‘ശനീശ്വരൻക്ഷേത്രം’
” Leadership isn’t about age
but rather, leadership is
about influence, impact and inspiration…Onyi Anyado
വഴി മുഴുവൻ അവരുടെ സ്വന്തം എന്ന മട്ടിൽ നടക്കുന്ന നാലഞ്ചു എരുമകളെ വശങ്ങളിലോട്ട് ഒതുക്കി ഞങ്ങളുടെ കാറിന് പോകാനായിട്ട് വഴിയൊരുക്കി തന്ന ആ പന്ത്രണ്ടുകാരനെ കണ്ടപ്പോൾ മനസ്സിൽ ഓർത്തു പോയ പ്രസിദ്ധമായ quote ആണിത്.
ഗ്വാളിയാറിലെ ഒരു ഗ്രാമത്തിൽ കണ്ട കാഴ്ചയാണ്.
പാടങ്ങൾ എന്നു പറയാൻ ഇല്ല. എല്ലാം വരണ്ടുണങ്ങിയിരിക്കുന്നു. വേനൽക്കാലത്ത് 40 ഡിഗ്രി സെൽഷ്യസ്സിന് മേലെ സൂര്യതാപമുള്ള സ്ഥലമാണ്. ഗ്രാമത്തിലെ പല ഭാഗത്തും പനയുടെ ഓലകളാണെന്ന് തോന്നുന്നു . അത്തരം ഓലകളുടെ വലിയ കെട്ടുകൾ കാണാം. ഗ്രാമത്തിലുള്ളവർ അതിൽ നിന്ന് ചൂല് ഉണ്ടാക്കി വിൽക്കാറുണ്ടെന്നാണ് കൂട്ടത്തിലുള്ള ഗൈഡ് പറഞ്ഞത്. അതും അവരുടെ വരുമാനം ആകാം.
രാമായണവുമായി ബന്ധമുള്ള ശനിശ്വരന്റെ (ശനി) അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നാണ് ‘ശനിശ്വരക്ഷേത്രം.’ അങ്ങോട്ടേക്കുള്ള ഞങ്ങളുടെ യാത്രയിലും വരൾച്ചയുടെ ദൃശ്യങ്ങൾ തന്നെ. വലിയ മരങ്ങളിൽ നിന്നും പച്ചപ്പ് പോയിരിക്കുന്നു. അതിനിടയിലും നിറയെ ചുവന്ന പൂക്കളായിട്ടുള്ള ‘തെസു അല്ലെങ്കിൽ പലാഷ് ‘ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന പൂക്കളുടെ മരം. ശീതകാലത്തിന്റെ അവസാനം അടയാളപ്പെടുത്തുകയും വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന ഹോളി എന്ന ഉത്സവത്തിന് നിറങ്ങൾക്കായി ഉപയോഗിക്കുന്നത് ഈ പുഷ്പങ്ങളാണ്. വടക്കെന്ത്യയിലെ വർണ്ണാഭമായ ഈ ഉത്സവം കഴിഞ്ഞു പോയതറിയാതെ ഇപ്പോഴും സുന്ദരിയായിട്ട് നിൽക്കുകയാണെന്ന് തോന്നുന്നു.
ശനി ഭഗവാനായി സമർപ്പിച്ചിരിക്കുന്ന അറിയപ്പെടുന്ന ചുരുക്കം ചില പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ്. ഐതീഹ്യമനുസരിച്ച്, രാവണനിൽ നിന്ന് രക്ഷിക്കാനായി ലങ്കയിൽ നിന്ന് ഹനുമാൻ എറിഞ്ഞപ്പോൾ ശനിദേവ് വീണു പോയ അടയാളമാണ് ഈ സ്ഥലം. അവിടെ ഒരു ഗർത്തം രൂപപ്പെട്ടു . എന്നാൽ ഭൗമശാസ്ത്ര ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഏതാനും ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ഈ സ്ഥലത്ത് ഒരു ഉൽക്കാശില വീണു. അതിന്റെ ആഘാതത്തിൽ ഗർത്തം രൂപപ്പെട്ടു എന്നാണ്.
ഞങ്ങൾ അവിടെ ചെന്നപ്പോൾ ക്ഷേത്രത്തിന്റെ നവീകരണത്തിന്റെ ഭാഗമായിട്ടുള്ള ഗ്രാനൈറ്റ് മുറിക്കുന്നതിന്റെ ശബ്ദ മലിനീകരണവും പൊടി പടലുമായിരുന്നു. ശനിദേവന്റെ പ്രതിമ ആകാശത്ത് നിന്നു വീണ ഉൽക്കാശിലയിൽ നിർമ്മിച്ചതാണ്.
ശനിദേവന്റെ വിഗ്രഹത്തിന്റെ കണ്ണുകൾ അടഞ്ഞ നിലയിലാണ് എന്നതാണ് പ്രത്യേകത.ഇന്നും ഇവിടെ അനശ്വര രൂപത്തിൽ ഇരിക്കുന്നതായി വിശ്വസിക്കുന്നു. കടുകെണ്ണയാണ് പ്രധാന വഴിപാട്.
ശനിദശ, കണ്ടകശനി ഏഴരശ്ശനി…… അങ്ങനെ ശനി എന്നു പറയുമ്പോൾ വളരെ ഭയത്തോടെയും ബഹുമാനത്തോടെയുമാണ് കണ്ടിട്ടുള്ളത്. ഉഗ്രമായ നോട്ടം അതിന്റെ ശ്രദ്ധയിൽപ്പെട്ട വസ്തുവിന് സമാനതകളില്ലാത്ത അനർത്ഥങ്ങൾ ഉണ്ടാക്കുമെങ്കിലും
അതേസമയം ദയയുള്ള നോട്ടം ഐശ്വര്യം നൽകുമെന്നുമാണ്. എനിക്കിതെല്ലാം പുതിയ അറിവുകളാണ്.
ഗ്വാളിയാറിലെ ചരിത്ര പ്രസിദ്ധമായ ഇത്തരം ക്ഷേത്രങ്ങൾ ആത്മീയവും വാസ്തുവിദ്യാപരവുമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകും എന്നതിൽ ഒരു സംശയവുമില്ല.
Thanks,
റിറ്റ ഡൽഹി✍