” നീ അയാളുടെ കൂടെ എവിടെ പോകുന്നു? ” ഗ്വാളിയർ കോട്ട കാണാനായി ചെന്ന ഞാൻ,കൂടെയുള്ളവരിൽ നിന്നു മാറി തണൽത്തേടിയുള്ള യാത്രയിൽ, പിന്നിൽ നിന്നുള്ള ചോദ്യം. അയാളോ , അതാര്? അതറിയാനായി തിരിഞ്ഞു നോക്കിയപ്പോൾ , ശരിയാണല്ലോ , പാന്റും ഷൂസും കൂളിംഗ് ഗ്ലാസ്സുമൊക്കെയായി , പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം ” എന്ന പാട്ടുസീനിലെ ശ്രീനിവാസനെ പോലെ ഒരാൾ കൂടെത്തന്നെയുണ്ട്. “ആരാ …… എന്താ …… ” എന്ന ചോദ്യങ്ങളിൽ നിന്നു മനസ്സിലായി , അയാൾ ഒരു ഗൈഡാണെന്ന്.
സൂര്യൻ ആ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് പോകാനുള്ള യാത്രയിലാണ്. ചൂട് കുറഞ്ഞതു കൊണ്ടാകാം ധാരാളം സഞ്ചാരികൾ അവിടെയുണ്ട്.
സഞ്ചാര കേന്ദ്രങ്ങളിൽ നമ്മൾ ശ്രദ്ധിക്കാത്തതും എന്നാൽ നമ്മളെ( സഞ്ചാരികളെ) മാത്രം ശ്രദ്ധിക്കുന്ന കൂട്ടരാണ് ഗൈഡുകൾ.
(ഓരോ വക പുലിവാലുകൾ!🤭)
‘ മാലയിലെ മുത്ത് ‘ എന്നു വിളിക്കുന്ന ഈ കോട്ട, മനോഹരമായ കൊത്തളങ്ങളാലും തിളങ്ങുന്ന നീല, പച്ച, മഞ്ഞ ടൈലുകളാൽ സമ്പന്നമായ താഴികക്കുടങ്ങളാൽ വിഭജിക്കപ്പെട്ടത്. പലതരത്തിലുള്ള കോട്ടകൾ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ടൈലുകൾ കോട്ടയ്ക്ക് മറ്റൊരു ഭംഗി നൽകുന്നുണ്ട്. ഹിന്ദു വാസ്തുവിദ്യയുടെ ഏറ്റവും മികച്ച വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്നു.
ഇതിന്റെ നിർമ്മാണത്തെ കുറിച്ചുള്ള കൃത്യമായ കാലഘട്ടം അനിശ്ചിതത്വത്തിലാണ്. പത്താം നൂറ്റാണ്ട് മുതൽ നിലവിലുണ്ടെങ്കിലും കോട്ട കാമ്പസിനുള്ളിൽ കണ്ടെത്തിയിട്ടുള്ള ലിഖിതങ്ങളും സ്മാരകങ്ങളും ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ നിലനിന്നിരുന്നിരിക്കാമെന്നാണ്.
പ്രാദേശിക ഐതിഹ്യമനുസരിച്ച് , സൂരജ് സെൻ എന്ന രാജാവാണ് കോട്ട നിർമ്മിച്ചത്. കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു പുണ്യ കുളത്തിൽ നിന്നുള്ള വെള്ളം നൽകിയപ്പോൾ രാജാവിന്റെ കുഷ്ഠരോഗം ഭേദമായിയെന്നാണ്. നന്ദിസൂചകമായി രാജാവ് ഒരു കോട്ട പണിയുകയും അതിന് മുനിയുടെ പേര് നൽകുകയും ചെയ്തു.സൂരജ് സെൻ പാലിന്റെ 83 പിൻഗാമികൾ കോട്ട നിയന്ത്രിച്ചുവത്രേ!
പതിനൊന്നാം നൂറ്റാണ്ട് മുതൽ മുസ്ലീം രാജവംശങ്ങൾ പല തവണ കോട്ട ആക്രമിച്ചു. മുഗളന്മാരും പിന്നീട് മറാഠികളും ഇത് സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് വലിയ മറാത്ത സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായിരുന്ന ഗ്വാളിയാർ രാജ്യമായി ഇത് സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഈ കോട്ട കേന്ദ്ര സർക്കാർ ഏറ്റെടുത്തു പരിപാലിക്കുന്നു. ഇതൊക്കെയാണ് കോട്ടയെ കുറിച്ചുള്ള ചരിത്രം.
3 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കോട്ടയുടെ ഉയരം 10 മീറ്ററിനേക്കാളും കൂടുതലുമാണ്.
കുന്നിൻ മുകളിലായതു കൊണ്ട് ഭൂപ്രകൃതിയുടെ മനോഹരമായ360 ഡിഗ്രി കാഴ്ച സമ്മാനിക്കുന്നു.
ഈ കോട്ടയിൽ കൊട്ടാരങ്ങളും ജലസംഭരണികളും ക്ഷേത്രങ്ങളും ഉൾക്കൊള്ളുന്നു. പതിവു പോലെ മഹത്തായ വാസ്തുവിദ്യയ്ക്കും സമ്പന്നമായ ചരിത്രത്തിനും പേരു കേട്ടതാണ് ഈ കോട്ട എന്നതിൽ സംശയമേയില്ല.
Thanks
റിറ്റ, ഡൽഹി✍