ലോകചരിത്രത്തിൽ എല്ലാക്കാലത്തും എല്ലായിടങ്ങളിലും കുടിയേറ്റങ്ങൾ നടന്നിരുന്നു. ഭക്ഷണം കണ്ടെത്തുന്നതിനും, ജീവിത നിലവാരം ഉയർത്തുന്നതിനും, ജനസംഖ്യാ പ്പെരുപ്പവും ഒക്കെയായിരുന്നിരിക്കാം ഹേതുവായിരിക്കുക,
ഒരു പറ്റം ആളുകൾ , ഒരു പ്രദേശത്തു നിന്നും മറ്റൊരു പ്രദേശത്തേയ്ക്ക് മാറി താമസിക്കുക. സ്വാഭാവികമായും പല ബുദ്ധിമുട്ടുകളും അതിജീവിക്കേണ്ടതായി വന്നേക്കാം. കാലാവസ്ഥ, രോഗങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ അങ്ങനെ അങ്ങനെ പലതും.
മലയോര മേഖലയിലെ കുടിയേറ്റം ആ കാലഘട്ടത്തിന്റെ അനിവാര്യത ആയിരുന്നു. അതിന് തയ്യാറായ ജനങ്ങൾ അതിസാഹസികരായിരുന്നു എന്നു തന്നെ പറയാം. സർക്കാരിന്റെ അനുവാദത്തോടെ പുതിയ ഭൂമിയിൽ അവർ കപ്പയും നെല്ലും കൃഷി ചെയ്തു. വിളവെടുപ്പിന് കുരങ്ങും, പന്നിയും , ആനയുമൊക്കെ വന്നിരുന്നെങ്കിൽ പോലും അവയെ തുരത്തിയോടിച്ച് അവരവിടെ കഴിഞ്ഞു. ഒന്നോ രണ്ടോ തവണയായിരുന്നു നാട്ടിലേയ്ക്ക് തിരിച്ചു പോവുക. അതും നടന്നു തന്നെ. ഉള്ളി, മുളക് അതു പോലുള്ള അവശ്യസാധനങ്ങൾ അപ്പോഴേയ്ക്കും തീർന്നിട്ടുണ്ടാവും.
കാട്ടിനുള്ളിലൂടെയുള്ള പാതകൾ എല്ലാം തന്നെ ആനത്താരകൾ കൂടിയായിരുന്നു. യാത്രയിൽ ആനകളുമായി മുഖാമുഖം കാണാറുമുണ്ട്. തിരിഞ്ഞോടിയിട്ടുള്ളതും ഏറെ. ആനയുടെ കണ്ണുമറച്ച് … ഓരോ മരത്തിനും മറഞ്ഞ് മറഞ്ഞ് ഓടുക… അതിനൊക്കെ നല്ല പ്രാക്ടീസ് കിട്ടിയിട്ടുണ്ടെന്നും അവരുടെ ഭാഷ്യം.
ഒരിക്കൽ പാതിരാത്രിയിൽ ഏറുമാടത്തിനുതാഴെ എത്തിയ കൊമ്പൻമാരെ ഓടിച്ച ചരിത്രം കേട്ട് ഇന്നും ഞാൻ ചിരിക്കാറുണ്ട്. മറ്റൊന്നുമല്ലന്നേ…മ്മക്കടെ മനുഷ്യഭാഷ മനസിലാക്കുന്ന ആനകളാ അന്നുള്ളത് … എന്നു വച്ചാൽ …. മോനേ …ന്നുള്ള ഒരു വിളിയിൽ പൊയ്ക്കോളും… ന്ന് … അനുസരണ ഇല്ലാത്തോരാച്ചാ ഒരു പൊട്ടിക്കൽ…മതി… അനുസരിച്ചോളും …
അങ്ങനെ രണ്ടു കൊമ്പന്മാർ ഏറുമാടത്തിനു താഴെ നില്ക്കുന്നു. പേടി കൊണ്ട് അല്‌പ്പം വിറച്ചു പോയെങ്കിലും ഉള്ള ധൈര്യം സംഭരിച്ച് സ്വകാര്യം പറയുമ്പോലെ ശബ്ദം കുറച്ച് പറഞ്ഞു.
“മര്യാദയായിട്ടു പറയുകയാ… ഇവിടെ കളിക്കാൻ വരരുത് … കൈയ്യിൽ തോക്കുണ്ട്. ജീവൻ വേണേൽ പൊയ്ക്കോ… പൊട്ടിയ്ക്കും ….”
കേട്ടപാതി കേൾക്കാത്ത പാതി ചവിട്ടിക്കുലുക്കി ഓടിയെന്നാ പറയുന്നത്.😆
ഇങ്ങനെ എത്രയെത്ര കഥകൾ …. നമുക്ക് കേൾക്കുമ്പോൾ രസമുള്ളത്. അനുഭവിച്ചവർക്ക് അത് ജീവൻ പണയം വച്ചുള്ള കളി തന്നെയായിരുന്നു.
ആർക്കെങ്കിലും രോഗം പിടിപെട്ടാലും വലഞ്ഞതു തന്നെ.ചാക്കു കീറി മുളങ്കൊമ്പിൽ കെട്ടിയുണ്ടാക്കിയ പല്ലക്കിൽ ദുർഘടമായ മലമ്പാതയിലൂടെ ചുമന്ന് ആതുരാലയങ്ങളിൽ എത്തിക്കണം. ഒരിക്കൽ ഇങ്ങനെയൊരാളെ ചുമന്നു കൊണ്ട് രണ്ടുമൂന്നുപേർ യാത്ര തിരിച്ചു. കുറെ ചെന്നപ്പോൾ വിശ്രമിക്കാനും വെള്ളം കുടിക്കാനുമായി ഭാരം താഴെയിറക്കി ഇരുന്നു. പെട്ടെന്ന് പുറകിൽ ആനയുടെ ചിന്നം വിളി ! പ്രാണഭയത്താൽ ഓടി അടുത്തു കണ്ട മരത്തിന്റെ മുകളിൽ എത്തി , അപ്പോഴാണ് രോഗിയുടെ കാര്യം ഓർത്തത് .. നോക്കിയപ്പോൾ അതാ.. തൊട്ടടുത്ത മരത്തിന്റെ ഉച്ചിയിൽ വിവശനായി രോഗി അളളിപ്പിടിച്ചിരിക്കുന്നു. “ഞാനിവിടെ ഉണ്ടേ ” എന്നും. 😆
ജനിച്ചു വളർന്ന നാടിന്റെ സുരക്ഷിതത്വവും, സ്വന്ത-ബന്ധ സാമീപ്യവും ഉപേക്ഷിച്ച് തികച്ചും അന്യമായ സ്ഥലത്ത്, അസ്സഹനീയമായ കാലാവസ്ഥയും വന്യമൃഗങ്ങളുടെ ആക്രമണവും ചെറുത്ത് കഴിഞ്ഞ അവരെ സാഹസികർ എന്നല്ലാതെ എന്താ പറയുക.
ഘോരവനത്തിനുള്ളിൽ കാടുവെട്ടിത്തെളിച്ച് ആദ്യ കൃഷിയിറയിക്കിയപ്പോഴും , വന്യമൃഗങ്ങൾ നശിപ്പിക്കാതെ കാവൽ കിടന്നപ്പോഴും , അരവയറിൽ മുണ്ടു മുറുക്കിയുടുത്ത് രാപ്പകൽ പണിയെടുക്കുമ്പോഴും എന്തായിരുന്നിരിക്കാം അവരെ ഇവിടെ പിടിച്ചു നിർത്തിയിരുന്നത്…? ഏകാന്തതയിൽ … ഒറ്റപ്പെടലിൽ … അവർ അനുഭവിച്ച വേദന ഒറ്റവാക്കിൽ പറഞ്ഞൊതുക്കാനാവുമോ…?
അവരുടെ അദ്ധ്വാനവും വിയർപ്പും കണ്ണീരും കലർന്ന ഈ പെരിയാർ തീരങ്ങളിൽ ഇന്ന് പുതിയൊരു സംസ്ക്കാരം രൂപപ്പെട്ടിരിക്കുന്നു.
ഉത്തരവാദികൾ എന്നവകാശപ്പെടാൻ പലരും മുമ്പിലുണ്ടാവും. എങ്കിൽപ്പോലും അവരുടെ അത്യദ്ധ്വാന കഥകളുടെ ശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്നു.