” ഒലിനിന്ന പുഴയിൽക്കുഴികളിൽ വെള്ളം
ഓഴക്കു വെള്ളം, ഒലിക്കാത്ത വെള്ളം
കുഴി വെള്ളം കൂടിക്കുടിച്ചു തീരുമ്പോൾ –
കുന്തിപ്പുഴേ …നീ… മരിച്ചിരിക്കുന്നു….! ”
കുന്തിപ്പുഴേ ….നീ…. മരിച്ചിരിക്കുന്നു….!
എന്ന് പണ്ട് ഒളപ്പമണ്ണ പാടിയിരിക്കുന്നു… കുന്തിപ്പുഴയെക്കുറിച്ച് ….
കാലങ്ങളായി കുറവൻ മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ സ്വതന്ത്രയായി പാഞ്ഞൊഴുകിയിരുന്ന പെരിയാറിനെ പിടിച്ചു കെട്ടി തളച്ചിടുകയായിരുന്നു ഇടുക്കി അണക്കെട്ടിൽ . ഒന്നോർത്താൽ ഇത് പെരിയാറിന്റെ മരണമായിരുന്നുവോ…!? അതുവരെ നാടിനു കുളിർമ്മയേകി… നനച്ചു പരിപാലിച്ച് ഗാംഭീര്യത്തോടെ ഒഴുകിയിരുന്ന പെരിയാറിന്റെ അന്ത്യം…!
എന്തുമാവട്ടെ … ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്നു പറഞ്ഞതു പോലെ ഇന്നും ഇടുക്കി ഡാം വിസ്മയമായി , അതിന്റെ ഗാംഭീര്യം ഒട്ടും തന്നെ കുറയാതെ തന്നെ നിലനില്ക്കുന്നു…
1932 – ൽ ഡബ്ല്യൂ ജെ.ജോൺ ആണ് ഇടുക്കിയെ കണ്ടെത്തിയത് എന്നു പറഞ്ഞിരുന്നുവല്ലോ. അദ്ദേഹം എൻജിനീയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
1937 – ൽ ഇറ്റലിക്കാരായ അഞ്ജമോ , ഒമേദയോ, ക്ളാന്തയോ മാസലെ എന്ന എൻജിനീയർമാർ അണക്കെട്ട് പണിയുന്നതിന് അൻ കൂലമായി പഠന റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല എങ്കിലും വീണ്ടും അതിനായി സമഗ്രമായ പഠനങ്ങൾ നടന്നുകൊണ്ടിരുന്നു.
1961-ൽ ആണ് അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്. 1963 – ൽ പദ്ധതിയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ് ഏറ്റെടുത്തു.
പദ്ധതിയുടെ പ്രധാന അണക്കെട്ടായ ഇടുക്കി, കുറവൻ മലയേയും, കുറത്തിമലയേയും ബന്ധിപ്പിക്കുന്നു. ഇതുമൂലം സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകിപ്പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഈ മൂന്ന് അണക്കെട്ടുകളും കൂടി ചേരുന്നതാണ് ഇടുക്കി ജലവൈദ്യുതപദ്ധതി.
ഇടുക്കിയിൽ അണക്കെട്ട് നിർമ്മിക്കണമെങ്കിൽ പെരിയാറിനേയും, ചെറുതോണി അണക്കെട്ട് നിർമ്മിക്കാൻ ചെറുതോണി ആറിനേയും വഴി തിരിച്ചു വിടണമായിരുന്നു. ചെറുതോണിപ്പുഴയിൽ ഒരു താല്ക്കാലിക അണക്കെട്ട് നിർമ്മിച്ച്, രണ്ടു പുഴകൾക്കും ഇടയിലുണ്ടായിരുന്ന കുന്നിലൂടെ തുരങ്കം നിർമ്മിച്ച് ചെറുതോണിയെ പെരിയാറിലേയ്ക്കൊഴുക്കി. പെരിയാറിലും താല്ക്കാലിക അണക്കെട്ട് നിർമ്മിച്ചു.
60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജലസംഭരണി, 6000 മീറ്ററിലധികം നീളമുള്ള വ്യത്യസ്ഥ വലിപ്പത്തിലുള്ള തുരങ്കങ്ങൾ, മലതുരന്ന് നിർമ്മിച്ച ഭൂഗർഭ വൈദ്യുതി നിലയം ഇങ്ങനെ അനവധി പ്രത്യേകതകളാണ് ഇടുക്കി ജലവൈദ്യുതപദ്ധതിയ്ക്കുള്ളത്.
അണക്കെട്ടിൽ നിന്ന് മൂലമറ്റം വൈദ്യുതി ഉല്പ്പാദനനിലയത്തിലേയ്ക്ക് വെള്ളം എത്തിക്കുന്നതിന് അണക്കെട്ടിനുള്ളിലായി പ്രവേശന ഗോപുരമുണ്ട്. നിർമ്മാണം പൂർത്തിയാക്കി അണക്കെട്ടിൽ വെള്ളം നിറച്ചതിനു ശേഷം ഈ പ്രവേശന ഗോപുരം എന്നും വെള്ളത്തിനടിയിലാണ്.
കമാന ആകൃതിയിലാണ് ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏക ആർച്ച് ഡാം.രണ്ടായിരം ദശലക്ഷം ടണ്ണോളം വെള്ളം സംഭരിക്കാൻ കഴിയുന്ന അണക്കെട്ടിന്റെ മർദ്ദം താങ്ങാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ മാതൃകയെന്ന നിലയിലാണ് ആർച്ച് ഡാം പണിതത്. വെള്ളം നിറയുമ്പോൾ പുറത്തേയ്ക്ക് അല്പ്പം തള്ളുന്ന രീതിയിലാണ് ഇതിന്റെ ഘടന.
അണക്കെട്ടിൽ ജലം സൃഷ്ടിക്കുന്ന മർദ്ദം സൂക്ഷ്മമായി നിരീക്ഷിക്കുവാൻ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. അണക്കെട്ടിന്റെ വലതു സൈഡിൽ കുറത്തിമലയ്ക്കുള്ളിൽ അണക്കെട്ടിലേയ്ക്കിറങ്ങാനായി 13 അടി വ്യാസത്തിലും 550 അടി ഉയരത്തിലും പാറ തുരന്ന് ലിഫ്റ്റ് നിർമ്മിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അണക്കെട്ടിനുള്ളിൽ വ്യത്യസ്ഥ നിലകളിലായി ഇൻസ്പെക്ഷൻ ഗ്യാലറികളുമുണ്ട്.
മൂന്ന് അണക്കെട്ടുകളുടേയും മുകൾ ഭാഗം ഒരേ തലത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് 736.09 മീറ്റർ. ഇടുക്കിയിലും ചെറുതോണിയിലും സംഭരിക്കുന്ന ജലം കുളമാവു വരെ വ്യാപിച്ചു കിടക്കുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണി കഴിപ്പിച്ചിട്ടുള്ളത്.
സിസി ബിനോയ് വാഴത്തോപ്പ്✍