്യാവസായിക പാരമ്പര്യം അതേപോലെ തന്നെ ഇന്നും നമുക്ക് കാണാനും അനുഭവിച്ചറിയാനും കഴിയുന്ന വളരെ വിശാലമായ ഓപ്പൺ എയർ മ്യൂസിയം ഇവിടെ ഒരുക്കിയിട്ടുണ്ട്. കാറ്റാടി മില്ല്, പഴയകാല വെയർ ഹൗസുകൾ, വർക്ക് ഷോപ്പ്, സ്റ്റോറുകൾ തുടങ്ങി നാടൻ പൈതൃകക്കാഴ്ച വരെ അതേ പോലെ തന്നെ ഇവിടെയും അവർ സജ്ജീകരിച്ചിട്ടുണ്ട്. ഹോളണ്ടിന്റെ പഴയകാല പ്രൗഢി ഓരോകാഴ്ചയിലും തൊട്ടറിയാനാകും.
വടക്കൻ ഹോളണ്ടിൽ അവശേഷിച്ചിരുന്ന പഴയ എട്ട് ഭീമൻ വിൻഡ് മില്ലുകൾ വലിപ്പമേറെയുള്ള ട്രക്കുകളിലും ബോട്ടുകളിലുമായിട്ടാണ് നമ്മൾ ഇന്നു കാണുന്ന മനോഹരവും ഹരിതാഭവുമായ ഇവിടെ എത്തിച്ചത്.തോടുകളും പുഴകളുമെല്ലാം ആ ഭൂപ്രദേശത്തിൻ്റെ സ്വാഭാവിക ചന്തത്തിൻ്റെ മാറ്റ് കൂട്ടുന്നുമുണ്ട്. പഴയകാലത്ത് ഹോളണ്ടിൽ എങ്ങനെയായിരുന്നു പെയിൻ്റും, ബിസ്ക്കറ്റും, ബ്രെഡും, ചീസുമൊക്കെ നിർമ്മിച്ചിരുന്നതെന്ന് ആ മില്ലുകൾ ഇന്നും നമുക്ക് കാട്ടിതരികയാണ്. അതിൻ്റെ ആ പ്രവർത്തനം ഇന്ന് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നാം. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന കാറ്റിനെയാശ്രയിച്ച് പ്രവർത്തിക്കുന്ന ആകൂറ്റൻ കാറ്റാടിമില്ലുകൾ ഇപ്പോഴും അതിൻ്റെ പ്രവൃത്തി തുടരുകയാണ്, കൃത്യതയോടു തന്നെ. പതിനേഴാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ബേക്കറി, നെതർലാൻഡിലെ സമയക്രമത്തിൻ്റെ ചരിത്രം ഇവയെല്ലാം ആ മ്യൂസിയത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ഹോളണ്ടിലെ ഏറ്റവും പ്രശസ്തമായ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ആൽബർട്ട് ഹെയിനിൻ്റ ആദ്യശാഖയും ഇവിടെ സ്ഥിതിചെയ്യുന്നു. 1887-ൽ സ്ഥാപനം അതിന്റെ പ്രവർത്തനമാരംഭിച്ചപ്പോൾ ലഭ്യമായിരുന്ന പല ജനപ്രിയ ഉല്പന്നങ്ങളും ഇപ്പോഴും ഇവിടെ നിന്നും ലഭിക്കുമെന്നത് പ്രത്യേകം പറയേണ്ടതുണ്ട്.
Zaanse Schans-ൽ പരമ്പരാഗത രീതിയിലിന്നും നിർമ്മിക്കുന്ന ചീസിൻ്റയും ബിസ്ക്കറ്റിൻ്റെയും രുചി നുണഞ്ഞ്,ഡച്ചുകാരുടെ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ജീവിതരീകൾ കണ്ടറിഞ്ഞ്, ഞങ്ങളും യാത്ര തുടരുകയാണ്. പശുവളർത്തൽ, പാൽ സംഭരണം തുടങ്ങിയവയിൽ ഡച്ചുകാർ അന്നും ഇന്നും മുൻപന്തിയിലാണ്. പാലിൽനിന്നും ഇവർ ഉത്പാദിപ്പിക്കുന്ന ചീസ് ലോക പ്രശസ്തമാണ്. ഇവരുടെ പ്രധാന ആഹരം ഈ ചീസും ബ്രെഡും തന്നെയാണ്. അതിനാൽ ഏതു വിപണിയിലും വിവിധ രുചിയിലുള്ള ചീസുകൾക്ക് മുൻഗണന നൽകുന്നതായി നമുക്ക് കാണാം. പഴയ കാലം അവർ പശുക്കളെ എങ്ങനെയാണ് വളർത്തി പാൽസംഭരണം നടത്തിരുന്നതെന്ന് വ്യക്തമായി മനസ്സിലാക്കിത്തരാനുള്ള വിവിധ മാതൃകകൾ ഇവിടെയുമവർ ഒരുക്കിയിട്ടുണ്ട്. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളാൽ എപ്പോഴും ഇവിടം സജീവമാണ്. വിസ്തൃതമായ ഇവിടെ ബോട്ടിങ്ങിനുള്ള സൗകര്യവും ലഭ്യമാണ്. എല്ലായിടവും ദൃശ്യഭംഗി നിറഞ്ഞുനിൽക്കുന്നു; അതിനാൽ അത് തങ്ങളുടെ മൊബൈലിലോ ക്യാമറയിലോ പകർത്താനുള്ള തിരക്കിലാണ് സഞ്ചാരികൾ.
700 വർഷം പഴക്കമുള്ള ആംസ്റ്റർഡാമിൻ്റെയും നെതർലാൻഡിൻ്റെയും കാഴ്ചകൾ കണ്ടാലും കണ്ടാലും തീരാത്തതും, എത്ര തവണ നമ്മൾ ഇവിടേയ്ക്ക് വന്നാലും മതിവരാത്തതുമാണ്. അനേകമനേകം മനോഹര കനാലുകളാലാണ് പ്രകൃതി ഈനാടിനെ ഒരുക്കിയെടുത്തിട്ടുള്ളത്. അവയിലെവിടെയും ഒരു പായലോ പ്ലാസ്റ്റിക്ക് അവശിഷ്ടമോ കാണാനാവില്ല. അത്രത്തോളം ശ്രദ്ധയോടും പ്രതിബദ്ധതയോടും കൂടിയാണ് ഇവിടെയുള്ളവർ ഈ മനോഹര തീരത്തിൻ്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നത്. ഇവിടുത്തെ വൃദ്ധിയും ശാന്തതയും അനുഭവിക്കുന്ന ആരും അതിന് വിരുദ്ധമായി പ്രവർത്തിക്കില്ല എന്നത് ഉറപ്പാണ്.ഇവിടെയും ജനാധിപത്യം തന്നെയാണ് നിലവിലുള്ളത്, നമ്മുടെ നാട്ടിലും അതു തന്നെ. പക്ഷേ, വൃദ്ധിയുടെ കാര്യത്തിൽ നാം എത്രയോ കാതങ്ങൾ പിന്നിലാണ്. ഇച്ഛാശക്തിയുള്ളവർ അധികാരസ്ഥാനങ്ങളിൽ ഉണ്ടാവുകയും, ഒപ്പം പൊതുജനത്തിൻ്റെ മാനസികമായ മാറ്റത്തിന് ഉതകുന്ന പരിപാടികൾ ആവിഷ്കരിക്കുകയും, ആവശ്യമെങ്കിൽ അതിനായി പുതു നിയമങ്ങൾ തന്നെ നടപ്പിൽ വരുത്തുകയും വേണം. അതിന് അവശ്യം വേണ്ടതോ സങ്കുചിത രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള തൻ്റേടവും ഭാവനയുമാണ്. അതില്ലാത്ത കാലത്തോളം ഇതെല്ലാം സ്വപ്നം മാത്രമായി അവശേഷിക്കും!
ഇതേ പോലെയുള്ള വിദേശ രാഷ്ട്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് നമ്മൾ മാനസികമായി മാത്രമല്ല ശുചിത്വത്തിലും വളരെ മുമ്പോട്ടേക്ക് പോകാനുണ്ടെന്ന് മനസ്സിലാവുക.എന്നും ഒന്നും രണ്ടും തവണ കുളിക്കുന്നവരെന്ന് പറഞ്ഞിട്ടും കാര്യമില്ല. സ്വന്തം വീട്ടിലെ മാലിന്യം അന്യൻ്റെ പറമ്പിലോ ജലാശയങ്ങളിലോ എറിയുകയാണ് നമുക്ക് ശീലം. ശരീരംമാത്രം എന്നും വൃദ്ധിയായി സൂക്ഷിച്ചിട്ടെന്തു കാര്യം,മനസ്സും വൃദ്ധിയായാലേ നമ്മുടെ വീടിന്റെ മുറ്റംപോലെ പൊതുനിരത്തും വൃദ്ധിയായി സൂക്ഷിക്കണമെന്ന ആ ചിന്തയും ഉള്ളിൽ ഉണ്ടാവുകയുള്ളു! അതിനായിട്ട് നമ്മൾ പതിറ്റാണ്ടുകളിനിയും കാത്തിരിക്കേണ്ടി വരാം. ഇടയ്ക്കിടെ നമ്മുടെ ഭരണാധികാരികളൊക്കെ എന്തൊക്കയോ പഠിക്കാനുണ്ടെന്ന് പറഞ്ഞല്ലേ ഇവിടേയ്ക്ക് വരിക. എന്നിട്ട് എന്തെങ്കിലുമവർ പഠിച്ചതായോ നാട്ടിൽ നടപ്പാക്കിയതായോ ഒരു അറിവും നമുക്കില്ല; ഒക്കെയും ഖജനാവിലുള്ള ലക്ഷങ്ങൾ പൊടിക്കാനുള്ള തന്ത്രങ്ങൾ മാത്രം.
യാത്രകൾ തുടരുകയാണ് വിശേഷങ്ങൾക്കായി കാത്തിരിക്കൂ..!
രാജൻ രാജധാനി✍