പേരു പോലെ തന്നെ മലകൾക്കു നടുവിലൂടെ ഇടുങ്ങി ഒഴുകുന്ന പെരിയാറും കുറവൻ കുറത്തി മലകളും എന്നും ഇടുക്കിയുടെ വിസ്മയക്കാഴ്ചകൾ തന്നെയാണ്. ഇവിടത്തെ ഓരോ മലകൾക്കും പാറക്കെട്ടുകൾക്കും വ്യത്യസ്ഥമായ പല കഥകളും പറയാനുണ്ടാവും. ചിലപ്പോൾ അവിശ്വസനീയമെന്ന് തോന്നാം… എന്നാൽ അവാച്യമായ … അനിർവചനീയമായ എന്തോ…ഉള്ളിലേയ്ക്ക് ആവാഹിക്കപ്പെടുന്നതു പോലെയാണ് ഓരോ കാഴ്ചകളും നമ്മുടെ മനസ്സിനെ വലിച്ചടുപ്പിക്കുക. പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് ഇടുക്കി തലയെടുപ്പോടെ ഇന്നും.
കുറവൻ കുറത്തി മലകൾക്ക് ആ പേരു വന്നതിൽ രസകരമായ ഒരു ഐതിഹ്യ കഥയുണ്ട്.
യുഗങ്ങൾക്ക് മുൻപ് … മലകളും … പുഴകളും … പൂമരങ്ങളും നിറഞ്ഞ മനോഹരമായ കാനനഭൂമി.. നിർഭയരായി സ്വൈരവിഹാരം നടത്തുന്ന കാട്ടുമൃഗങ്ങൾ … അവയോടിണങ്ങിയും പിണങ്ങിയും കഴിയുന്ന കാട്ടുമനുഷ്യർ. കാടിന്റെ സംരക്ഷകനായി ഉത്തുംഗ ശൃഖനായ സഹ്യൻ . കുതിച്ചൊഴുകുന്ന പെരിയാർ …
കാട്ടിലെ മനുഷ്യരും മൃഗങ്ങളും പെരിയാറിന്റെ തീരങ്ങളിലായിരുന്നു വിശ്രമസങ്കേതം കണ്ടെത്തിയിരുന്നത്. ദേവകൾക്കു പോലും അസൂയ ജനിപ്പിച്ചിരുന്ന വനഭൂമിയായിരുന്നു അത്.
ഒരിക്കൽ നിഷാദ രാജകുമാരനായ കുറവൻ, പ്രാണസഖിയായ കുറത്തിയുമൊത്ത് പെരിയാറിന്റെ തീരങ്ങളിൽ വിഹരിച്ചു കൊണ്ടിരിക്കവേ, വിശാലമായ ജലപ്പരപ്പിൽ ഓളങ്ങൾ സൃഷ്ടിച്ച് രണ്ടു സുന്ദരരൂപങ്ങൾ നീന്തിക്കുളിക്കുന്നത് അവർ കണ്ടു. ഒരാൾ പുരുഷനും മറ്റേയാൾ സ്ത്രീയുമായിരുന്നു. അവരുടെ ആകാരസൗഷ്ഠവത്തിൽ ആകൃഷ്ടരായി കുറവനും കുറത്തിയും മിഴിച്ചു നിന്നു. ഈ വനാന്തരത്തിൽ, നീരാടാനിറങ്ങിയ അവർ ദേവഗണങ്ങൾ തന്നെയായിരുന്നു.
തങ്ങളുടെ നീരാട്ടിനു ഭംഗം നേരിട്ടതറിഞ്ഞ് ദേവൻ ഉഗ്രകോപത്തോടെ കുറവനേയും കുറത്തിയേയും ശപിച്ചു.! “നിങ്ങൾ പാറകളായി അകന്നു മാറി കഴിയട്ടെ.” കുറവനും കുറത്തിയും ദയയ്ക്കായി കേണപേക്ഷിച്ചെങ്കിലും അവർ രണ്ടു പാറകളായി മാറിക്കഴിഞ്ഞിരുന്നു. പെരിയാർ അവർക്കിടയിലൂടെ ഞെങ്ങിഞെരുങ്ങി ഒഴുകിത്തുടങ്ങി.
തുടർന്ന്, കലിയുഗത്തിൽ മനുഷ്യർ നിങ്ങളെ ബന്ധിപ്പിക്കുമെന്ന ശാപമോക്ഷവും നൽകി ദേവകൾ അപ്രത്യക്ഷരായി. ശിവനും പാർവ്വതീ ദേവിയുമായിരുന്നു അത്. അതോടെയാണ് രണ്ട് പാറകൾ പെരിയാറിനെ തൊട്ടുരുമ്മി നിൽക്കാൻ തുടങ്ങിയത്. കുറവൻ പാറയും , കുറത്തിപ്പാറയും.
ഐതിഹ്യമെങ്കിലും … അതിൽ എത്രമാത്രം സത്യം ഉണ്ടായിരിക്കാം എന്നറിയില്ലെങ്കിലും , വിസ്മയകരമായി ഉയർന്നു നിൽക്കുന്ന ഈ രണ്ടു പാറകളും ഇന്നും കൗതുകക്കാഴ്ചയായി നിലകൊള്ളുന്നു.
1932 – ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു .ജെ . ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടുകയും തുടർന്നുള്ള യാത്രയ്ക്ക് വഴി കാട്ടിയായി കൊലുമ്പനെ കൂടെ കൂട്ടുകയും ചെയ്തു. ഉയർന്ന പാറക്കെട്ടുകളും അതിനിടയിലൂടെ ഒഴുകുന്ന പെരിയാറും ജോണിനെ വളരെയധികം ആകർഷിച്ചു.
കൊലുമ്പൻ കാണിച്ചു കൊടുത്ത കുറവൻ കുറത്തി മലയിടുക്കും അതിനിടയിൽ അല്പ്പം ഞെരുങ്ങി ഒഴുകിയ പെരിയാറും കണ്ടപ്പോൾ ജോണിന് പുതിയൊരു ഐഡിയ തോന്നി. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്പ്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് അദ്ദേഹത്തിനു തോന്നി. പിന്നീട് ജോൺ എൻജിനീയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂർ ഗവൺമെൻറിന് റിപ്പോർട്ട് സമർപ്പിച്ചു.
839 മീറ്റർ ഉയരമുള്ള കുറവൻ മലയേയും 925 മീറ്റർ ഉയരമുള്ള കുറത്തിമലയേയും കൂട്ടിയിണക്കി 555 അടി ഉയരത്തിൽ പെരിയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ട് ലോകാത്ഭുതങ്ങളിൽ ഒന്നാണെന്നു പറയാതെവയ്യ.
പണ്ട് ദേവൻ നൽകിയ ശാപമോക്ഷത്താലല്ലേ ഇവയെത്തമ്മിൽ കൂട്ടി യോജിപ്പിക്കാനായത് എന്നും തോന്നിപ്പോകുന്നു.
സിസി ബിനോയ് വാഴത്തോപ്പ്✍
അടുത്തതിനായി കാത്തിരിക്കുന്നു.പണ്ട് അച്ഛൻ അവിടെ ജോലി ചെയ്യുമ്പോൾ അവധിക്ക് ഞങ്ങൾ കുടുംബം ആയി അവിടുത്തെ KSEB qrs ൽ വന്നു താമസിക്കും.’എന്റെ കാണക്കുയിൽ ‘ എന്നൊരു സിനിമ ഓല ഷെഡ്‌ഡിട്ട തീയേറ്ററിൽ കണ്ടത് ഇന്നലെ പോലെ ഓർക്കുന്നു. 🥰
❤️❤️❤️