രണ്ടാം ലോകമഹായുദ്ധം നാട്ടിൽ പട്ടിണി വിതച്ചപ്പോൾ ദാരിദ്ര്യം മാറ്റാൻ സർക്കാരിന്റെ അനുവാദത്തോടെ ഇടുക്കിയിലെത്തിയ കർഷകരിൽ നിന്നായിരുന്നു ഇന്നുള്ള ഇടുക്കിയിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പ്.
അധിക ഭക്ഷ്യോത്പാദന പരിപാടിയുടെ ഭാഗമായി 1949 ഏപ്രിൽ 19 ന് കൃഷിക്കാരായ 14 അപേക്ഷകർക്കായി 42 ഏക്കർ സ്ഥലം വാഴത്തോപ്പിലും 6 പേർക്കായി 30 ഏക്കർ സ്ഥലം പൈനാവിലും വനം വകുപ്പിൽ നിന്നും അനുവദിച്ചു കൊടുത്തു. അങ്ങനെ ആദ്യബാച്ചിൽ സ്ഥലം കിട്ടി ഇടുക്കിയിലേയ്ക്ക് വന്നവരിൽ ഒരാളായിരുന്നു പാലാ രാമപുരംകാരനായ മണിമലയിൽ ദേവസ്യ സ്കറിയ എന്ന എന്റെ ഫാദർ ഇൻലോ. അന്ന് കൂടെയുണ്ടായിരുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ, അവിവാഹിതൻ ,വെറും 18 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
നാഗമാണിക്യം തേടിയുള്ള അവരുടെ യാത്ര ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളു. ഇടുക്കിയുടെ വികസന സാധ്യതകൾ സ്വപ്നം കണ്ടു കൊണ്ട് … പണിയായുധങ്ങളും അത്യാവശ്യ ഭക്ഷണസാധനങ്ങളുമായി …. ഘോരവനത്തിൽ കൂടി…
ഉരുളൻ കല്ലുകൾ നിറഞ്ഞ ചെങ്കുത്തായ മലകളും പുഴയും പുല്ലുമേടും പാറക്കെട്ടുകളുമൊക്കെ നഗ്നപാദരായി നടന്ന് …. എത്തിപ്പെട്ടത് കിലോമീറ്ററുകൾ അകലെ ഒറ്റപ്പെട്ടു കിടന്ന സ്ഥലത്ത് .
എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷമെങ്കിലും പകച്ചു നിന്നു പോയിട്ടുണ്ടാവില്ലേ … അവർ… ഇനിയെന്ത്…? എന്ന ഉള്ളിലുയർന്ന ചോദ്യങ്ങൾക്ക് കത്തിക്കാളിയ വിശപ്പാവും മറുപടി പറഞ്ഞിട്ടുണ്ടാവുക.
പ്രകൃതിയുടെ വൈരുധ്യാത്മകത തിരിച്ചറിഞ്ഞു ജീവിക്കുകയായിരുന്നു പിന്നീടങ്ങോട്ട് അവർ. പ്രകൃതിയോടു ചേർന്ന് … തൊട്ടറിഞ്ഞ് … പഠിച്ച പാഠങ്ങൾ അവരുടെ നേരനുഭവങ്ങൾ തന്നെയായിരുന്നു. പുസ്തകത്താളുകളിൽ വർണ്ണിച്ചിരിക്കുന്നതു പോലെ അനായാസമായിരുന്നില്ല ജീവിതങ്ങൾ ഇവിടെ..
അതികഠിനമായ തണുപ്പ് സഹിക്കുവാൻ മതിയായ വസ്ത്രങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. മരക്കമ്പുകൾ കൂട്ടിയിട്ട് ആഴിയുണ്ടാക്കുകയായിരുന്നു ഏക പോം വഴി.
പകൽ അത്യദ്ധ്വാനവും രാത്രി വന്യമൃഗങ്ങളേപ്പേടിച്ച് ഉയരമുള്ള മരങ്ങളിൽ കെട്ടിയുണ്ടാക്കിയ ഏറുമാടങ്ങളിലും ആയിരുന്നു അവരുടെ ജീവിതം.
കൃഷി ചെയ്തു തുടങ്ങിയിട്ട് അടിക്കടിയുണ്ടായ വന്യമൃഗ ശല്യവും, ദാരിദ്യവും, പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ രോഗങ്ങളുമെല്ലാം പലരേയും അവിടെ നിന്നും പിൻ തിരിഞ്ഞു പോകാൻ പ്രേരിപ്പിച്ചു. കൃഷിസ്ഥലങ്ങൾ ഉപേക്ഷിച്ച് പലരും മടങ്ങി. എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് ഏതാനും ആളുകൾ നാടിന് പുതിയ ചരിത്രമെഴുതി.
✍സിസി ബിനോയ്
വാഴത്തോപ്പ് .