കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഏതോ വറവുചട്ടിയിലേക്ക് ചാടിയതു പോലെ! ശക്തമായ ചൂടോടു കൂടി വരണ്ട വേനൽക്കാലമാണ് ഗ്വാളിയാറിലുള്ളത്. ഇത്തരം കാലാവസ്ഥയിലാണ് കരിമ്പ് ജ്യൂസ് ഉണ്ടാക്കി കൊടുക്കുന്ന പല ഉന്തുവണ്ടിക്കാരും ടൂറിസ്റ്റ് സ്ഥലങ്ങളുടെ മുന്നിൽ തമ്പടിച്ചിരിക്കുന്നത്. ജീവിക്കാനുള്ള തത്രപ്പാടിലായിരിക്കും അവർ.
ഇവിടെ അവരുടെ വൃത്തിയാണ് അത് വാങ്ങുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുക. എന്നാൽ പിന്നെ കുറച്ചു കൂടി ബുദ്ധിപൂർവ്വം എന്ന മട്ടിലാണ് കരിമ്പ് വാങ്ങിച്ചത്. ബുദ്ധി കൂടിയത് പല്ലുകൾക്ക് ഇഷ്ടപ്പെട്ടില്ലയെന്നു തോന്നുന്നു. അവരൊന്നും വിചാരിച്ച പോലെ ഉഷാറാകാൻ തയ്യാറല്ല. വയസ്സാവുന്നതു കൊണ്ടാകും.
പുല്ലുകളും ചെടികളും വലിയ മരങ്ങളും പൂക്കളുമൊക്കെയായി നന്നായി പരിപാലിച്ചിരിക്കുന്ന ആ പൂന്തോട്ടത്തിനകത്തെ ‘ഗാർഹി പടവാലി’ സന്ദർശിക്കുകയാണ് ലക്ഷ്യം. ആ ക്ഷേത്ര പ്രവേശന കവാടത്തിലെ ഒരു ജോടി സിംഹങ്ങളും കുത്തനെയുള്ള പടികളും കണ്ടപ്പോൾ, പല്ലുകളെ പോലെ കാലുകളും പിണങ്ങുമോയെന്ന് സംശയിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കോട്ടയാണിത്. 8 – 10 നൂറ്റാണ്ടിൽ നിർമ്മിച്ച മനോഹരമായ , സങ്കീർണ്ണമായ കൊത്തുപണികളിൽ ഹിന്ദു പുരാണങ്ങളിൽ നിന്നുള്ള വിവിധ കഥകൾ ചിത്രീകരിച്ചിരിക്കുന്ന ഇടം. ധോൽ പൂരിലെ ജാട്ട് റാണു കളാണ് ഈ കോട്ട നിർമ്മിച്ചത്. ഘടനയിൽ ദീർഘവൃത്താകൃതിയിലുള്ളതും മുകളിലെ മുറ്റവും താഴത്തെ നടുമുറ്റം എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. മുകളിലെ മുറ്റത്ത് ഒരു ശിവക്ഷേത്രവും താഴത്തെ മുറ്റത്ത് ഒരു പടി കിണറുമുണ്ട്. കിണറിന് വലിയ പ്രാധാന്യം ഉള്ളതായി തോന്നിയില്ല. ഞങ്ങളെ കണ്ടതോടെ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിക്കാരനും മറ്റൊരാളും ഗൈഡിന്റെ ജോലി സ്വയം ഏറ്റെടുത്തു.
തൂണുകൾ, ബീമുകൾ, സീലിംഗ് എന്നിങ്ങനെ ക്ഷേത്രത്തിന്റെ എല്ലാ വാസ്തുവിദ്യാ ഘടകങ്ങളിലും കൊത്തുപണികളുടെ സമൃദ്ധി കാണാം.രാമായണത്തിലെയും മഹാഭാരതത്തിലെയും വിവിധ രംഗങ്ങളാണ്. പ്രധാനമായും കൃഷ്ണലീല പാനൽ, ശിവലിംഗ പൂജാ പാനൽ, ദശാവതാര പാനൽ, ശിവ-പാർവ്വതി വിവാഹ പാനൽ. സപ്ത – മാതൃക പാനൽ , നവ-ഗ്രഹ പാനൽ എന്നിവയാണ് പ്രധാനപ്പെട്ടവ . അവയെ കുറിച്ചെല്ലാം ഞങ്ങൾക്ക് ജ്ഞാനമില്ലാത്തത് വലിയ പോരായ്മ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ നിർവികാരമായി കേട്ടുകൊണ്ടിരുന്ന
ഞങ്ങളെ കൂടുതൽ മനസ്സിലാക്കി തരാനായി കരിമ്പിനെ ചെറിയ കുറുവടിയാക്കി ( കരിമ്പു കൊണ്ട് അങ്ങനെയൊരു ഗുണമുണ്ടായി😀), പണ്ട് സ്കൂളിൽ അധ്യാപികന്മാർ ബോർഡിൽ എഴുതിയിരിക്കുന്നതിനെ വടി കൊണ്ട് തൊട്ടു കാണിച്ച് കൂടുതൽ മനസ്സിലാക്കി തരുന്നതു പോലെ
ഓരോ കൊത്തുപണികളെയും വിശദമായി വിവരിച്ചു തരാനും അവർ മടിച്ചില്ല.അതിലെ കലാസൃഷ്ടി പ്രശംസനീയമാണ്.
3D വിശദാംശങ്ങളാൽ കൊത്തി എടുത്തിട്ടുള്ളതാണ്.വാസ്തുവിദ്യാ വിസ്മയം നിലനിൽക്കുന്ന സ്ഥലം എന്നു വേണമെങ്കിൽ ഒറ്റവാക്കിൽ പറയാം. അതുപോലെ മൂന്നു വ്യത്യസ്ത ഘട്ടങ്ങളായ ഉള്ള കോട്ടമതിൽ ഏതൊരു പുരാവസ്തു ഗവേഷകനും നല്ലയൊരു വിരുന്നായിരിക്കും.
‘ ഡിജിറ്റൽ ഇന്ത്യ’ , ഗൈഡിന്റെ കർത്തവ്യം ഏറ്റെടുത്തു വന്നവർക്ക് വലിയൊരു അടിയായി എന്നു തന്നെ പറയാം. പേഴ്സിലെ ഉള്ള നോട്ടുകൾ പെറുക്കി എടുത്താണ് കരിമ്പ് വാങ്ങിച്ചത്. അവർക്ക് ടിപ്പ് കൊടുക്കാനായിട്ട് പേഴ്സിൽ ഒന്നുമില്ല. വയസ്സായ അവർക്ക് Paytm, ഗൂഗിൾ പേ കുറിച്ചൊന്നും കേട്ടിട്ടു പോലുമില്ല. അതുകൊണ്ടു തന്നെഎല്ലാം വിശദമായി പറഞ്ഞു തരാനുണ്ടായ ഉത്സാഹം യാത്ര പറയാനുണ്ടായില്ല.
മനോഹരമായ ആ സ്ഥലത്ത് നിന്നും യാത്ര പറയുമ്പോൾ ഇവരെല്ലാം മനസ്സിലെ ഓരോ നീറ്റലുകളാവുന്നു. അല്ലെങ്കിലും യാത്രകളിൽ നിന്നുള്ള കാഴ്ചകളും അനുഭവങ്ങളും പലപ്പോഴും വ്യത്യസ്തമാണല്ലോ ?
Thanks,
റിറ്റ, ഡൽഹി