കഴിഞ്ഞ ഭാഗത്ത് ഇടുക്കി അണക്കെട്ടിനെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരുന്നത്. 1968 ഫെബ്രു. 17 ന് അണക്കെട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 1976 ഫെബ്രു 112 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, പദ്ധതി ഉത്ഘാടനം ചെയ്തു.
ഇടുക്കി അണക്കെട്ടിന്റേയും, ഭൂഗർഭ വൈദ്യുതി നിലയത്തിന്റേയും നിർമ്മാണച്ചുമതല കാനഡയ്ക്കായിരുന്നു.പദ്ധതിയ്ക്ക് 78 ലക്ഷം കനേഡിയൻഡോളറിന്റെ സഹായവും 115 ലക്ഷം കനേഡിയൻ ഡോളറിന്റെ ദീർഘകാലവായ്പയും അനുവദിച്ചു.
നിർമ്മാണത്തിനായി 4,64,000 ഘനമീറ്റർ കോൺക്രീറ്റ് ഉപയോഗിച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഏറ്റവും പ്രധാന ഘടകമാണ് ചെറുതോണി അണക്കെട്ട്. ഗ്രാവിറ്റി ഡാമായതിനാൽ ഇടുക്കി അണക്കെട്ടിനേക്കാൾ കോൺക്രീറ്റ് ചെറുതോണി അണക്കെട്ടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
ഇടുക്കിയിലും ചെറുതോണിയിലും സംഭരിക്കുന്ന ജലം കുളമാവുവരെ വ്യാപിച്ചു കിടക്കുന്നു. ഇടുക്കിയിലെ അണക്കെട്ടിലൂടെ മാത്രം പെരിയാറിനെ തടഞ്ഞു നിർത്താൻ കഴിയുമായിരുന്നില്ല. അങ്ങനെയാണ് ചെറുതോണി അണക്കെട്ട് നിർമ്മിച്ചത്. കുറവൻ മലയിലെ പാറയാണ് രണ്ട് അണക്കെട്ടുകളുടേയും നിർമ്മാണത്തിന് ഉപയോഗിച്ചത്.
മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കിളിവള്ളി വരെയെത്തുന്ന ജലസംഭരണി കിളിവള്ളിത്തോടിന് കുറുകെ പണിത കുളമാവ് അണക്കെട്ടുകൊണ്ടാണ് തടഞ്ഞു നിർത്തുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഏറ്റവും ചെറിയ അണക്കെട്ടാണിത്. മൂന്ന് അണക്കെട്ടുകളുടേയും മുകൾ ഭാഗം ഒരേ തലത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് 736.09 മീറ്റർ.
ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയമാണ് മറ്റൊരു അത്ഭുതങ്ങളിലൊന്ന്. ഭൂമിയ്ക്കടിയിലെ അത്ഭുതം.
ഇടുക്കി അണക്കെട്ടിലെ വെള്ളം മൂലമറ്റത്തെ ഭൂഗർഭ നിലയത്തിലുള്ള കേന്ദ്രത്തിലെത്തിച്ചാണ് വൈദ്യുതി ഉല്‌പ്പാദിപ്പിക്കുന്നത്. വെള്ളം അവിടേയ്ക്കെത്തിക്കുന്നത് ഭൂഗർഭതുരങ്കങ്ങളിലൂടെയാണ്. തുരങ്കത്തിലേയ്ക്ക് വെള്ളം കടക്കുന്ന സ്ഥലത്ത് ഒരു പ്രവേശന ഗോപുരം നിർമ്മിച്ചിരിക്കുന്നു. ഗോപുരത്തേയും തുരങ്കത്തേയും 7.01 മീറ്റർ വലിപ്പമുള്ള കോൺക്രീറ്റ് കുഴൽ വഴി ബന്ധിപ്പിച്ചിട്ടുണ്ട്.
ഒരു സെക്കൻഡിൽ 153 ഘനമീറ്റർ വെള്ളമാണ് കുഴലിലൂടെ പ്രവഹിക്കുന്നത്. തുരങ്കത്തിലൂടെ ജലം മൂലമറ്റം പവർ ഹൗസിലേയ്ക്ക് പോകുമ്പോഴുണ്ടാകുന്ന മർദ്ദം കുറയ്ക്കാൻ നാടുകാണി മല തുരന്ന് സർജ് ഷാഫ്റ്റ് നിർമ്മിച്ചിട്ടുണ്ട്. ജലത്തെ നിയന്ത്രിക്കുന്നതിന് ബട്ടർഫ്ലൈ വാൽവ് ചേംബറുണ്ട്.
നാടുകാണി മലയ്ക്കുള്ളിൽ 750 മീറ്റർ താഴ്ചയിലാണ് മൂലമറ്റം വൈദ്യുതിനിലയം നിർമ്മിച്ചിരിക്കുന്നത്. 84,000 ഘനമീറ്റർ പാറയാണ് ഇതിന്റെ നിർമ്മാണത്തിനായി തുരന്ന് മാറ്റിയത്.
നിലയത്തിലേയ്ക്ക് എത്താനുള്ള കമാനാകൃതിയിലുള തുരങ്കത്തിന് 600 മീറ്റർ നീളമുണ്ട്. ആറു ജനറേറ്ററുകളാണ് നിലയത്തിൽ . ഇടുക്കി അണക്കെട്ടിൽ നിന്നും തുരങ്കം വഴി വൈദ്യുതനിലയത്തിലേയ്ക്കെത്തുന്ന വെള്ളമാണ് ജനറേറ്ററുകളുടെ ടർബൈൻ കറക്കുന്നത്. മിനിട്ടിൽ 375 പ്രാവശ്യമാണ് കറക്കം.
ഉല്പ്പാദിപ്പിക്കേണ്ട വൈദ്യുതിയുടെ അളവിനനുസരിച്ച് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കും.
ഉല്പ്പാദിപ്പിക്കുന്ന വൈദ്യുതി ട്രാൻസ്ഫോമറുകളിൽ നിന്ന് സ്വിച്ച് യാർഡിലേയ്ക്കെത്തുന്നത് പ്രത്യേക കേബിളുകൾ വഴിയാണ്. കേബിളുകൾക്കായി രണ്ടു തുരങ്കങ്ങൾ ഭൂഗർഭ നിലയത്തിൽ നിന്ന് സ്വിച്ച് യാർഡിലേയ്ക്ക് നിർമ്മിച്ചിട്ടുണ്ട്.
ഉപകരണങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ഭൂഗർഭ നിലയത്തിനകത്ത് ഒരു കൺട്രോൾ റൂം പ്രവർത്തിക്കുന്നു.
വൈദ്യുതി ഉല്പ്പാദനത്തിനു ശേഷം ടർബൈനുകളിൽ നിന്ന് പുറത്തേയ്ക്കൊഴുകുന്ന ജലം വിവിധ തോടുകളിലൂടെ തൊടുപുഴയാറിൽ എത്തിച്ചേരുന്നു.
സിസി ബിനോയ്
വാഴത്തോപ്പ്.✍