ശിലായുഗ ജനതയ്ക്കും ഗോത്രവർഗ്ഗങ്ങൾക്കും ശേഷം ഇടുക്കിയിൽ കുടിയേറിയവർ അഞ്ചുനാടൻ തമിഴരാണ്. തുടർന്ന് തിരുവിതാംകൂർ കർഷകരും, തമിഴ് തൊഴിലാളികളും, ഇഗ്ലീഷുകാരും ഇടുക്കിയിലേയ്ക്ക് കുടിയേറി.
1850-ൽ പാശ്ചാത്യമിഷനറിയായ ഹെൻട്രി ബേക്കറും, സഹോദരൻ ജോർജ്ജ് ബേക്കറും ജില്ലയുടെ പടിഞ്ഞാറൻ ചെരുവിലെ കാടുകളിലുണ്ടായിരുന്ന ഗോത്രവർഗ്ഗമായ മലയരയൻമാരുടെ ക്ഷണപ്രകാരം മുണ്ടക്കയത്ത് എത്തി. അവിടെ താമസിച്ചു കൊണ്ട് ദുർഘടമായ മലങ്കെട്ടുകളിലൂടെ കുട്ടിക്കാനം, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിൽ എത്തിച്ചേർന്നു.
തന്റെ മൂത്തപുത്രനായ ഹാരി ബേക്കർക്കു വേണ്ടി, സമൃദ്ധിയുടെ താഴ്‌വരയായിരുന്ന പീരുമേട് തടം തിരുവിതാംകൂർ രാജാവിൽനിന്നും സൗജന്യമായി വാങ്ങുവാൻ ഹെൻട്രിക്ക് കഴിഞ്ഞു.
ആദ്യ എസ്റ്റേറ്റ് ട്വിഫോഡ് 1860-ൽ ആരംഭിച്ചു. ആദ്യ കൃഷി കാപ്പിയായിരുന്നെങ്കിലും കാലാവസ്ഥ അനുയോജ്യമാകാത്തതിനാൽ തേയില കൃഷിയായി. 1872-ൽ കോട്ടയം മുതൽ പീരുമേട് വരെയും 1885-ൽ വണ്ടിപ്പെരിയാർ – കുമളി ഗൂഢല്ലൂരിലേയ്ക്കും ചെറിയ ഒരു കാളവണ്ടിപ്പാത നിർമ്മിച്ചു. ഒരു മലമ്പാത ഉണ്ടായപ്പോൾ കൂടുതൽ ബ്രിട്ടീഷ് പ്ലാന്റർമാരും തദ്ദേശ സമ്പന്നരും ഇവിടെ തോട്ടങ്ങൾ സ്ഥാപിച്ചു.
1877-ൽ മൂന്നാർ മലകൾ, ജോൺ ഡാനിയേൽ മൺറോ , പൂഞ്ഞാർ രാജാവിൽ നിന്നും പാട്ടത്തിനെടുത്തു. മൂന്നാർ മലകൾ ഇംഗ്ലീഷുകാർക്ക് വഴി കാണിച്ചു കൊടുത്തത് അഞ്ചു നാടൻ തമിഴരുടെ സംഘത്തലവനായ കണ്ണൻ തേവൻ ആയിരുന്നു. പിന്നീട് മൂന്നാർ മലനിരകൾ കണ്ണൻ ദേവൻ ഹിൽസ് എന്ന പേരിലറിയപ്പെട്ടു.
1924 – ജൂലൈ മാസത്തിൽ മൂന്നാർ മലകളിൽ ഉണ്ടായ കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും മൂന്നാർ നാമാവശേഷമായി. മലമ്പാതകളും, റെയിൽവേയും, റോപ് വേയും എല്ലാം നശിപ്പിക്കപ്പെട്ടു. ഇത് കൊല്ലവർഷം 1099 -ൽ ആയിരുന്നതിനാൽ 99 – ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നു.
ഇടുക്കിയിൽ ഇംഗ്ലീഷുകാരുടെ തോട്ടങ്ങളിൽ പണിയെടുക്കുവാനെത്തിയിരുന്നത് തമിഴ് തൊഴിലാളികളായിരുന്നു. ഇവർ തേയിലത്തോട്ടങ്ങളുടെ സമീപമുള്ള സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കി. ഹൈറേഞ്ചിലെ കാടുകളിൽ വിളഞ്ഞിരുന്ന ഏലം വിളവെടുക്കുവാൻ തിരുവിതാംകൂർ സൈന്യം കൊണ്ടുവന്ന തമിഴരും അവിടെത്തന്നെ കൂടി.
തമിഴരുടെ കൈയ്യേറ്റം വ്യാപകമായതോടെ 1896-ൽ അനുവാദം കൂടാതെ ഏലമലക്കാടുകളിൽ പ്രവേശിക്കാൻ പാടില്ലെന്ന് തിരുവിതാംകൂർ രാജാവ് ഉത്തരവിട്ടു. 1905-ൽ തിരുവിതാംകൂർ ദിവാൻ കൃഷ്ണസ്വാമി റാവു ഹൈറേഞ്ചിലെ ഏലക്കാടുകൾക്ക് ചെമ്പ് പട്ടയം നൽകിത്തുടങ്ങി.
മൂന്നാർ ഉൾപ്പെടുന്ന പ്രദേശം, പൂഞ്ഞാർ കോവിലകം വകയായിരുന്നു. രാജഭരണത്തിന്റെ കാലത്തു തന്നെ പലർക്കും പണ്ടാരവകപ്പാട്ടം എന്ന നിലയിൽ സ്ഥലങ്ങൾ തീറു നല്കിയിരുന്നു. അങ്ങനെ ലഭിച്ച സ്ഥലങ്ങളുടെ ആധാരങ്ങളാണ് ചെമ്പുപട്ടയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.
1920 – ൽ തമിഴ് സ്വാധീനം ക്രമാതീതമാകുമെന്ന് മനസ്സിലാക്കിയ തിരുവിതാംകൂർ മഹാരാജാവ്, തിരുവിതാംകൂറിൽ ഉള്ളവർക്ക് മാത്രം ഹൈറേഞ്ചിൽ ഭൂമി നല്കിയാൽ മതിയെന്ന് ഉത്തരവിട്ടു. ഇതോടെ നാമമാത്രമായ മലയാളികളും ഹൈറേഞ്ചിലേയ്ക്ക് കുടിയേറിത്തുടങ്ങി. 1940 ആയപ്പോഴേയ്ക്കും ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും തിരുവിതാംകൂർ കർഷകർ കുടിയേറിക്കഴിഞ്ഞിരുന്നു.
തമിഴ്നാട്ടിലെ കമ്പം ദേശത്ത് രാജകൊട്ടാരത്തിനാവശ്യമായ പാൽ ലഭ്യമാക്കിയിരുന്നത്, ആങ്കൂർ റാവുത്തറായിരുന്നു. ഇതിൽ സന്തുഷ്ടനായ മഹാരാജാവ് കുമളി മേഖലയിൽ 498 ഏക്കർ വനഭൂമി കാലികളെ മേയിക്കുവാനും കരമൊഴിയായി കൊടുത്തിരുന്നു. ചില പ്രദേശങ്ങളിലെ മരങ്ങൾ വെട്ടിയെടുക്കുന്നതിനുള്ള അനുവാദം റാവുത്തർ നേടിയെടുത്തു. ഇതിന്റെ മറവിൽ അനധികൃതമായി ഈട്ടി, തേക്ക്, തുടങ്ങിയവ വെട്ടിമാറ്റപ്പെട്ടു. കാട്ടിലെ മരങ്ങൾ മുറിച്ച് മലയടിവാരത്ത് എത്തിച്ചിരുന്നത് കാളവണ്ടികളിൽ ആയിരുന്നു. ഇപ്രകാരം നിർമ്മിക്കപ്പെട്ട കാട്ടുപാതയായിരുന്നു കട്ടപ്പന – അയ്യപ്പൻ കോവിൽ പാത.
ഏലക്കാടുകളിൽ വിളവെടുക്കുന്നതിനായി തിരുവിതാംകൂർ സൈന്യം ഉണ്ടാക്കിയ വഴിത്താരകളും, ആങ്കൂർ റാവുത്തർ പണി കഴിപ്പിച്ച കൂപ്പു റോഡുകളും കുടിയേറ്റക്കാരെ വളരെയധികം സഹായിച്ചു.
1957 – ലെ ഭൂപരിഷ്ക്കരണ നിയമത്തോടെ റാവുത്തർ കുടുംബത്തിന് ഈ ഭൂമേഖലയിലുണ്ടായിരുന്ന സ്വാധീനം നഷ്ടമായി.
സിസി ബിനോയ്
വാഴത്തോപ്പ്.✍