ഡൽഹിയിലെ കുറച്ചു മന്ദിറിനെക്കുറിച്ചൊക്കെ പറഞ്ഞെങ്കിലും ഡൽഹിയിൽ തന്നെ ഒരു ചെറിയ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന, തമിഴ് നാട്ടിലെ മുരുകന്റെ ആറ് വാസസ്ഥലങ്ങളെ ഓർമ്മിപ്പിക്കുന്ന ഉത്തര സ്വാമി മലൈ ക്ഷേത്രത്തെക്കുറിച്ചാണ് ഇന്നത്തെ വിവരണം.
മലൈ മന്ദിർ എന്നുമറി യപ്പെടുന്ന ഈ മന്ദിറിലെ പ്രധാന പ്രതിഷ്ഠ മുരുകൻ (ശ്രീ സ്വാമിനാഥൻ) ആണ്. ഈ ക്ഷേത്രം ഏറ്റവും കൂടുതൽ സന്ദർശിക്കുന്നത് തമിഴ്, തെലുങ്ക്, കന്നഡ , മലയാളം സംസാരിക്കുന്ന സമുദായത്തിലുള്ള ഒരു കൂട്ടം ഭക്തരാണ്.
1965ൽ തറക്കല്ലിട്ട ക്ഷേത്രം 1973 ട് കൂടി പൂർത്തീകരിക്കപ്പെട്ടു. ഈ ക്ഷേത്ര സമുച്ചയത്തിൽ പിന്നീടുള്ള കാലഘട്ടത്തിൽ ശ്രീ വിനായകൻ, ശ്രീ.സുന്ദരേശ്വര, മീനാക്ഷി, നവഗ്രഹ സന്നിധി, ആദി ശങ്കരാചാര്യ എന്നിവരുടെ ക്ഷേത്രങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. പൂർണ്ണമായും ഗ്രാനൈറ്റ് കല്ലിൽ നിർമ്മിതമായിട്ടുള്ള ഈ മലൈ മന്ദിർ ദക്ഷിണേന്ത്യൻ വാസ്തു വിദ്യാ ശൈലികളാൽ അലംകൃതമാണ്. മധുര ക്ഷേത്രങ്ങളുമായി സാമ്യമുള്ള ഈ ക്ഷേത്രം ചോള രാജവംശത്തിലെ ക്ഷേത്ര വാസ്തുവിദ്യയെ അനുസ്മരിപ്പിക്കുന്ന ഒരു ശൈലിയിലാണ്.
മലൈ മന്ദിർ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ക്ഷേത്ര സമുച്ചയം “മലൈ”(പർവ്വതം / ഹിൽ) എന്ന ഹിന്ദി പദമായ ” “മന്ദിർ”(ക്ഷേത്രം) എന്ന ഹിന്ദി പദവുമായി സമന്വയിപ്പിച്ച ഒരു തമിഴ് പദമാണ്.
പ്രധാന ക്ഷേത്രത്തിന് പുറത്തുള്ള ബോർഡിൽ തമിഴിൽ എഴുതിയിരിക്കുന്നത് കാണാം, ഭഗവാൻ സ്വാമിനാഥയുടെ മുദ്രാവാക്യമായ “യാമിരിക്ക ബയാ മൈൻ “അതായത് “ഞാൻ അവിടെയിരിക്കുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത്” എന്ന്.
കുന്നിൻ മുകളിലെ കാഴ്ചയും മയിൽ പ്രതിമകളും ഇവിടുത്തെ മനോഹാരിതയാണ്.
1961ൽ സ്വാമിനാഥന്റെ ഭക്തരിൽ ഒരാൾക്കുണ്ടായ സ്വപ്നത്തെ തുടർന്നാണ് ഈ ക്ഷേത്രം നിലവിൽ വന്നത്.
“ഒരു ക്ഷേത്രം കുന്നുകൾക്ക് മുകളിൽ ഉയരുമെന്നും അത് തന്റെ വാസസ്ഥലമായി മാറുമെന്നും സ്വാമിജി പറഞ്ഞു”.
ഹിന്ദുമതത്തിൽ മയിലിനെ സ്വാമിനാഥന്റെ വാഹനമായി കണക്കാക്കുന്നതുകൊണ്ട് തന്നെ ക്ഷേത്രം വളർത്തുമൃഗമായി മയിലിനെ സ്വകരിക്കുകയുണ്ടായി.
2007 എന്ന വർഷം ക്ഷേത്രത്തിന്റെ വാർഷികത്തിൽ അതുല്യമായിരുന്നു. സ്വാമി നാഥ സ്വാമിയുടെ വിശുദ്ധ നാമാവലിയുടെ ഒരു കോടി പാരായണങ്ങൾ 120 ദിവസം തുടർച്ചയായി പന്ത്രണ്ട് പണ്ഡിത ശിവാചാര്യന്മാർ ശ്രുതി മധുരമായി യോജിച്ച് ചേർന്ന് ഉച്ഛരിക്കുകയുണ്ടായി. ഏകകോടി അർച്ചനകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഫലമാണ് ക്ഷേത്ര പവിത്രതയും, മഹത്വവും വർദ്ധിച്ചതെന്നാണ് ജനങ്ങളുടെ പരമമായ വിശ്വാസം.
ഉത്തര സ്വാമിമലൈ ക്ഷേത്രം എല്ലാ ദിവസവും 6.00 am മുതൽ 9.00 pm വരെ തുറന്നിരിക്കും. മാർച്ച് 1 മുതൽ നവംബർ 30 വരെയും വേനൽക്കാലങ്ങളിൽ സമയം 6.30 am 12.00 pm വരെയും വൈകീട്ട് 4.00 pm മുതൽ 8.00
pm വരെയുമാണ്.
ആർ. കെ പുരത്തിന്റെ സെക്ടർ 7 ൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് മെട്രോ മാർഗം എളുപ്പം എത്തിച്ചേരാം. കൂടാതെ ക്ഷേത്രത്തിലേക്ക് ഏകദേശം 2 കിലോമീറ്റർ അകലെയുള്ളതിനാൽ വസന്ത് വിഹാറിൽ ഇറങ്ങി വാഹനം വഴിയും പോകാവുന്നതാണ്.
ശില്പം , പെയിന്റിംഗ് കൂടാതെ പരിസ്ഥിതിയും ശാന്തവും മനോഹരവുമാണ്. ദക്ഷിണേന്ത്യൻ കല, സംസ്ക്കാരം, വാസ്തു വിദ്യ എന്നിവ ഇഷ്ടപ്പെടുന്നവർക്ക് ഈ ക്ഷേത്രദർശനം സന്തോഷമെന്നതിലുപരി ഒരു നേട്ടവുമായിരിക്കും.
വിദേശത്ത് നിന്നും, ഇന്ത്യയിൽ നിന്നുമുള്ള എല്ലാതരത്തിലുള്ള ആളുകളേയും ആകർഷിക്കുന്ന ഡൽഹിയുടെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ മലൈ മന്ദിർ ക്ഷേത്രം.
✍ജിഷ ദിലീപ്