മധ്യപ്രദേശ് ( M.P)
ഇന്ത്യയുടെ ഹൃദയം എന്ന് പൊതുവെ അറിയപ്പെടുന്ന മധ്യപ്രദേശ് രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ്. ചരിത്രം, പ്രകൃതി സൗന്ദര്യം, സംസ്കാരിക പാരമ്പര്യം, ജനങ്ങൾ…. മധ്യപ്രദേശിനെ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറ്റിയിരിക്കുന്നു . തലസ്ഥാനം ഭോപ്പാലാണ്. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നായ ‘ഗ്വാളിയർ ‘ സന്ദർശിച്ചപ്പോൾ ഉള്ള വിശേഷങ്ങൾ –
Gwalior, ഗ്വാളിയാർ, Tansen Tomb
ടാൻ സെൻ ശവകുടീരം
വിശപ്പിന്റെ വിളിക്ക് ആശ്വാസം കണ്ടെത്തുക എന്ന രീതിയിലാണ് ആ ഷോപ്പിംഗ് മാളിലെ ഫാസ്റ്റ് ഫുഡിലേക്ക് കയറിയത്. വാസ്തുവിദ്യ, കല, ചരിത്രത്തിനൊക്കെ പ്രാധാന്യമുള്ള നഗരമാണ് ഗ്വാളിയർ. കൊറോണയും സാമൂഹിക അകലവും മാസ്കുമെല്ലാം ഇവിടെയും ചരിത്രമായിരിക്കുന്നു. ആരും അതിന്റെ കരുതലിനെക്കുറിച്ച് ഓർക്കുന്നേയില്ല. ഷോൾഡറിൽ വലിയ ദ്വാരമുള്ള വേഷങ്ങളിലാണ് തരുണീമണികൾ. കൊറോണയുടെ കുത്തിവെയ്പിന്റെ ഭാഗമായിട്ടുള്ള വേഷമാണോ എന്ന സംശയത്തിലാണ് കൂട്ടത്തിലുള്ള ആൾ. ഫാഷനിലുമുണ്ടായ ആഗോളവത്കരണത്തിന്റെ ഭാഗമായിട്ടായിരിക്കാം ഡൽഹിയിലുള്ളവരുടെ വേഷവും ഇതുപോലെ തന്നെ.ഇന്ത്യയുടെ ഹൃദയ ഭാഗത്തുള്ള മധ്യപ്രദേശ് സംസ്ഥാനത്തിലെ മനോഹരമായ നഗരങ്ങളിലൊന്നാണ് ഗ്വാളിയാർ.
“ആരാ അത് ” – ആകെ രണ്ടു വാക്കുകളെ ഞാൻ പറഞ്ഞുള്ളൂ . ഇതിൽപ്പരം നാണക്കേട് വേറെയുണ്ടോ? പണ്ട് ചരിത്ര ക്ലാസ്സിൽ സിനിമാക്കഥ പറഞ്ഞും കേട്ടും സമയം കളഞ്ഞതിന്റെ പരിണിത ഫലം എന്നും പറയാം. അതൊരു ‘ഷുവർ ക്വൊസ്റ്റിനാണ്’, അതുകൊണ്ട് അറിയാം എന്നാണ് കൂട്ടത്തിലെ ചിലർ. മഹാനായ സംഗീതജ്ഞനായ ടാൻസന്റെ ശവകുടീരം കാണാൻ പോയപ്പോഴുള്ള അനുഭവങ്ങളാണ്.
ടാൻസെൻ, അക്ബറിന്റെ കൊട്ടാരത്തിലെ പ്രശസ്ത ഗായകനും മുഗൾ കൊട്ടരത്തിലെ ഒമ്പത് രത്നങ്ങളിലൊരാളാണ്. സംഗീതത്തിന്റെ മാന്ത്രികത കൊണ്ട് മഴ പെയ്യിപ്പിക്കുകയും മൃഗങ്ങളെ വശീകരിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം പഠിപ്പിച്ച മുഹമ്മദ് ഗൗസിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. ഗൂഗിളിന്റെയും കൂടെയുള്ള ഗൈഡിന്റെയും സഹായത്തോടെ ഒരു പരീക്ഷയ്ക്ക് പഠിക്കുന്നതിന്റെ ഇരട്ടി സ്പീഡിൽ ഞാനിതെല്ലാം ഹൃദ്യസ്ഥമാക്കി.
സൂഫി സന്യാസി മുഹമ്മദ് ഗൗസിന്റെ സ്മാരക ശവകുടീരം അക്ബറാണ് നിർമ്മിച്ചത്. നാലു കോണുകളിലും ഉയരുന്ന ഗോപുരങ്ങളുള്ള കൂറ്റൻ മണൽക്കല്ല് ഘടനയാണ്.. അവിടെയുള്ള പ്രധാന പുരോഹിതൻ മൊബൈൽ ഫോണുമായി തിരക്കിലാണെങ്കിലും മറ്റൊരു പുരോഹിതൽ ഞങ്ങളെ അവിടെയെല്ലാം കാണിച്ചു തന്നു. ഒരു ഗൈഡിനെ പോലെ എല്ലാം വിവരിച്ചു തരാനും മടി കാണിച്ചില്ല.
അതിമനോഹരമായ കട്ട് സ്‌റ്റോൺ ഗ്രില്ലുകൾ കൊണ്ടാണ് പുറം ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത് – വിവരിക്കാൻ വാക്കുകളില്ല. ഇന്നു പോലും അതുപോലെ ഒരെണ്ണം ഉണ്ടാക്കാൻ പ്രയാസമാണ്.
ടാൻസെന്റെ ശവകുടീരം, ഗുരുവിന്റെ അടുത്തു തന്നെ വളരെ ലളിതമായ ഒന്നാണ്. ഹിന്ദുവായി ജനിച്ച് സ്വാമി ഹരിദാസിന്റെ കീഴിൽ സംഗീത പരീശിലനം ആരംഭിച്ചെങ്കിലും പിന്നീട് ‘മുഹമ്മദ് ഗൗസിന്റെ’ ആത്മീയ സ്വാധീനത്തിൽ കീഴിലായി. ടാൻ സെന്റെ ശവകുടീരത്തിന് പുറത്ത് ഒരു പുളിമരമുണ്ട്. അതിന്റെ ഇലകൾ ശബ്ദം കൂടുതൽ ശ്രുതിമധുരമാക്കാൻ അദ്ദേഹം പതിവായി കഴിച്ചിരുന്നതായി പറയപ്പെടുന്നു. അവിടെ വരുന്നവരും ഒരു നേർച്ച എന്ന പോലെ അതിൽ നിന്നുംതളിരിലകൾ കഴിക്കുന്നുണ്ട്. ഞാനും കഴിക്കാൻ മടിച്ചില്ല.
എല്ലാ വർഷവും നവംബർ മാസത്തിൽ ഇവിടെ ടാൻസെൻ സംഗീതോത്സവം നടത്താറുണ്ട്. ഒരു പാർക്ക് പോലെ ആ സ്ഥലത്തിന് ചുറ്റും ഒരു പൂന്തോട്ടവും പരിപാലിച്ചിരിക്കുന്നു. ആ സ്ഥലത്ത് നിന്ന് യാത്ര പറയുമ്പോൾ പഠിക്കാൻ മറന്നു പോയ ചരിത്രത്തിലെ ഒരേട് പഠിച്ചല്ലോ എന്ന സന്തോഷത്തിലായിരുന്നു , ഞാൻ!
Thanks,