മനുഷ്യന്റെ ഏറ്റവും വലിയ വികാരം വിശപ്പും ദാഹവുമാണ്. മറ്റെന്തിനെയും സഹിക്കാനുള്ള കഴിവു നമുക്കുണ്ട് . എന്നാൽ വിശപ്പും ദാഹവും സഹിക്കാൻ വയ്യാതെ വരുമ്പോഴാണ് നാം നില മറന്നു പോലും പലതും ചെയ്യുന്നത് അല്ലെ? അതുകൊണ്ടാണ് ഞാനും അങ്ങനെയൊക്കെ ചെയ്തത്. ഗൂഗിൾ മാപ്പിൽ പോകുന്ന ഹൈ- വേയിൽ അടുത്തുള്ള ഭക്ഷണശാല എവിടെയെന്ന് അന്വേഷിക്കുകയായിരുന്നു. ഏതോ ഉണങ്ങി വരണ്ട സ്ഥലത്തോട്ടേക്കായി വലത്തോട്ട് തിരിയാൻ പറയും അത് കഴിയുമ്പോൾ ‘ signal lost ‘അല്ലെങ്കിൽ rerouting ‘. ഗൂഗിളിന് അത് പറഞ്ഞ് ഞാൻ ഒന്നും പറഞ്ഞില്ലേ എന്ന മട്ടിൽ കൈയൊഴിയാം അതുപോലെയാണോ കൂടെയുള്ളയാൾ? പണ്ടെ ഈ ‘ മാപ്പ് ‘ കളും ഞാനും സൗഹാർദ്ദപരമല്ല. ഗൂഗിളായിട്ടും ഇപ്പോൾ വ്യത്യാസം ഒന്നുമില്ല.
പിന്നെ ഹൈ-വേയിൽ നിന്ന് exit എടുത്ത്, അടുത്തുള്ള ചെറിയ പട്ടണത്തിലായി ഭക്ഷണശാലക്കായിട്ടുള്ള അന്വേഷണം. ആ പട്ടണത്തിൽ ആകെയൊരു ചായക്കടയാണുള്ളത്. അമ്പത് ഡിഗ്രി ചൂടിൽ കുടിച്ച വെള്ളം എല്ലാം കളഞ്ഞേക്കാം എന്ന് വിചാരിച്ച് ബാത്റൂം തിരക്കി , അവിടെ എത്തിയപ്പോഴോ …… ‘എന്റെമ്മോ’ ….. 🏃(ഓരോ സംസ്ഥാനവും ടൂറിസത്തിനുള്ള മനോഹര പരസ്യങ്ങൾ കൊടുക്കുന്നതിനു മുൻപ് ഇതു പോലത്തെ കാര്യങ്ങൾ ശ്രദ്ധിച്ചെങ്കിൽ എത്ര നല്ലതായിരുന്നു. ) ഭക്ഷണശാലയിലെ ബെഞ്ചാണെങ്കിൽ ‘ seesaw ‘ മട്ടിലുള്ളത്. ഭക്ഷണശാലയിൽ കറിക്ക് വേണ്ട ഗ്രേവി അവർ ഉണ്ടാക്കി വെച്ചിട്ടുണ്ട്. നമ്മൾ പറയുന്നതനുസരിച്ച് വേണ്ട പച്ചക്കറികൾ അടുത്ത കടയിൽ നിന്ന് വാങ്ങിക്കും. പിന്നീട് ‘ പാചകം ‘ എന്ന കലയുടെ പ്രയോഗമാണ്. അരമണിക്കൂറിനകം തന്തൂരി റൊട്ടിയും ഒരു കറിയും റെഡി.
ഞങ്ങളുടെ കൂടെ കണ്ടാൽ ന്യൂ ജി എന്ന മട്ടിലെ നാലു ചെറുപ്പക്കാരും ഭക്ഷണം കഴിക്കാനുണ്ടായിരുന്നു. അവിടെയുള്ള ഏതോ കെട്ടിടപണിയിൽ ജോലി ചെയ്യുന്നവരാണ്. അവരുടെ വേഷത്തിലാണെങ്കിൽ ലോകത്തുള്ള എല്ലാ ബ്രാൻഡുകളുടെയും അതിപ്രസരമാണ്. അതിനെ കുറിച്ച് അവരോടു ചോദിച്ചപ്പോൾ അവരൊന്നും അതിനെ പറ്റി കേട്ടിട്ടുപോലുമില്ല. അവർക്കാകെ തമാശ .” The Heart of Incredible India” – യിലെ Incredible experience! മധ്യപ്രദേശിലെ ഹിൽസ്‌റ്റേഷനായ ‘ പച്ച്മറി ( Pachmarhi)’ യിലേക്ക് പോകുന്ന യാത്രയിലെ രസകരമായ അനുഭവങ്ങളാണിതൊക്കെ.
സത്പുര പർവ്വത നിരകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം 1857 – യിൽ capt. ജെയിംസ് ഫോർഡിത്ത് കണ്ടെത്തുന്നതുവരെ ഈ പട്ടണം കുന്നുകളിലും കാടുകളിലും ഒതുങ്ങിക്കിടക്കുകയായിരുന്നുവത്രേ . ബ്രിട്ടീഷ് രാജ് മുതൽ ഇത് ഒരു കന്റോൺമെന്റിന്റെ സ്ഥാനമാണ്.
1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷനിലേക്ക് അടുക്കു തോറും വിവിധ റിസോർട്ടുകളുടെ ബോർഡുകൾ കാണാം. അവിടുത്തെയെല്ലാം സുഖസൗകര്യങ്ങളെ കുറിച്ച് വിവരിച്ചിട്ടും മതിവരാത്ത പോലെയാണ് ഗൈഡുകൾ . ഞങ്ങൾ താമസിച്ച ഹോട്ടലിനും പ്രത്യേകതകൾ ഏറെ.
ഒരു ബ്രിട്ടീഷ് ബംഗ്ലാവിലാണ് അവരുടെ പ്രധാന ഓഫീസ്. ബ്രിട്ടീഷ് ബംഗ്ലാവിന്, എന്റെ ജീവിതത്തിന്റെ എവിടെയോ ഒരു അന്തംവിടലിന്റെ ഭാവമാണ്. എന്റെ അമ്മ കല്യാണം കഴിഞ്ഞ് അച്ഛന്റെ കൂടെ ജോലി സ്ഥലത്തേക്ക് പോയപ്പോൾ, ബ്രിട്ടീഷ് ബംഗ്ലാവിലായിരുന്നു താമസം. പഴയ കാല വിശേഷങ്ങൾ പറയുമ്പോൾ അമ്മ ഈ ‘ബ്രിട്ടീഷ് ബംഗ്ലാവ് ‘ – ന് ആവശ്യത്തിൽ കൂടുതൽ ഊന്നൽ കൊടുക്കാറില്ലേ എന്നൊരു സംശയം. ഞാനാണെങ്കിൽ അവിടെയൊന്നും താമസിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരുടെ പഴയ ബംഗ്ലാവാണ് എന്ന് കേട്ടപ്പോൾ , എനിക്ക് മുഖത്ത് വലിയ ഭാവമാറ്റം വന്നില്ല എന്നാണ് എന്റെ വിശ്വാസം.
‘മുഖം മനസ്സിന്റെ കണ്ണാടിയാണ് ‘ , – അതുകൊണ്ടാണോ എന്നറിയില്ല. അവിടുത്തെ ഉദ്യോഗസ്ഥൻ , “മാഡം, ഈ കെട്ടിടം മാത്രമേയുള്ളൂ ബ്രിട്ടീഷുകാർ പണിതത്. ബാക്കിയെല്ലാം അതുപോലെ ഉണ്ടാക്കിയതാണ്”.
പുഞ്ചിരിയോടെ ആ വാർത്തയെ അംഗീകരിക്കുമ്പോഴും ഈ വിശേഷങ്ങൾ പൊടിപ്പും തൊങ്ങലും വെച്ചു പറയാൻ ഇന്ന് അമ്മ കൂടെയില്ലല്ലോ എന്ന സങ്കടമായിരുന്നു എനിക്ക് മനസ്സിൽ.
ചില വീഴ്ചകൾ നല്ലതാണ്. അത് നമ്മളെ ഒരു കാലഘട്ടത്തിലേക്ക് കൊണ്ടു പോകും. അതുപോലെയാണ് മുറിയിലേക്ക് കടക്കുന്നതിനു മുൻപു കട്ട്ള പടിയിൽ തട്ടി വീഴാൻ പോയത്. വേനൽ അവധിക്കാലത്ത് തറവാട്ടിൽ പോകുമ്പോൾ, ആദ്യത്തെ രണ്ടു – മൂന്നു ദിവസം കട്ട്ള പടിയിൽ തട്ടി വീണ് കരയാനെ നേരം കാണുകയുള്ളൂ. അവിടുത്തെ ഉദ്യോഗസ്ഥൻ പറഞ്ഞത് ശരിയാണ്, ആവശ്യത്തിലധികം ഉയരത്തിലുള്ള മേൽക്കൂരയുള്ള വലിയ മുറിയും പഴയ ആ കറുത്ത വട്ടത്തിലുള്ള സ്വിച്ചുകളും ആ കാലത്തിന്റേതായ ഫർണീച്ചറുകളും….. കോൺക്രീറ്റും സിമന്റും കൊണ്ട് ഏത് കാലഘട്ടത്തെയും പുനരാവിഷ്കരിക്കാൻ പ്രയാസമില്ല എന്ന് കാണിക്കുന്നു. അവിടെയുള്ള ഓരോ റിസോർട്ടുകളും അതിഥികൾക്ക് സുഖപ്രദമായ അവധിക്കാലം ആസ്വദിക്കാനുള്ള പ്രമേയത്തിന്റെ(theme) അകമ്പടിയോടെയാണ്.
വെള്ളച്ചാട്ടങ്ങൾ, പച്ചപ്പ് നിറഞ്ഞ വനങ്ങൾ, ഗുഹാ ക്ഷേത്രങ്ങൾ, പ്രകൃതി രമണീയമായ കാഴ്ചകൾ, താഴ്‌വാര കാഴ്ചകൾ,——- അതിനെല്ലാം പുറമെ സൂര്യതാപത്തിന്റെ കാഠിന്യക്കുറവും കൊണ്ട് ഈ ഹിൽ സ്റ്റേഷൻ സുന്ദരമാണ്.
കാഴ്ചകളും അതിന്റെ വിശേഷങ്ങളുമായി അടുത്താഴ്ച .
തയ്യാറാക്കിയത്: റിറ്റ ഡൽഹി ✍