” നിനക്ക് ‘Claustrophobia’, ഉണ്ടോ?”
” അത് എന്തോന്ന്” – എന്തായാലും വാക്കിലെ ‘phobia’ കേട്ടപ്പോൾ എന്തിനെയെങ്കിലും കുറിച്ചുള്ള ഭയത്തെ ആയിരിക്കാം ഉദ്ദേശിക്കുന്നതെന്ന് അനുമാനിച്ചു. അടുത്ത കാലത്തായി ഈ വാക്കിന്റെ ഉപയോഗം കൂടുതൽ ജനകീയമായി കൊണ്ടിരിക്കുകയാണല്ലോ. . ഇത്തരം ഭയത്തിനൊന്നും വീട്ടിൽ നിന്ന് വലിയ പരിഗണന തന്നിരുന്നില്ല അതുകൊണ്ട് കൊച്ചു കുട്ടിയായിരുന്നപ്പോൾ മുതൽ ശ്രദ്ധിച്ചിട്ടില്ല എന്നതാണ് സത്യം. രണ്ടു – മൂന്നു പ്രാവശ്യം അതു തന്നെ ചോദിച്ചു കൊണ്ടിരുന്നാൽ ആർക്കാണെങ്കിലും ഫോബിയ വരില്ലേ? എന്നാലും എനിക്ക് ഇതൊന്നും ഭയമില്ല എന്ന് മട്ടിൽ ഞാനിരുന്നു.
ഛോട്ടാ മഹാദേവ് അല്ലെങ്കിൽ ഗുപ്ത് മഹാദേവ്, വളരെ ഇടുങ്ങിയതും നീളമുള്ളതുമായ ഒരു ഗുഹയാണ്.
ഒരു സമയം ഒരാൾക്ക് മാത്രമെ കടന്നു പോകാൻ കഴിയുകയുള്ളൂ. ‘ സ്ലിം’ ആണെങ്കിൽ കൂടുതൽ നല്ലത്. ഒരേ സമയം 4-8 പേരെ ഗുഹയിൽ അനുവദിക്കും. ഗുഹാമുഖത്ത് വലിയ ഹനുമാൻ പ്രതിമയുണ്ട്. ഗുഹയ്ക്കുള്ളിലായി ഗണേശന്റെയും ശിവലിംഗത്തിന്റെയും വിഗ്രഹങ്ങളാണുള്ളത്. പുരാണമനുസരിച്ച് ഭസ്മാസുരനിൽ നിന്ന് ഒളിക്കാനാണ് ശിവൻ ഇവിടെ തങ്ങിയതെന്നാണ് വിശ്വാസം. പ്രകൃതിദത്തമായ ഗുഹയിലെ ഒരു ശിവക്ഷേത്രം.
പച്ച് മറിയിൽ ശിവന് സമർപ്പിച്ചിരിക്കുന്ന എണ്ണമറ്റ സ്ഥലങ്ങളുണ്ട്. അതിൽ മറ്റൊന്നാണ്
‘ബഡാ മഹാദേവ്’. സിറ്റിയിൽ നിന്നും 10 കി.മീറ്റർ അകലെയാണ് ഈ ആരാധനാലയം. ഇതും ഏകദേശം 60 അടി നീളമുള്ള ഗുഹയാണ്. പ്രാദേശിക വിശ്വാസമനുസരിച്ച്, മഹാവിഷ്ണു മോഹിനിയുടെ രൂപമെടുത്ത് മഹാവിഷ്ണു ഭസ്മാസുരനെ വധിച്ച സ്ഥലമാണിത്. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ഗണേശന്റെയും പ്രതിഷ്ഠകളുണ്ട്. ഗുഹയിൽ നിന്ന് തുടർച്ചയായി വെള്ളം വീഴുകയും അത് ഒരു കുളത്തിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ഈ കുളത്തിൽ കുളിച്ചാൽ എല്ലാം ദോഷങ്ങൾക്കും പരിഹാരമാകുമെന്നാണ് വിശ്വാസം.
ചരിത്രപരവും മതപരവുമായ മൂല്യങ്ങളുള്ള ഈ സ്ഥലങ്ങളുടെ ഭൂമിശാസ്ത്രം നിഗൂഢവും അതിശയിപ്പിക്കുന്നതാണ്. ഈ സ്ഥലങ്ങൾ യോഗികൾക്കും ആത്മീയർക്കും ഒരു ധ്യാനകേന്ദ്രമാണെങ്കിൽ വിനോദ സഞ്ചാരികളുടെ വലിയ ഒരു ആകർഷണ കേന്ദ്രമത്രേ!
മടക്കയാത്രയിൽ പ്രത്യേകിച്ച് റോഡിലെ കുത്തനെയുള്ള കയറ്റത്തിന്റെ അറ്റത്ത് നിന്ന ആ പശു, പശുവിന്റെ നിൽപ്പ് കണ്ട് ബ്രേക്ക് ചവിട്ടി . വണ്ടി നിന്നു. ഞാനൊന്നു മറിഞ്ഞില്ലേ എന്ന മട്ടിൽ പശു നടന്നുനീങ്ങി. പിന്നീട് വണ്ടി മുന്നോട്ട് പോകുന്നതിനു പകരം പുറകിലോട്ടേക്കാണ് യാത്ര. കല്ല് വെച്ച് വണ്ടി പുറകിലോട്ടു പോവാതെ നിറുത്താനാണ് കൂടെയുള്ളയാളുടെ നിർദ്ദേശം. ഇതു പോലെയുള്ള സമയങ്ങളിലാണ് ‘ഫോബിയ’ എന്നെ കേറി പിടിക്കാറുള്ളത്. അന്വേഷിക്കുമ്പോൾ ഒന്നും കാണില്ല. അവിടെ കരിക്കിന്റെ കട ഇട്ടിരിക്കുന്ന ആളിന്റെ സഹായത്തോടെ ദൂരെ നിന്ന് കല്ലു കൊണ്ടു വന്ന് കാറിനെ പുറകോട്ട് പോകാതെയാക്കി. പിന്നീടുള്ള യാത്ര മുന്നോട്ടേക്ക് തന്നെയാക്കുമ്പോൾ , ‘ നിന്നിലും ഫോബിയ വരുത്തിയല്ലോ, എന്നൊരു കളിയാക്കൽ ചിരി, ആ പശുവിന്റെ മുഖത്തുണ്ടായില്ലേ ? അതോ എനിക്ക് തോന്നിയതോ?
Green valley
ഇതിനകം രണ്ടു valley points കണ്ടു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ ‘അധികമായാൽ അമൃതും വിഷം’ എന്ന് പറയുന്നതു പോലെയായിരിക്കുന്നു view points. ‘ ഹാൻഡി ഖോ ‘ യിൽ നിന്ന് കാണാൻ കഴിയുന്ന അതേ വാലി വ്യത്യസ്ത കോണുകളിൽ നിന്ന് കാണാൻ കഴിയും എന്നതാണ് green valley യുടെ പ്രത്യേകത. എന്നാലും ഇവിടെ നിന്നും ഫോട്ടോ എടുക്കാൻ മറന്നില്ല.
ഈ ഹിൽസ്റ്റേഷനിൽ നിന്നും യാത്ര പറയാൻ സമയമായിരിക്കുന്നു. ഒരു വലിയ ലോകത്തേക്ക് തുറക്കുന്ന ഒരു കിളിവാതിൽ പോലെയാണ് ഓരോ യാത്രാനുഭവങ്ങൾ!
Thanks