ഹൗസ്‌ബോട്ടിലെ താമസം മതിയാക്കി ശ്രീനഗറിൽ നിന്നും ഞങ്ങൾ രാവിലെ 6 മണിക്കു യാത്ര ആരംഭിച്ചു. പുതിയ ഡ്രൈവർ ആണ്. കണ്ടാൽ നമ്മുടെ ഉണ്ണിക്കുട്ടനെ പോലെ. അത് തന്നെ… അക്കുസെട്ടയുടെ ഉണ്ണിക്കുട്ടൻ. വഴിമധ്യേ ചെറിയ ഒരു ഹോട്ടലിൽ കയറി ആലു പെറോട്ടയും രാജ്മ കറിയും കഴിച്ചു. റോഡിന്റെ എതിർ വശത്തായി ഒരു ചെറിയ നദി കാണാം. നല്ല ഉരുളൻ കല്ലുകളും തെളിനീർ ജലവും . ഉണ്ണിക്കുട്ടനെ ഫോട്ടോസ് എടുക്കാൻ വിളിച്ചു. ആൾ ഹാപ്പി ഹാപ്പി 😄. അങ്ങനെ ഉണ്ണിക്കുട്ടന്റെ കൂടെ നിന്ന് ഫോട്ടോസ് ഒക്കെ എടുത്തു വണ്ടിയിൽ കയറി യാത്ര തുടർന്നു.
സോനാമാർഗ് വഴിയാണ് യാത്ര. സോനാമാർഗ് അടുക്കുന്തോറും തണുപ്പ് കൂടിവരുന്നു. നല്ല തണുത്ത കാറ്റും. ഞങ്ങൾ സോനാമാർഗ്ഗിൽ എത്തി. പച്ച താഴ്‌വര. ശരിക്കും ഒരു പച്ച പരവതാനി പോലെ. അങ്ങിങ്ങായി കുതിരകൾ നില്പുണ്ട്. സോനാമാർഗ്ഗിൽ ഞങ്ങൾക്കു ചിലവഴിക്കാൻ അധികം സമയം ഇല്ലാതിരുന്നതിനാൽ സോജിലാ പാസ് വഴി ദ്രാസ്സിലേക് തിരിച്ചു.
കാർഗിൽ- ലെ റൂട്ടിലൂടെയുള്ള യാത്ര വളവുകളും കൊക്കകളും നിറഞ്ഞതാണ്. അകലെ നിന്ന് വണ്ടികൾ വരുന്നത് കാണുമ്പോൾ അല്പം പേടി തോന്നാതിരുന്നില്ല. എതിരെ വരുന്ന വണ്ടിക്ക് സൈഡ് കൊടുക്കാൻ എല്ലായിടത്തും പറ്റില്ല. മരങ്ങൾ ഇല്ലാത്ത മലകൾ.. അവക്കിടയിലൂടെ വെള്ളിരേഖകൾ പോലെ ചെറിയ വെള്ളച്ചാട്ടങ്ങൾ😍.. മലകളിലെ മഞ്ഞു ഉരുകി വരുന്നതാണ് ഇത് എന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു . രാവിലെ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്രെ. വഴിയിൽ എല്ലാം മണ്ണിടിഞ്ഞു വീണിട്ടുണ്ട്. ഒരു തരം കൂർത്ത കല്ലുകൾ . ജെസിബി വന്നു വഴി ശരിയാക്കുന്ന വരെ ഞങ്ങൾക്ക് വെയിറ്റ് ചെയേണ്ടി വന്നു. അങ്ങനെ ഉച്ചയോടു കൂടി ഞങ്ങൾ ദ്രാസ്സിൽ (The second coldest inhabited place in the world) എത്തി.
winter ഇൽ ഇവിടെ മുഴുവൻ മഞ്ഞുമൂടികിടക്കും. ചെറിയ ചാറ്റൽ മഴയുണ്ട്. നല്ല തണുപ്പും. ചെറിയ ഒരു ഗ്രാമം. ഉച്ചഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി. ഹോട്ടൽ എന്ന് വിളിക്കാൻ പറ്റില്ല. ഒരു വീടിന്റെ മുൻവശത്തു കുറച്ചു കസേരകളും മേശയും ഒക്കെ ഇട്ടിരിക്കുന്നു. ഞങ്ങൾ പച്ചരി ചോറും മട്ടൺ കറിയും ( കാശ്മീരി വീട്ടിലെ ഊണ് 😄)കഴിച്ചു. അതിനു ശേഷം ആ വഴികളിൽ കൂടെ കുറച്ചു നടന്നു. വീണ്ടും വണ്ടിയിൽ കയറി. കാർഗിൽ വാർ മെമ്മോറിയൽ ലക്ഷ്യമാക്കി യാത്ര തുടർന്നു.
1999 ലെ ഇന്ത്യ – പാക് യുദ്ധസമയത്തു operation vijay എന്നറിയപെടുന്ന യുദ്ധത്തിൽ ജീവൻ ബലി കഴിച്ച ധീര സൈനികരെ ആദരിക്കാൻ വേണ്ടി ഇന്ത്യൻ ആർമി 2014 November ഇൽ പണികഴിപ്പിച്ച സ്മാരകം. ആർമിയുടെ ഒരു ബേസ് ക്യാമ്പ് കൂടെ ഉണ്ട് ഇവിടെ. വാർ മെമ്മോറിയലിനു മുമ്പിൽ എത്തി. മുമ്പിൽ പോയ ചെറുപ്പക്കാർ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു പറയുന്നുണ്ട് .ഞങ്ങൾ ഉള്ളിലേക്കു നടന്നു. അകത്തേക് കയറിച്ചെല്ലുമ്പോൾ തണുത്ത കാറ്റിൽ രണ്ടുവശങ്ങളിലും ദേശീയപതാക പാറിക്കളിക്കുന്നു. നടുവിലായി പിന്നിലുള്ള മലനിരകൾക്കു മുകളിൽ എന്നപോലെ കൂറ്റൻ ഇന്ത്യൻ പതാക. ഈ മണ്ണിൽ അവരുറങ്ങുന്നു എന്ന് എഴുതിയിരിക്കുന്നു.
പെട്ടെന്നു ആരോ മലയാളത്തിൽ സംസാക്കുന്നതു കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ 2 മലയാളി സൈനികർ.🧑🏭🧑🏭 അവരെ പരിചയപെട്ടു. ഒരാൾ പത്തനംതിട്ടക്കാരൻ, മറ്റെയാൾ കണ്ണൂരും. അവർ ഇച്ചായനോട് സർ ഏതു റെജിമെന്റിലെ ആണെന്ന് ചോദിക്കുന്നു. 😳. ഞാൻ ഈ നാട്ടുകാരിയെ അല്ല… ഒന്നും കേട്ടിട്ടും ഇല്ല എന്നുള്ള എന്റെ നിൽപ്പും , മുഖഭാവവും കണ്ടപ്പോൾ ചോദിച്ച ആൾക്ക് കാര്യോം മനസിലായി . എന്നാലും ഇത് എങ്ങനെ ..🤔 .ഞാൻ ഇച്ചായനെ അടിമുടി ഒന്ന് നോക്കി. ഓ അതാണല്ലേ കാര്യോം 💡. എന്നാലും ധനേഷേട്ടാ.. (ധനേഷ് ചേട്ടൻ സമ്മാനിച്ച ഷൂ ആണ് ഈ ചോദ്യത്തിന് പിന്നിൽ) . പതുകെ ഞാൻ അടുത്ത് ചെന്ന് പറഞ്ഞു. മസിൽ വിട്ടോ .. ഏതു പട്ടാളക്കാരനും ഒരു അബദ്ധം ഒക്കെ പറ്റും എന്ന് .പട്ടാളക്കാരൻ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് കാർഗിൽ വാർ മെമ്മോറിയലിന്റെ ചരിത്രം വിവരിച്ചു.
യുദ്ധം നടന്നത് മുമ്പിൽ കാണുന്ന Tololing , tiger hill കളിൽആയിരുന്നു. പാക് സൈന്യം LOC ( line of control ) കടന്നു Tololing മലനിര ആദ്യം പിടിച്ചടക്കി . ചുറ്റുമുള്ള എല്ലാ സ്ഥലങ്ങളും കൈയടക്കി കാശ്മീർ പിടിച്ചെടുക്കാൻ ആയിരുന്നു പാക് സൈന്യത്തിന്റെ പദ്ധതി. എന്നാൽ ഏകദേശം 60 ദിവസത്തിലേറെ നീണ്ടു നിന്ന “operation Vijay “ലൂടെ ഇന്ത്യൻ സൈന്യം പാക് സൈന്യത്തെ തുരത്തി Tololing കൊടുമുടി പിടിച്ചെടുത്തു.527 ഇന്ത്യൻ സൈനികർ ആണ് വീരമൃതു വരിച്ചത്. ഇതിന്റെ ഓർമക്കായി എല്ലാ വർഷവും July26 Kargil diwas ആഘോഷിക്കുന്നു.
മെമ്മോറിയലിന്റെ ഇടതു വശത്തായി ഒരു പ്രദേശമാകെ ചെറിയ മാർബിൾ ഫലകങ്ങൾ ഉണ്ട്. ആ മാർബിൾ ഫലകങ്ങളിൽ എല്ലാം കൊത്തിവെച്ച ഒരേ വാക്കുകൾ.. യുദ്ധത്തിൽ വീരമൃത്യു വരിച്ച ഓരോ പട്ടാളക്കാരന്റെ പേരുകളും അതിൽ എഴുതി വെച്ചിരിക്കുന്നു . ഓരോ ഫലകത്തിലും ഓരോ ദേശീയ പതാകയുമുണ്ട്. പക്ഷെ അതിനുള്ളിലേക് പ്രവേശനം ഇല്ല. സന്ദർശകർ അവിടെ നട്ടിരിക്കുന്ന പൂക്കളും ചെടികളും ഒക്കെ നശിപ്പിക്കുന്നതിനാലത്രേ.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവിടെ നിന്നും ഇറങ്ങി വലതു വശത്തുള്ള ഹാളിൽ കയറി.
പാക് പട്ടാളത്തിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും യുദ്ധത്തിൽ മരിച്ച പട്ടാള ഉദ്യോഗസ്ഥരുടെ വിവരങ്ങളും , ഫോട്ടോകളും ഒക്കെയുള്ള ഒരു ഗാലറി. കണ്ണീർ തുടച്ചു നീക്കി അവ കാണാൻ ഒരു വിഫല ശ്രമം നടത്തി. പറ്റുന്നില്ല. ഒരു പാക് പതാക തല കീഴായി ഉയർത്തിയിരിക്കുന്നു. ഈ പതാക യുദ്ധത്തിൽ പിടിച്ചെടുത്തത് ആണ്. നമ്മുടെ വിജയത്തിന്റെ പ്രതീകം ആണ് ഈ തല കീഴായി ഉയർത്തിയ പാക് പതാക. ഇവിടെ ഫോട്ടോ എടുക്കാൻ അനുവാദം ഇല്ല. ആ പട്ടാളക്കാരനു നന്ദി പറഞ്ഞു അവിടെ നിന്ന് ഇറങ്ങി വെളിയിൽ വെച്ചിരിക്കുന്ന പീരങ്കികളുടെയും മറ്റും ഫോട്ടോസ് ഒക്കെ എടുത്തു നിൽക്കുമ്പം മഴ പെയ്തു തുടങ്ങി. അവിടെ ഉള്ള ഒരു കെട്ടിടത്തിന്റെ അരികിൽ കയറി നിന്നു. കുറെ പട്ടാളക്കാർ ഉണ്ടായിരുന്നു അവിടെ.
രണ്ടു ദിവസം മുമ്പായിരുന്നു Kargil Diwas . അതിന്റെ ഭാഗമായി വന്നതാണ് ഇവർ. മഴ ശമിച്ചു. വിങ്ങിപൊട്ടുന്ന മനസുമായി അവിടെ നിന്നു ഇറങ്ങുമ്പോൾ മനസ്സിൽ നീറ്റലായി ഈ വാക്കുകൾ എഴുതി വെച്ചിരിക്കുന്നു. “നിങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ ഞങ്ങളെ പറ്റി അവരോട് പറയുക. നിങ്ങളുടെ നാളെക്കായി ഞങ്ങൾ ഞങ്ങളുടെ ഇന്നിനെ നൽകി.”( “when you go home, tell them of us for their tomorrow,we give our today “) ജയ് ഹിന്ദ് ,🫡. വന്ദേ മാതരം ….
തുടരും….
ശീതൾ ടെൻസി, ബഹ്‌റൈൻ.