രാജവാഴ്ചയിലൂടെ ഇടുക്കി … ഒരു തിരിഞ്ഞുനോട്ടം.
രാജവാഴ്ച കാലത്ത് വേണാട് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇടുക്കി. ശിലായുഗത്തിലെ പ്രാകൃത ഗോത്ര വ്യവസ്ഥയെ തുടർന്ന് വന്ന സംഘകാലത്ത് ചേരരാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു കേരളം. എ.ഡി.75-ൽ രാജ്യഭരണമേറ്റ ചേരരാജാവായ നെടും ചേരലാതനും അദ്ദേഹത്തിന്റെ അനുജനായ പൽയാനെ ചൊൽ കുഴു കുടുവനും കൂടി ഒന്നാം ചേരസാമ്രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ചതായി സംഘകാല കൃതിയായ “പതിറ്റുപ്പത്തിൽ ” പറയുന്നു. ഇക്കാലത്ത് ചേരസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്ന ആയിരമല തേക്കടി വന്യജീവി സങ്കേതത്തിനുള്ളിലെ പർവ്വത നിരകളിലാണെന്ന് ചരിത്രകാരന്മാർ പറയുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടോടു കൂടി ഇടുക്കി ജില്ലയുടെ കൂടുതൽ ഭാഗവും തെക്കും കൂർ രാജാക്കന്മാരുടെ അധീനതയിലായി.
ഇടുക്കിയുടെ ചരിത്രത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച പൂഞ്ഞാർ രാജവംശം 1160-ൽ സ്ഥാപിക്കപ്പെട്ടു. മധുര ആസ്ഥാനമായി ഭരണം നടത്തിയിരുന്ന മാനവ വിക്രമ കുലശേഖര പെരുമാൾ എന്ന പാണ്ഡ്യരാജാവായിരുന്നു പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകൻ. ഇദ്ദേഹം തെക്കും കൂർ രാജാവിൽ നിന്നും 750 ച.കി.മി. സ്ഥലം വിലയ്ക്കു വാങ്ങി. ദീർഘകാലത്തെ ശ്രമഫലമായി ഇന്നത്തെ ഇടുക്കി ഉൾപ്പെട്ട കൂടുതൽ സ്ഥലങ്ങൾ വിലയ്ക്കു വാങ്ങുവാൻ മാനവ വികമനും സംഘത്തിനും കഴിഞ്ഞു.
1500-ൽ ഇന്നത്തെ തൊടുപുഴ ഒഴികെയുള്ള ഇടുക്കി ജില്ലയുടെ മുഴുവൻ ഭാഗങ്ങളും പൂഞ്ഞാർ രാജ്യത്തിലായി.
1771-ൽ പൂഞ്ഞാർ ദേശത്തിൽ ഉൾപ്പെട്ട തമിഴ്നാട് പ്രദേശങ്ങൾ കീഴടക്കിയ ഹൈദ്രാലിസുൽത്താൻ ഇന്നത്തെ കുമളിക്ക് സമീപമുള്ള മംഗളാ ദേവി ക്ഷേത്രം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ,ഹൈദ്രാലിയും പൂഞ്ഞാർ രാജാവും തമ്മിൽ ഒരു കരാറിൽ ഒപ്പുവച്ചു.
പൂഞ്ഞാർ രാജാവിന് രാമവർമ്മ തിരുവിതാംകൂർ മഹാരാജാവിനേയും രാജാ കേശവദാസിനേയും സന്ദർശിച്ച് മോൽക്കോയ്മയ്ക്ക് വിധേയപ്പെടേണ്ടതായി വന്നു. തിരുവിതാം കൂറിന് വിധേയപ്പെട്ട രാജവംശത്തിന് തുടക്കത്തിൽ സ്വാത്രന്ത്ര്യവും താമസിയാതെ ഭൂവുടമാവകാശവും നഷ്ടപ്പെട്ടു.
1877-ൽ ജൂലൈ പതിനൊന്നാം തിയതി പൂഞ്ഞാർ രാജാവായ കേരളവർമ്മ, ജോൺ ഡാനിയേൽ മൺറോ എന്ന ഇംഗ്ലീഷുകാരന് കണ്ണൻ ദേവൻ മലനിരകളും സമീപപ്രദേശങ്ങളും പാട്ടത്തിന് നൽകി.
1900-ൽ 12000 ച.കി.മി. വിസ്തൃതിയുണ്ടായിരുന്ന പൂഞ്ഞാർ രാജ്യം അങ്ങനെ 130 ച.കി.മി. ആയി പരിണമിച്ചു.
അങ്ങനെ മൺറോയും , കേരളവർമ്മയും തമ്മിലുള്ള കരാറനുസരിച്ച് കണ്ണൻ ദേവൻ ഹിൽപ്രഡ്യൂസ് കമ്പനി നിലവിൽ വന്നു. തുടർന്ന് മൺറോ നോർത്ത് ട്രാവൻകൂർലാൻഡ് പ്ലാന്റിംഗ് ആൻഡ് അഗ്രിക്കൾച്ചറൽ സൊസൈറ്റി സ്ഥാപിച്ചു. സൊസൈറ്റിയിലെ അംഗങ്ങൾ ഹൈറേഞ്ചിൽ അവരവരുടേതായ എസ്റ്റേറ്റുകൾ സ്ഥാപിച്ചു.
കാപ്പി, ഏലം തുടങ്ങി പലവിളകളും പരീക്ഷിച്ചതിനുശേഷം ഏറ്റവും അനുയോജ്യം തേയില കൃഷിയാണെന്നു കണ്ടെത്തുകയും, വനങ്ങൾ വെട്ടിത്തെളിച്ച് തേയില കൃഷി ആരംഭിക്കുകയും ചെയ്തു. തുടർന്ന് വിവിധ കമ്പനികൾ തേയിലത്തോട്ടങ്ങൾ സ്ഥാപിച്ചു. ഇത് പ്രദേശത്തിന്റെ വികസനം വേഗത്തിലാക്കി.
റോഡുകൾ വെട്ടി, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെട്ടു. , കെട്ടിടങ്ങളും ഫാക്ടറികളും ഉയർന്നുവന്നു. തെയില ഉല്പ്പാദനം വർദ്ധിച്ചു , തൊഴിൽ സാധ്യതകൾ മെച്ചപ്പെട്ടതോടു കൂടി കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള തൊഴിലാളികൾ ഇവിടേയ്ക്കു കുടിയേറാൻ തുടങ്ങി.
സിസി ബിനോയ് വാഴത്തോപ്പ്✍