പ്രകൃതിദത്തമായ ഒരു ഗുഹയും ഹിന്ദു ക്ഷേത്രവുമാണ് ജടാശങ്കർ , ഇതിൽ ജട – മുടിയും ശങ്കർ – പരമശിവന്റെ മറ്റൊരു പേരുമാണ്.
ഭസ്മാസുരന്റെ കോപത്തിൽ നിന്നും ശിവൻ മറഞ്ഞ സ്ഥലമാണെന്നും വിശ്വസിക്കപ്പെടുന്നു.
വലിയ പാറക്കെട്ടുകളുള്ള ആഴത്തിലുള്ള മലയിടുക്കിലാണ്.
അവിടേക്ക് എത്താനായി ഏകദേശം ഒരു കിലോമീറ്ററെങ്കിലും നടക്കണം , കൂട്ടത്തിൽ കുത്തനെയുള്ള പടികളും. എല്ലാം കൂടെയായി അവിടെ എത്തുമ്പോഴേക്കും മടുക്കുമെങ്കിലും പ്രകൃതി ഒരുക്കിയിരിക്കുന്ന ആ മനോഹരക്കാഴ്ച ആശ്ചര്യജനകം തന്നെ എന്നു പറയാതെ വയ്യ!
ക്ഷേത്രത്തിന്റെ മേൽത്തട്ടിന് പുരാണത്തിലെ നൂറ് തലയുള്ള പാമ്പായ ശേഷ്നാഗിനോട് സാമാനമായ ഒരു രൂപവത്കരണമാണ്.
ഗുഹക്കകത്ത് അവിടെയവിടെയായിട്ടുള്ള ചെളിവെള്ളവും കുനിഞ്ഞുള്ള നടപ്പും കാരണം തിരിച്ചു പോകണോ എന്ന് സംശയിക്കുന്ന എന്നോട്, ” നടന്നു വരൂ എല്ലാം ശരിയാകുമെന്ന്”- പൂജാരി.
നിവർന്നു നിൽക്കാനാകാതെ തനിയെ കുമ്പിടാൻ കഴിയുന്നിടത്താണ് ശിവലിംഗ പൂജ നടത്തുന്നത്. ഒരു കൂറ്റൻ പാറയുടെ നിഴലിൽ പ്രകൃതിദത്തമായ ഒരു ശിവലിംഗമാണത് എന്നാണ് പറയപ്പെടുന്നത്.ആ സ്ഥലം കഴിയുന്നതോടെ നമുക്ക് നേരെ നിൽക്കാനും സാധിക്കും.
ഗുഹകളിലെ പാറക്കൂട്ടം ശിവന്റെ തലമുടിയോട് സാമ്യമുള്ളതാണ് അതിനാലാണ് ഈ പേര്. ഗുഹയിൽ അടങ്ങിയിരിക്കുന്ന സ്റ്റാലാഗ്മിറ്റുകളും (stalagmite ) സ്റ്റാലാക് റ്റൈറ്റുകളും( stalactites) യുമാണ് ഇതിന് കാരണം.
കുറെ നേരം സാവധാനത്തിൽ ഗുഹയിലേക്കു വെള്ളം ഒഴുകിക്കൊണ്ടിരുന്നാൽ അതിലെ മാലിന്യങ്ങൾ അവിടെ കിടക്കും. വെള്ളം മാത്രം ഒഴുകിപ്പോകും.
സാവധാനത്തിൽ കട്ട പിടിക്കും. അവിടെ മിനറലുകളുടെ ഒരു കൂമ്പാരമുണ്ടാകും. നിലത്തുണ്ടാകുന്നത് stalagmite &
സീലിങ്ങിൽ ഉണ്ടാകുന്നത് stalactites.
ഉറവകളാൽ പോഷിക്കപ്പെടുന്ന രണ്ടു വ്യത്യസ്ത തരം കുളങ്ങളുമുണ്ട്. അതിലൊന്നിൽ ധാരാളം ചെറിയ മീനുകളുമുണ്ട്. മനോഹരമായ കാഴ്ചയും അനുഭവവുമാണ് ആ ക്ഷേത്ര ദർശനം. മഹാശിവരാത്രിയാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം.
ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയുടെ വശങ്ങളിൽ പലതരത്തിലുള്ള പച്ച മരുന്നുകൾ കൊണ്ടുള്ള എണ്ണകളും പൊടികളും ലഭിക്കുന്ന കടകളാണ്. കാട്ടിൽ നിന്നും ലഭിക്കുന്നതാണ് ആ പച്ചമരുന്നുകൾ. തലമുടി വളരാൻ , വയറു കുറയ്ക്കാൻ, ക്ഷീണം മാറാൻ, ഷുഗർ കുറയാൻ ,B.P കുറയാൻ … … ‘നമ്മൾ മനസ്സിൽ വിചാരിക്കുന്നത് അവർ മാനത്ത് കാണും ‘ എന്നു പറയുന്നതു പോലെയാണ് പച്ചമരുന്നുകളുടെ ലിസ്റ്റ്.
ഗുഹയിൽ മാത്രമല്ല വശങ്ങളിലുള്ള പാറക്കെട്ടിൽ കണ്ട ഗണപതിയോടു രൂപസാദൃശ്യമുള്ള ആ കാഴ്ച – ഒരു പക്ഷെ ക്ഷേത്രത്തിലെ കാഴ്ചയെക്കാൾ അത്ഭുതപ്പെടുത്തി.പാറകളിലെ വിടവുകളിലൂടെ ചിലപ്പോൾ ഒഴുകി വരുന്ന വെളുത്ത ദ്രാവകം ചുണ്ണാമ്പുകല്ലിലെ അംശങ്ങൾ അടങ്ങിയ സ്റ്റാലാഗ് മിറ്റുകളാണ്. കുറെ കഴിയുമ്പോൾ അവ കട്ടിയാകും. അവ സ്വാഭാവികമായി രൂപപ്പെട്ട ലിംഗങ്ങൾ / ദേവന്മാരായി കണക്കാക്കപ്പെടുന്നതായിരിക്കാം എന്നാണ് ഇതിനെ കുറിച്ച് കൂടുതലറിയുന്നവർ പറഞ്ഞു തന്നത്. (പടം കമന്റ് ബോക്സിൽ ഇട്ടിട്ടുണ്ട്.). എല്ലാം കൊണ്ടും ഭക്തിസാന്ദ്രമായ നിമിഷങ്ങൾ.
ഭക്തി, അതിന്റെ ഗ്രാഫിന്റെ ഏറ്റവും മുകളിലാണ്. അതിനൊരു അയവു വരുത്താനാണോ Mr. Perfect & Mrs.Perfect വരവ്? ആദ്യം Mr. Perfect എന്നെഴുതിയ t-shirt ധരിച്ചയാളെയാണ് ശ്രദ്ധിച്ചത്. കൂടെയുള്ള ഭാര്യയാണെങ്കിൽ ധരിച്ചിരിക്കുന്നത് Mrs.Perfect എന്നെഴുതിയ t-shirt യും. കണ്ടപ്പോൾ തമാശയാണ് തോന്നിയത്. എന്നാൽ അവർക്കതിൽ തമാശയൊന്നുമില്ല.Perfect ആണോ എന്ന ചോദ്യത്തിന്, അതിൽ എന്താ സംശയം എന്ന മട്ടിലാണ്. കല്യാണം കഴിഞ്ഞ് 2-3 ദിവസമെ ആയിട്ടുള്ളൂ. തൊട്ടടുത്ത സംസ്ഥാനമായ നാഗപൂരിൽ നിന്നുമാണ് വരവ്. കൂട്ടത്തിൽ ഫോട്ടോഗ്രാഫറും ഗൈഡുമൊക്കെയായി ഒരാൾ കൂടെയുണ്ട്. ജീവിതത്തെക്കാൾ പ്രാധാന്യം ഫോട്ടോ ഷൂട്ടിനാണ് എന്ന മട്ടിലാണ് അവർ. എടുത്ത ഫോട്ടോകൾ ഇഷ്ടപ്പെടാത്തതുകൊണ്ട് പിന്നെയും പോസ്സ് ചെയ്യാനും മടിയില്ല. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ ആ കാഴ്ചകൾ നല്ലൊരു തമാശയായിട്ട് ആസ്വദിക്കുകയായിരുന്നു ഞങ്ങൾ.
പ്രകൃതി ഒരുക്കി തന്ന വിസ്മയങ്ങളും ഭക്തിയും തമാശയുമൊക്കെയായി നല്ലൊരു ദിവസം സമ്മാനിച്ചിരിക്കുന്നു ജടാ ശങ്കർ !
Thanks,
റിറ്റ, ഡൽഹി.