Pebble River Jeep Drive
Pebble River Jeep Drive, ഗംഗാനദിയും എണ്ണമറ്റ ചെറുതും വലുതുമായ അരുവികൾ ആ നാഷണൽ പാർക്കിനെ സമ്പന്നവും വൈവിധ്യ പൂർണ്ണവുമാക്കിയിട്ടുണ്ട്. പൊട്ടിച്ചിരിക്കുന്ന പുഴയുടെ അരികിലൂടെയും നാണം കുണുങ്ങിയൊഴുകുന്ന പുഴയെ മുറിച്ചു കടന്നുമുള്ള യാത്രകൾ വേറിട്ട അനുഭവമാണ്. പുഴയോട് ചേർന്നുള്ള ചില ഭാഗത്ത് ഇടി – മിന്നലിന്റെ ഭാഗമായി നശിച്ചു പോയ മരങ്ങൾ കാണാം. അതിൽ വന്നിരിക്കുന്ന പക്ഷികളും പശ്ചാത്തലത്തിലുള്ള കുന്നുകളും മനോഹരമായ കാഴ്ച സമ്മാനിക്കുന്നു.
സാഹസിക യാത്രയും ക്ഷേത്ര സന്ദർശനവും കൂടി ഒരുമിച്ച് ആയാലോ , അത്തരമൊരു യാത്രക്ക് പ്രസിദ്ധമായ ക്ഷേത്രമാണ് ‘വിന്ധ്യ വാസിനി’, ദുർഗ്ഗാ ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം , രാജാജി നാഷണൽ പാർക്കിന്റെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഒറ്റപ്പെട്ടതാണ്. ബ്രിട്ടീഷ് ഭരണക്കാലത്ത് നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഒളിച്ചിരുന്ന സ്ഥലമായും അറിയപ്പെടുന്നുണ്ട്. വളരെ പുരാതനമായ ഈ ക്ഷേത്രം ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പ്രകൃതി ഭംഗിക്കും മൂന്നു നദികളുടെ കാഴ്ചകൾക്കും ഈ ക്ഷേത്രം വളരെ പ്രസിദ്ധമാണ്.
ഭക്തിക്ക് നമ്മൾ കാണാത്ത ഒരു വശം കൂടിയില്ലേ എന്നു തോന്നിപ്പോയി ആ ചായക്കട കണ്ടപ്പോൾ. രാവിലെ തന്നെ സമോസയും പലതരം ഭക്ഷണങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണവർ. ഈ കാട്ടിനുള്ളിൽ ‘ആര് വരാനാണ്?’ എന്ന ചോദ്യത്തിന്, ക്ഷേത്രത്തിൽ വരുന്നവർക്കാണെന്നാണ് മറുപടി. എന്തായാലും സമോസയും ഇഞ്ചിയിട്ടുള്ള ചായയുമായി ഞങ്ങളുടെ ഉന്മേഷം വീണ്ടെടുത്തു.
കാടിന്റെ ഉള്ളിലാണെങ്കിലും ടെക്നോളജിയുടെ കാര്യത്തിൽ അവരും ഒട്ടും പുറകിലല്ല എന്ന മട്ടിലാണ്. ഗോതമ്പും മറ്റു ധാന്യങ്ങളും പൊടിപ്പിക്കുന്ന മിൽ പ്രവർത്തിപ്പിക്കുന്നത് അതിനടുത്ത് കൂടെ ഒഴുകുന്ന അരുവിയിലെ വെള്ളത്തിന്റെ ശക്തി ഉപയോഗിച്ചാണത്ര. തണുപ്പ് കാലത്ത് ശരീരത്തിന് ചൂട് കിട്ടാനായി ആട്ടയുടെ കൂടെ ‘മഞ്ചു വാ’ ഇട്ടാണ് പൊടിക്കുന്നത്. ‘മഞ്ചുവാ’ കണ്ടാൽ റാഗി പോലെയുണ്ടെങ്കിലും അവരുടെ ഭാഷയിലെ മഞ്ചുവായും ഞങ്ങളുടെ ഭാഷയിലെ റാഗിയുടെയും സാമ്യം കണ്ടു പിടിക്കുന്ന തിരക്കിലായി. പിന്നീട് ഗൂഗിളുമായിട്ടുള്ള ആശയവിനിമയത്തിന്റെ ഭാഗമായി അതു രണ്ടും ഒരേ സാധനമാണ്.
ടെക്നോളജിയുടെ കാര്യത്തിൽ ഞങ്ങളും മോശമല്ല എന്ന് സ്വയം അങ്ങനെ സമാധാനിച്ചു. തണുപ്പു കാലത്ത് റാഗി ശരീരത്തിന് ചൂട് തരും എന്നത് പുതിയ അറിവായിരുന്നു.
നവംബർ മുതൽ ജൂൺ വരെയാണ് രാജാജി നാഷണൽ പാർക്ക് സന്ദർശിക്കാൻ അനുയോജ്യമായ സമയം. മഴക്കാലത്ത് പാർക്ക് അടച്ചിടും. മൃഗങ്ങളായ ആനകളേയും പുലികളേയും
കാണുന്നതിനെ കുറിച്ച് പല അഭിപ്രായമാണ്. വേനൽക്കാലത്ത് വശങ്ങളിലെ പച്ചപ്പ് വരണ്ടുണങ്ങന്നതു കൊണ്ട് മൃഗങ്ങളെ കാണാനുള്ള ചാൻസ് കൂടുതലാണെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ഇവരെയൊക്കെ കാണാനായി കാട്ടിലൊന്നും പോകേണ്ട അവർ ചിലപ്പോൾ നാട്ടിലേക്ക് ഇറങ്ങാറുണ്ടെന്നാണ് മറ്റു ചിലർ. എന്തായാലും പ്രകൃതിരമണീയത കനിഞ്ഞ് അനുഗ്രഹിച്ചിട്ടുള്ള ഈ പാർക്ക് പ്രകൃതി സ്നേഹികൾക്ക് ഒരു പറുദീസയാണെന്ന് പറയാതെ വയ്യ!
നല്ലയൊരു അവധിക്കാലം സമ്മാനിച്ച ഉത്തരാഖണ്ഡിനോട് യാത്ര പറഞ്ഞ്, ഞങ്ങൾ തിരിച്ചു താമസ്ഥലത്തേക്ക് ……
Thanks
റിറ്റ, ഡൽഹി
റിറ്റ തയ്യാറാക്കിയ “ഉത്തരാഖണ്ഡ് യാത്രാ വിവരണം” ഇവിടെ അവസാനിക്കുന്നു. അടുത്ത ആഴ്ചമുതൽ ഡൽഹിയെ കുറിച്ചുള്ള യാത്രാ വിവരണം ‘ദില്ലി ദർശൻ’ ആരംഭിക്കുന്നു.