Rajaji National Park
മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരത കാണുകയും അതേ കുറിച്ചുള്ള വാർത്തകൾ കേൾക്കുകയും വായിക്കുകയും ചെയ്യുമ്പോൾ , ഇവരെല്ലാം സംഘടിച്ച് നമുക്ക് എതിരെ തിരിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. എന്തായാലും ഇവിടെ ഭാവനയിൽ എന്തു സംഭവിക്കുമെന്ന് ഓർക്കാനൊന്നും സമയമില്ല. കുരങ്ങന്മാരെല്ലാം സംഘടിതരാണ്. ഭക്ഷണം കഴിക്കാനുള്ള കടയോട് ചേർന്നുള്ള മേശയും കസേരകൾക്കും ചുറ്റുമായി ലോഹം കൊണ്ടുള്ള നെറ്റ് ഇട്ടിരിക്കുകയാണ്.ശരിക്കും നമ്മൾ കൂടിനകത്തായതു പോലെ. .
കൂടിനായി ഇട്ടിരിക്കുന്ന നെറ്റിൽ പിടിച്ച് നമ്മളെ നോക്കുകയും ശബ്ദമുണ്ടാക്കുകയും പല്ല് കാണിച്ച് പേടിപ്പിക്കാനും അവർക്ക് മടിയില്ല. ബഹളം കൂടുമ്പോൾ കടയിലുള്ളവർ വലിയ വടിയായിട്ട് എല്ലാവരേയും ഓടിക്കും. കുറച്ചു സമയത്തേക്ക് ശാന്തത. പിന്നെയും തഥൈവ. നമ്മുടെ കൈയ്യിലെ ബാഗ് തട്ടിപ്പറിക്കാനും ഫോട്ടോ എടുക്കുമ്പോൾ മൊബൈൽ കൊണ്ട് ഓടാനും അവർക്ക് മടിയില്ലായെന്നാണ് നാട്ടുകാർ പറയുന്നത്. ഉത്തരാഖണ്ഡിലെ രാജാജി നാഷണൽ പാർക്കിനടുത്തുള്ള ചില്ല എന്ന സ്ഥലത്തെ വഴിവക്കിലെ ഭക്ഷണശാലയിൽ നിന്നുള്ള അനുഭവമാണിതൊക്കെ.
ഋക്ഷികേശിന്റെയും ഹരിദ്വാറിന്റെയും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ‘ചില്ല’ എന്ന സ്ഥലം.ഇന്ത്യയിലെ രാജാജി നാഷണൽ പാർക്കിന്റെ ഭാഗവും ഒരു വന്യ പ്രദേശവുമാണ്.
ഇവിടെയുള്ള അണക്കെട്ടും പവർ ഹൗസുമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. 1974 യിൽ ആരംഭിച്ച് 1980 – യിൽ പൂർത്തീകരിച്ചു.
ഇതിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസിലായിരുന്നു ഞങ്ങളുടെ താമസം. തടി കൊണ്ട് ഉണ്ടാക്കിയിട്ടുള്ള കോട്ടേജുകളും പൂന്തോട്ടത്തിന്റെ മനോഹാരിതയും ഗസ്റ്റ് ഹൗസിനടുത്തായിട്ടുള്ള അണക്കെട്ടിലെ വെള്ളം ഒഴുകുന്നതും സർക്കാർ ഗസറ്റ് ഹൗസുകളും ഒട്ടും മോശമല്ല എന്ന് പറയുന്ന കൂട്ടത്തിൽ പോക്കറ്റിലെ പഴ്സ് കാലിയാകുന്നതും വളരെ സാവധാനമാണെന്ന സമാധാനവുമുണ്ട്.
പക്ഷെ
‘photography stricely prohibited’ എന്ന ബോർഡ് കണ്ടപ്പോൾ, സർക്കാരിന്റെ അല്ലെ, എന്ന പതിവു വാചകം ചൊല്ലാതെ വയ്യല്ലോ?
ഉത്തരാഖണ്ഡിലെ മൂന്നു ജില്ലകളിലായി 820 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ് രാജാജി ദേശീയോദ്യാനം . വിനോദ സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും സന്തുലിതമാക്കുന്നതിനുമായി പ്രധാനമായും നാല് സഫാരി സോണുകളുണ്ട്. തുറന്ന ജിപ്സി ജീപ്പിലുള്ള ജംഗിൾ സഫാരിയാണുള്ളത്. ആനക്കൂട്ടങ്ങൾ, പുലികൾ, പുള്ളിമാൻ, കടുവ —- മൂന്നൂറിലധികം ഇനങ്ങളിൽ പെട്ട പക്ഷികളും ഇവിടെയുണ്ട്.
രാവിലെയും വൈകുന്നേരമാണ് കാട്ടിൽ കൂടി യാത്ര ചെയ്യാവുന്ന സഫാരി . മൂന്നു – നാലു മണിക്കൂറിലെ യാത്രയാണ്. രണ്ടു സൈഡും വനങ്ങളും അതിന് നടുവിലൂടെയുള്ള ഓഫ് റോഡ് യാത്ര, അമ്പരപ്പും ഭീതിയുമാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് മൃഗങ്ങളെയൊന്നും കാണാതായപ്പോൾ animal planet tv യിൽ കണ്ടിട്ടുള്ള ചില tips വെച്ച് ഏതെങ്കിലും മൃഗങ്ങൾ അടുത്തുണ്ടോ എന്ന ഗവേഷണത്തിലായി. അടുത്ത കാലത്തുണ്ടായിരുന്ന മഴ കൊണ്ടായിരിക്കാം ഇരുവശങ്ങളും ഇടതൂർന്ന പച്ചപ്പ് ആയിരുന്നു. വണ്ടിയുടെ ശബ്ദം കാരണം അവിടെയവിടെയായി നിന്നിരുന്ന മാനുകളും കാട്ടുപന്നിയും മറ്റും ഓടി മറഞ്ഞു. മൃഗങ്ങളെ കാണാത്തതു കൊണ്ട് കാട്ടിലുള്ള മരങ്ങളെ കുറിച്ചുള്ള വിവരണം തുടങ്ങി ഗൈഡ്. എട്ടുകാലി ഉണ്ടാക്കിയ giant spider web യായിരുന്നു പിന്നെ കണ്ട കൗതുകം. ഒരു ദിവസം കൊണ്ടാണ് അതുണ്ടാക്കുന്നത്.
പിറ്റേദിവസത്തെ രാവിലത്തെ സഫാരിക്കും ഞങ്ങൾ പോയിരുന്നു. ആനയ്ക്ക് ഇഷ്ടമുള്ള ഏതോ മരത്തിന്റെ അടുത്ത് കുറെ സമയം കാത്ത് നിന്നെങ്കിലും അവരൊക്കെ പിണക്കത്തിലാണെന്ന് തോന്നുന്നു.
Thanks
റിറ്റ ഡൽഹി.