” നീയാര് ഝാൻസി റാണിയോ ? അല്ലെങ്കിൽ നീയാര്, ഝാൻസി റാണിയുടെ കൊച്ചുമകളോ? ” കുറച്ചു തന്റേടമൊക്കെ കാണിക്കുന്ന പെൺകുട്ടികളോടുള്ള ഞങ്ങളുടെ നാട്ടിലെ ചോദ്യമാണിത്. ചിലപ്പോഴൊക്കെ തർക്കുത്തരത്തിൽ കേമത്തരവുമായി സഹോദരി – സഹോദരന്റെയടുത്തേക്ക് ചെല്ലുന്ന എനിക്കും ഈ ചോദ്യം കേൾക്കേണ്ടി വരാറുണ്ട്. ( കൂട്ടത്തിൽ കിട്ടുന്ന പിച്ച്, നുള്ള് അതിനെയൊക്കെ മറക്കുന്നു) അതുകൊണ്ടെന്താ, ചരിത്ര ക്ലാസ്സിലൂടെ ‘റാണി, യെ കുറിച്ച് കൂടുതലറിയുന്നതിനു മുൻപു തന്നെ പരിചയവും ആരാധനയും തോന്നിയിട്ടുള്ള വ്യക്തിയാണ്.
1857-യിൽ ഇന്ത്യൻ വിപ്ലവത്തിൽ പോരാടിയ ഝാൻസിയിലെ മഹാനായ യോദ്ധാവ് റാണി ലക്ഷ്മി ഭായിയുടെ സ്‌മരണയ്ക്കായി മധ്യപ്രദേശിലെ ഗ്വാളിയാർ നഗരത്തിലാണ് സമാധി സ്ഥിതി ചെയ്യുന്നത്.ഝാൻസി റാണി എന്നറിയപ്പെടുന്ന റാണി ലക്ഷ്മി ബായി.
നന്നായി പരിപാലിച്ചിരിക്കുന്ന ഒരു ചെറിയ പൂന്തോട്ടത്തിനകത്ത് , കൈയ്യിൽ വാളുമായി കുതിരപ്പുറത്ത് ഇരിക്കുന്ന റാണി ലക്ഷ്മി ബായിയുടെ എട്ട് മീറ്റർ ഉയരമുള്ള ലോഹ പ്രതിമയും शहीद ज्योति അവിടെ സ്ഥാപിച്ചിട്ടുണ്ട്. ധീരതയുടേയും ദേശസ്നേഹത്തിന്റെയും ഗംഭീരപ്രകടനമാണ് കാണിക്കുന്നത്.
സ്മാരകത്തിന് ചുറ്റും നടപ്പാതയും ഇരിക്കാനുള്ള ബെഞ്ചുകളുമുണ്ട്. നമ്മുടെ യുവതലമുറയിലെ ലൗ ബേർഡ്സിനെയാണ് പ്രധാനമായും അവിടെ കണ്ടത്. കൂട്ടത്തിൽ ഞങ്ങളെ പോലുള്ള ഏതാനും സഞ്ചാരികളും. പ്രവേശന ഫീസില്ലാത്ത ഈ സ്ഥലം രാത്രിയും പകലും തുറന്നിരിക്കും. പ്രഭാത – സായാഹ്ന സവാരിക്ക് അനുയോജ്യമാണ് ഈ പൂന്തോട്ടം . എല്ലാ വർഷവും ജൂൺ 18 ന് റാണിയുടെ സ്മരണയ്ക്കായി ഇവിടെ ഒരു മേള സംഘടിപ്പിക്കാറുണ്ട്. ഈ മേള ഗ്വാളിയോറിലെ വിനോദ സഞ്ചാരത്തിന് ഒരു മുതൽക്കൂട്ടാണ്.
ഗൈഡിന്റെ വിവരണം ചരിത്രത്തിലെ മഹത്തായ ആ വനിതാ പോരാളിയുടെ അറിവുകൾ ഒന്നുകൂടെ പൊടി തട്ടി എടുക്കാൻ സഹായിച്ചു. ഓർമ്മയിൽ സൂക്ഷിക്കാനായി ഏതാനും ചിത്രങ്ങളുമായി അവിടെ നിന്ന് യാത്ര പറയുമ്പോൾ, സ്വാതന്ത്ര്യത്തിനായി പോരാടിയ റാണി ലക്ഷമീഭായ് എന്ന ഝാൻസി റാണിക്ക് ബിഗ് സല്യൂട്ട്.
Jai Vilas Palace
അതിമനോഹരമായ കൊട്ടാരങ്ങൾക്കും പേരു കേട്ടതാണ് ഗ്വാളിയാർ നഗരം. ജയ് വിലാസ് കൊട്ടാരം, യൂറോപ്യൻ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. സർ മൈക്കൽ ഫിലോസ് ആണ് ഇത് രൂപകല്പന ചെയ്ത് നിർമ്മിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ ഗ്വാളിയോർ നാട്ടുരാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ജയാജിറാവു സിന്ധ്യയാണ് ഇത് സ്ഥാപിച്ചത്. കൊട്ടാരത്തിന്റെ പ്രധാന ഭാഗം 1964-ൽ പൊതുജനക്കൾക്കായി മ്യൂസിയം ആക്കിയെങ്കിലും അതിന്റെ ഒരു ഭാഗം ഇപ്പോഴും അദ്ദേഹത്തിന്റെ പിൻഗാമികളിൽ ചിലരുടെ വസതിയാണ്.
പേര് കേട്ടപ്പോൾ തന്നെ എന്തോ ഒരു ബന്ധം തോന്നിയില്ലെ? ഇന്ത്യയുടെ റെയിൽവേ മന്ത്രിയായിരുന്ന മാധവറാവു സിന്ധ്യയുടെ മേശയും ഫോട്ടോകളും ഒരു വലിയ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഡ്രോയിംഗ് റൂമുകൾ, കിടപ്പുമുറികൾ, …… പല മുറികളും രാജകുടുംബത്തിന് വേണ്ടി അലങ്കരിച്ചതു പോലെ തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
വലിയ ദർബാർ ഹാളിന് പേരു കേട്ടതാണ്. കൂറ്റൻ പരവതാനികളും ഭീമാകാരമായ ചാൻഡലിയറുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതു പോലെ മുറിച്ച ഗ്ലാസ്സ് ഫർണീച്ചറുകൾ, സ്റ്റഫ് ചെയ്ത കടുവകൾ, മുഗൾ ചക്രവർത്തി സമ്മാനിച്ച പല്ലക്ക് …. എല്ലാം ശ്രദ്ധേയമായ ചരിത്ര വസ്തുക്കളാണ്.
പ്രത്യേക അവസരങ്ങളിൽ, സിന്ധ്യ കുടുംബാംഗങ്ങൾ ഇപ്പോഴും മറാത്ത ശൈലിയിലുള്ള തലപ്പാവ് ധരിക്കുന്നു. 60 മീറ്റർ ചന്ദേരി സിൽക്കാണ് ഉപയോഗിക്കുന്നത്. പ്രത്യേക തലപ്പാവ് പൊതിയുന്നതിലെ സങ്കീർണ്ണമായ ഘട്ടങ്ങൾ വിശദീകരിക്കുന്നതും മ്യൂസിയത്തിലെ കൗതുകരമായ പ്രദർശനങ്ങളിലൊന്നാണ്.
കൊട്ടാരത്തിന്റെ മനോഹരമായ വാസ്തുവിദ്യ പോലെ തന്നെ ആ രാജകീയ ജീവിത ശൈലിയിലേക്കുള്ള കാഴ്ചകളും അതിമനോഹരം !
Thanks
റിറ്റ, ഡൽഹി