കുടിയേറ്റത്തിലൂടെയും കുടിയേറ്റ കർഷകരുടേയും കഠിന പ്രയ്തനത്തിലൂടെ വളർന്നു … ഇടുക്കി .
ഭക്ഷ്യവിളകൾ മാത്രമല്ലാതെ മറ്റൊന്നും കൃഷി ചെയ്യാൻ ആദ്യ കാലത്ത് അനുമതിയുണ്ടായിരുന്നില്ല. ചെയ്താൽത്തന്നെ ഫോറസ്റ്റുദ്യോഗസ്ഥർ അവ വെട്ടിനശിപ്പിച്ചിരുന്നു. എന്നാൽ കാലാന്തരത്തിൽ അതിനു മാറ്റം വന്നു. ആളുകൾ നാണ്യവിളകളും കൃഷി ചെയ്തുതുടങ്ങി.
പിന്നീട് ആളുകളുടെ ജീവിത നിലവാരവും മെച്ചപ്പെടാൻ തുടങ്ങി. റോഡുകൾ, പള്ളികൾ,കുടിപ്പള്ളിക്കൂടം, സർക്കാർ ഡിസ്പെൻസറി, തുടങ്ങി ഓരോന്നായി ഉണ്ടായി. ജാതി മത ഭേദമന്യേ ഒരു മനസ്സായി എല്ലാവരും പ്രവർത്തിച്ചു.
എന്നാൽ തങ്ങളുടെ ഇല്ലായ്മയിൽ നിന്ന് ജീവിതം ആരംഭിച്ച ഇടുക്കിയിലെ കർഷകരെ ഒന്നാകെ തളർത്തുന്നതായിരുന്നു ഇടുക്കി ജലവൈദ്യുത പദ്ധതിക്കു വേണ്ടിയുള്ള ആദ്യ കുടിയിറക്കൽ … കർഷന്റെ മണ്ണ് കൈ വിട്ടു പോകുന്ന ഉത്തരവുകളും തീരുമാനങ്ങളും ആണ് ഉണ്ടായത്. തങ്ങൾ കഷ്ടപ്പെട്ടു നേടിയെടുത്ത ജീവിതവും, മണ്ണും നഷ്ടപ്പെടുമെന്ന അവസ്ഥ അവരുടെ വികസന സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി .
നിരവധി കുടിയിറക്ക് ഭീഷണികൾ അവർക്ക് നേരിടേണ്ടതായി വന്നു. 1952-ൽ ഫോറസ്റ്റ് അലോട്ട്മെന്റിന്റെ കാലാവധി അവസാനിച്ചപ്പോൾ മുതൽ അയ്യപ്പൻ കോവിൽ – കാഞ്ചിയാർ കുടിയിറക്ക് ആരംഭിച്ചു. പക്ഷേ കർഷകർ കൃഷിസ്ഥലം ഉപേക്ഷിച്ചു പോകാൻ കൂട്ടാക്കാതെ റോഡു സൈഡിൽ കുടിൽ കെട്ടി താമസം തുടങ്ങി.
രാഷ്ട്രീയ സ്വാധീനമുള്ളവരുടെ ശ്രമഫലമായി ഗവൺമെന്റിൽ നിന്നു കുടിയിറക്കിനു സ്റ്റേ ലഭിച്ചു. ആളുകൾ പഴയ സ്ഥലത്തു കയറി കൃഷിയാരംഭിച്ചു. പക്ഷേ 1960-ൽ അധികാരത്തിൽ വന്ന പട്ടം താണുപിള്ള സർക്കാരിന്റെ തീരുമാനപ്രകാരം 1961 ൽ അയ്യപ്പൻ കോവിലിനു സമീപം കുടിയിറക്കാരംഭിച്ചു. കുടിലുകളെല്ലാം തീയിട്ടും, കൃഷികളെല്ലാം വെട്ടിയും നശിപ്പിച്ചു. കർഷകരെ ബലമായി വാനിൽ കയറ്റി 40 കിലോമീറ്റർ അകലെ അമരാവതി കാട്ടിൽ തള്ളി.
കടുത്ത ദാരിദ്ര്യവും പെരുമഴയും കൊണ്ടു ദുരിതത്തിലായ കർഷകരെ പ്രതി സർക്കാരിനെതിരെ ബഹുജന സമരം പൊട്ടി പ്പുറപ്പെട്ടു. തുടർന്ന് കുടിയിറക്ക് നിർത്തിവച്ചു.
സിസി ബിനോയ് വാഴത്തോപ്പ്✍