17.1 C
New York
Friday, July 1, 2022
Home Travel പഴനി - (തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ - 14)

പഴനി – (തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങൾ – 14)

പി. എൻ. വിജയൻ

മലയാളിക്ക് ഏറ്റവുംപ്രിയപ്പെട്ട മറുനാടൻ ക്ഷേത്രനഗരം പഴനിയാണ്. പഴനിയെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് അവിടത്തെ പ്രസാദം പഞ്ചാമൃതമാണ്. പഴനിയിൽപ്പോയി മൊട്ടയടിക്കുക, മുരുകന് മുടി കാണിക്കയായി സമർപ്പിക്കുക എന്നത് ദക്ഷിണേന്ത്യയിലെ ഹിന്ദുസമൂഹം ഭക്തിയോടെ തുടർന്നുവരുന്ന നേർച്ചയും ആചാരവും വഴിപാടും ഒക്കെയാണ്.

തമിഴ്നാട്ടിലെ ഡിണ്ടിക്കൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന പഴനി, പശ്ചിമഘട്ടത്തിന്റെഭാഗമായ അണ്ണാമലൈറെയ്ഞ്ചിലുള്ളകുന്നുകളിലൊന്നാണ്. കോയമ്പത്തൂരിൽനിന്ന് നൂറുകിലോമീറ്റർ തെക്കുപടിഞ്ഞാറും പാലക്കാട്ടുനിന്ന് ഏകദേശം നൂറുകിലോമീറ്റർ തെക്കുകിഴക്കുമായാണ് പഴനി.

പഴനിയിലെ മുരുകൻ ബാലദണ്ഡായുധപാണിസ്വാമി എന്നപേരിലാണ് അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ പ്രസിദ്ധമായ ആറു മുരുകൻകോവിലുകളിൽ ഏറ്റവും വിശിഷ്ടമായതാണ് പഴനിയിലുള്ളത്.

മുരുകന്റെ ആറുപടിവീടുകൾ എന്നറിയപ്പെടുന്നവ തിരുപ്പറൻകുൻറം, തിരുചെന്തൂർ, പഴനി, സ്വാമിമലെെ, തിരുത്തണി, പഴമുതിർച്ചോലൈ എന്നിവയാണ്.

ഐതിഹ്യമനുസരിച്ച് ഹിഡുംബൻ എന്ന അസുരനാണ് പഴനിമല അവിടെ ഇറക്കിവെച്ചത്. പഴനിമലയും ഹിഡുംബമലയും ഒരു ത്രാസിന്റെ രണ്ടു തട്ടുകളിലായായി ചുമന്നുകൊണ്ടുപോവുകയായിരുന്ന ഹിഡുംബൻ ക്ഷീണം കാരണം അവിടെ ഇറക്കി വെച്ചുവെന്നും പിന്നെ എടുക്കാൻ പറ്റാതെവന്നു എന്നുമാണ് കഥ.
പുരാണങ്ങളിൽ അത്തരം കഥകൾ ധാരാളമുണ്ടല്ലോ

പഴനി എന്നത് പഴനം എന്ന പഴഞ്ചൊല്ലിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പേരാണ്. ഫലം എന്ന പദം വിളയുന്നഭൂമിയെ സൂചിപ്പിക്കുന്നു. അത്രയുംനല്ല വിളവെടുപ്പുകൊണ്ട് സമ്പന്നമായ പ്രദേശമായതിനാലാണ് പഴനി എന്ന പേര് ലഭിച്ചത്. ഇപ്പോഴും നെൽക്കൃഷിക്ക് ഈ പ്രദേശം പ്രസിദ്ധമാണ്.

പഴനി എന്ന പേരിനുപിന്നിലുള്ള ഏറ്റവും പ്രചാരമുള്ളകഥ “തിരുവിളയാടൽ ” എന്ന സിനിമയിൽ ദൃശ്യവൽക്കരിച്ചിട്ടുള്ളത് ഓർക്കാവുന്നതാണ്. ഒരിക്കൽ കൈലാസം സന്ദർശിച്ച നാരദൻ വിശിഷ്മായ ഒരുപഴം ശ്രീപരമേശ്വരന് കാണിക്കയായി സമർപ്പിച്ചു. പരമശിവന്റെ അരികിൽ കളിച്ചു കൊണ്ടിരുന്ന ഗണപതിയും മുരുകനും പഴം കണ്ട ഉടനെ, അതെനിക്ക്, എനിക്ക് എന്നുപറഞ്ഞു വാശിപിടിച്ചു. പരമശിവൻ പഴം ഉയർത്തിപ്പിടിച്ചു പറഞ്ഞു. “നിങ്ങളിൽ ഈ ലോകത്തെ മൂന്നുതവണ പ്രദക്ഷണം വെച്ച് ആദ്യംവരുന്ന ആൾക്കാണ് ഈ പഴം.”
അതുകേട്ട ഉടനെ മുരുകൻ മയിലിന്റെ പുറത്തുകയറി യാത്ര ആരംഭിച്ചു. കുറച്ച് ആലോചിച്ചുനിന്നശേഷം ഗണപതി ശിവനേയും പാർവ്വതിയേയും മൂന്നുതവണ പ്രദക്ഷണംവെച്ച് നമസ്കരിച്ച് പഴത്തിനു കൈ നീട്ടി. മകന്റെ വിവേകത്തിൽ തൃപ്തനായ ശിവൻ പഴം അവനുകൊടുത്തു. പുത്രനെ സംബന്ധിച്ചിടത്തോളം അവന്റെ ലോകം അച്ഛനും അമ്മയും ആണ് എന്ന തത്ത്വമാണ് ഇവിടെ തെളിയുന്നത്.
എന്നാൽ ലോകം ചുറ്റിവന്ന മുരുകൻ പഴം നഷ്ടപ്പെട്ടതിൽ കുപിതനായി അച്ഛനോടും അമ്മയോടും പിണങ്ങി കൈലാസംവിട്ട് തെക്കോട്ടു പറന്നു. അങ്ങനെ തെക്കോട്ടുള്ളയാത്രയിൽ മുരുകൻ പറന്നിറങ്ങിയ സ്ഥലമാണിത്. സസ്യശ്യാമളഫലസമൃദ്ധമായ പ്രദേശത്തെ ഒരു കുന്ന്.

പ്രാചീനതമിഴ്സംഘകാലത്തെ സന്യാസിനിയും ഭക്തകവയിത്രിയുമായ
ഔവ്വയാരുടെ പാടലിലെ ഒരു ഭാഗം:
“മുരുകാ നീയെന്തിനാണ് പഴം കിട്ടാത്തതിൽ ഖേദിക്കുന്നത്? നീ തന്നെയാണ് പഴം. ജ്ഞാനപ്പഴം.”
“പഴം നീ” എന്ന ഔവ്വയാരുടെ പാടലിൽ നിന്നാണ് പഴനി എന്ന ദേശവും ദേശത്തെ കോവിലും പ്രഖ്യാതമായത്.

പഴനിക്ഷേത്രം പലകാലങ്ങളിലായി പാണ്ഡ്യചോഴചേരരാജാക്കന്മാർ ഭരിച്ചിരുന്നെങ്കിലും കൊത്തുപണികളിലും ശില്പവേലകളിലും അധികമാരും ശ്രദ്ധിച്ചില്ല. മുകളിലേയ്ക്കുള്ള ഏകദേശം 700 കല്പടവുകളും ഇടത്താവളങ്ങളും മണ്ഡപങ്ങളും പ്രധാനപ്പെട്ടവ തന്നെ. ഹൈദരാലിയും ടിപ്പുവും അവരുടെ പടയോട്ടക്കാലത്ത് പഴനിക്ഷേത്രത്തേയും ഒഴിവാക്കിയിട്ടില്ല . ടിപ്പു കൊല്ലപ്പെട്ടതോടെ ബ്രിട്ടീഷുഭരണാധികാരികൾ ക്ഷേത്രത്തെ സ്വതന്ത്രമാക്കി.

ഇവിടെയുള്ള മുരുകന്റെ ബിംബം നിർമ്മിച്ചത് ബോഗർ എന്ന സിദ്ധനാണ്. ബിംബനിർമ്മിതി വളരെ വിശേഷപ്പെട്ട നവപാഷാണശിലയാലാണ്. നവപാഷാണശില എന്നത് ഒമ്പതുതരത്തിലുള്ള അമൂല്യമായ ഔഷധസസ്യങ്ങൾ അരച്ചുചേർത്തുണ്ടാക്കിയതാണ്. അത് മത്സ്യത്തിന്റെ ചിതമ്പലുകൾപോലെ വളരെമൃദുവായതും ഔഷധഗുണമുള്ളതും ആണ്.
സഹസ്രാബ്ദങ്ങളായിതുടർന്ന അഭിഷേകങ്ങളാൽ ഈ ശില അടർന്നുതുടങ്ങിയതു കാരണം ഇപ്പോൾ അഭിഷേകം നിർത്തിവെച്ചിരിക്കുന്നു. പണ്ട് ചന്ദനംപൂശിയ ബിംബത്തിൽ നടത്തിയ അഭിഷേകം പലവ്യാധികൾക്കുള്ള ദിവ്യൗഷധമായി ഉപയോഗിച്ചിരുന്നു. ദക്ഷിണഭാരതത്തിലെ മുനിവര്യനായിരുന്ന അഗസ്ത്യരുടെ കാലത്തെ സിദ്ധവൈദ്യത്തെക്കാളും ഔഷധങ്ങളെക്കാളും ബോഗരുടെ സിദ്ധൗഷധങ്ങൾക്ക് ഫലപ്രാപ്തി ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെട്ടുവരുന്നു.

പഴനിദേവസ്ഥാനം കോളേജിനുള്ള സ്ഥലത്തിനുപുറമെ കോവിലിലേയ്ക്കുള്ള സ്വർണ്ണരഥം, വജ്രക്കിരീടം, സ്വർണ്ണമയിൽവാഹനം, വിഞ്ച്, ഇലക്ട്രിക് ട്രാക്ഷൻ എന്നിവ സമർപ്പിച്ചത് സ്ഥലത്തെ പ്രധാനസമ്പന്നനും ഭക്തനുമായ മുരുകേശമുതലിയാരാണ്.

പഴനിയിലെ പ്രധാന ഉത്സവങ്ങൾ തൈപ്പൂയമഹോത്സവവും പങ്കുണിഉത്രമഹോത്സവവും ആണ്. പ്രധാനദിവസങ്ങളിൽ തങ്കരഥത്തിൽ അലങ്കാരങ്ങളോടെ മുരുകനെ പുറത്തേയ്ക്ക് എഴുന്നള്ളിക്കാറുണ്ട്. തങ്കരഥത്തിലെ മുരുകദർശനം മഹാപുണ്യമായി കരുതപ്പെടുന്നു.

കാവേരിയുടെ പോഷകനദിയായ അമരാവതിയുടെ കൈവഴിയായ ഷൺമുഖനദി പഴനിയെ ചുറ്റിയൊഴുകുന്നു. പഴനിയുടെ അടിവാരത്തിലെ വൈയാപുരി തീർത്ഥക്കുളം എന്നറിയപ്പെടുന്ന തടാകം ഷൺമുഖനദിയുമായി ബന്ധിപ്പിക്കപ്പെട്ടിരി
ക്കുന്നു. ഇത് ഷൺമുഖതീർത്ഥമായും പ്രസിദ്ധമാണ്.

കുട്ടിക്കാലംമുതൽ പലതവണ സന്ദർശിച്ചിട്ടുള്ള പഴനിക്കോവിൽ എനിക്ക് തിരക്കുകൾക്കിടയിൽ ഒരു അഭയമായിരുന്നു. കോയമ്പത്തൂരിലും മധുരയിലും ജോലിചെയ്തിരുന്നപ്പോൾ പഴനി പലപ്പോഴും യാത്രകൾക്കിടയിൽ ഒരു ഇടത്താവളമായിരുന്നു. ഇവിടത്തെ ദേവസ്ഥാനം ലോഡ്ജിൽ വെച്ചാണ് ഞാൻ ചില കഥകൾ എഴുതിയത്. മാത്രമല്ല, കൊയ്ത്തുകാലത്ത് ഇവിടെഅരിവില വളരെ കുറവാണ്. ഞങ്ങൾ പലപ്പോഴും പഴനിയിൽ നിന്നു മടങ്ങുമ്പോൾ പഞ്ചാമൃതത്തോടൊപ്പം അരിയും പ്രസാദമായി വാങ്ങിപ്പോയിരുന്നു.

മലമുകളിലെത്താൻ സൗകര്യപ്രദമായ നവീനമാർഗ്ഗങ്ങളുണ്ടെങ്കിലും ഓരോ പടവും തൊട്ടുകുമ്പിട്ടു കയറിക്കടന്ന് എത്തുന്നതാണ് പുണ്യം. അതിനിടയിലെ വിശ്രമമണ്ഡപങ്ങളിൽ നിന്നുള്ള കാഴ്ചകളും തീർത്ഥയാത്രയുടെ ഭാഗമാക്കാം. നിങ്ങൾക്കും പഴനിയാത്ര പലപ്രകാരത്തിലും ഓർമ്മിക്കത്തക്കതാവും എന്ന് ഉറപ്പ് തരുന്നു.

പി. എൻ. വിജയൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: