ഗുരുദ്വാര ഡാറ്റ ബന്ദി ചോർ സാഹിബ്’
” अपने मोज़े उतारो “, मोज़े അത് എന്താണെന്ന് മനസ്സിലാവത്തതു കൊണ്ട് ഞാൻ ആദ്യം കേൾക്കാത്ത മട്ടിലിരുന്നു . എന്നിൽ നിന്നും പ്രത്യേക ഭാവമാറ്റം ഇല്ലാത്തതുകൊണ്ടും മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ എന്ന മട്ടിലുള്ള എന്റെ നടപ്പും കണ്ടതോടെ , ആ ഏഴ് – എട്ട് വയസ്സ് പ്രായം വരുന്ന കുട്ടി ” अपने मोज़े उतारो “, എന്നു പറഞ്ഞു കൊണ്ട് ആക്രോശിക്കാൻ തുടങ്ങി. ‘SORRY’ പറഞ്ഞു കൊണ്ട് കൂടെയുള്ളയാൾ സോക്സുകൾ ഊരി ഷൂസ്സിനകത്ത് വെച്ചു. ഇത്രയേയുള്ളോ എന്ന മട്ടിൽ ഞാനും .
ലോകമെമ്പാടുമുള്ള ഗുരുദ്വാരകൾ എന്നും അറിയപ്പെടുന്ന സിഖ് ക്ഷേത്രങ്ങളിൽ സൗജന്യ ഭക്ഷണം നൽകാറുണ്ട്. സൗജന്യമായതുകൊണ്ടു തന്നെ അത് വാങ്ങിച്ചു കഴിക്കാനുള്ള മടി കാരണം പല പ്രാവശ്യം പല സ്ഥലത്തെ ഇത്തരം ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും കാഴ്ചകൾക്കാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. ഗ്വാളിയർ കോട്ടയിലെ ‘ ഗുരുദ്വാര ഡാറ്റ ബന്ദി ചോർ സാഹിബ്’-യിൽ , ആദ്യം ചായ പിന്നീട് ക്ഷേത്ര ദർശനം എന്ന രീതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഞങ്ങൾ. ആ ചായ സംഘടിപ്പിക്കുന്നതിനിടയിലെ ചില നടപടികളിൽ വന്ന ചെറിയ പാകപ്പിഴയ്ക്കാണ് ഈ ബഹളം!
‘ ലംഗർ’ , ഗുരുദ്വാരയുടെ ഒരു കമ്മ്യൂണിറ്റി അടുക്കളയാണ്. മതം, ജാതി, ലിംഗഭേദം, സാമ്പത്തിക നില, വംശം എന്നിവയുടെ വ്യത്യാസമില്ലാതെ, എല്ലാ സന്ദർശകർക്കും സൗജന്യമായി ഭക്ഷണം നൽകന്നു. ഇത് അവരുടെ വിശ്വാസത്തിന്റെ ഒരു തത്വവും മതത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്. സമൂഹത്തിന് നിസ്വാർത്ഥമായ സേവനം എന്ന ആശയത്തിന് ഊന്നൽ നൽകുന്നു. ഞങ്ങളുടെ ലംഗർ തപ്പിയുള്ള നടപ്പ് കണ്ടപ്പോഴെ മുതിർന്ന ഒരു സർദാർജി ഞങ്ങളുടെ അടുത്ത് വന്നിട്ട്,അവിടവിടെ വച്ചിരിക്കുന്ന
ബാസ്ക്കറ്റിൽ നിന്ന് തുണിയെടുത്ത് തല മൂടണം.. ഷൂസ്സും ഊരി പുറത്ത് വയ്ക്കണം.ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രം കഴുകി വയ്ക്കണം. തിരിച്ചു പോകുമ്പോൾ തലയിലെ തുണി തിരിച്ച് ബാസ്ക്കറ്റിൽ നിക്ഷേപിക്കണം —. എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ തന്നിരുന്നു. അതുകൊണ്ടാണ് मोज़े പറഞ്ഞപ്പോൾ ഞാൻ ശ്രദ്ധിക്കാഞ്ഞത്. എന്തായാലും ആ കുട്ടിയുടെ ആജ്ഞാപനം ഞങ്ങളെ അവിടെയുള്ളവരുടെയിടയിലെ നോട്ടപ്പുളികളാക്കി. ഭക്ഷണം കഴിക്കുക എന്നതിനേക്കാളും അത് എന്താണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു എനിക്ക് .
ഭക്ഷണം കഴിക്കുന്ന ഹാൾ വൃത്തിയായും വെടിപ്പായിട്ടും വെച്ചിരിക്കുന്നു.. കഴിക്കാനുള്ള പാത്രങ്ങളായ പ്ലേറ്റ്, ചെറിയ കിണ്ണം (കട്ടോരി ) ഗ്ലാസ്സ് എല്ലാം ഓരോ സെക്ഷനായി അടുക്കി വെച്ചിട്ടുണ്ട്. രാത്രിയിലേക്കുള്ള ചപ്പാത്തിക്കുള്ള കറികൾ റെഡിയായിട്ടുണ്ട്. ചപ്പാത്തി ഒരു കൂട്ടം സ്ത്രീകൾ ഇരുന്ന് പരത്തുന്നുണ്ട്. മറ്റൊരു കൂട്ടം സ്ത്രീകൾ 2 വലിയ അടുപ്പിൽ വലിയ ചീനച്ചട്ടികൾ കമഴ്ത്തി ഇട്ടാണ് ചപ്പാത്തി ചുട്ടെടുക്കുന്നത്.
ചായ കുടിച്ച് കഴുകാനായി പാത്രവുമായി പുറത്തോട്ട് വന്നപ്പോഴാണ് ‘anticlimax’ – അടുപ്പിച്ച് അഞ്ചാറു സിങ്കും പൈപ്പും ഉണ്ട്. ആദ്യത്തെ സിങ്കിൽ പാത്രം വെറുതെ വെള്ളം കൊണ്ട് ചുറ്റിച്ച് കഴുകി ഞാൻ എന്റെ പാത്രം കഴുകൽ തീർത്തു. പാത്രം സോപ്പിട്ട് കഴുകണമെന്ന് കൂടെയുള്ളയാൾക്ക് നിർബന്ധം. സോപ്പ് അന്വേഷിച്ചു അടുത്ത സിങ്കിലെല്ലാം നോക്കി നടന്നപ്പോഴാണ്, അതിനും ഒരു നടപടി ക്രമം ഉണ്ടെന്നറിയുന്നത്. ഓരോ സിങ്കിലും എന്താണ് ചെയ്യേണ്ടെതെന്ന് എഴുതി വെച്ചിട്ടുണ്ട്. പക്ഷെ അതെല്ലാം ഹിന്ദിയിലാണ്. പഠിക്കാൻ ഞാനൊരു മിടുക്കി ആയതു കൊണ്ട് ഹിന്ദി അക്ഷരമാല ഇപ്പോഴും എനിക്ക് മന:പാഠം. പക്ഷെ വായിച്ചാൽ പോരല്ലോ അതിന്റെ അർത്ഥം മനസ്സിലാകാത്തതു കൊണ്ട് എല്ലാം തഥൈവ !
ഇതെല്ലാം കണ്ട് ക്ഷമകെട്ട് അരയിൽ കത്തിയൊക്കെ തൂക്കിയിട്ടിരിക്കുന്ന വയസ്സനായ ഒരു ആജാനബാഹു സർദാർജി എന്റെയടുത്തേക്ക്.
“വായിച്ചാൽ എന്താണ് മനസ്സിലാകാത്തത്? ” – സർദാർജി. അതാണ് എന്റെ കുഴപ്പം from Kerala, ഹേ, ഹി , ഹും…. പറഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.
ഗുരുദ്വാര കാണണോ എന്ന ചിന്തയായി അടുത്തത്. എന്നാൽ ചരിത്രം കേട്ടപ്പോൾ …… : ഹർ ഗോവിന്ദ് സാഹിബിന്റെ ജയിൽവാസവും തുടർന്നുള്ള മോചനവുമായി ബന്ധപ്പെട്ട ഒരു സിഖ് സ്മാരകമാണ്.
പതിനൊന്നാമത്തെ വയസ്സിൽ ഗുരുവായ അദ്ദേഹം, സിഖ് സമുദായത്തെ മുഗളന്മാരിൽ നിന്ന് സംരക്ഷിക്കുന്നതിന് സൈനികവൽക്കരണം അവതരിപ്പിച്ചു. ജഹാംഗീർ രാജാവ്, ഗുരു ഹർഗോവിന്ദിന്റെ 14-ാം വയസ്സിൽ അദ്ദേഹത്തെ ഗ്വാളിയോർ കോട്ടയിൽ തടവിലാക്കി. ഗുരുവിന്റെ മോചന സമയത്ത് കൂടെയുള്ള രാജാക്കന്മാരേയും മോചിപ്പിക്കാൻ ജഹാംഗീറിനോട് അഭ്യർത്ഥിച്ചു. അഭ്യർത്ഥന അംഗീകരിച്ച രാജാവ്, പുറത്തിറങ്ങുമ്പോൾ മേലങ്കിയുടെ അരികിൽ പിടിക്കാൻ കഴിയുന്നവരെ മാത്രം വിട്ടയക്കാൻ ഉത്തരവിട്ടു. അതുകൊണ്ട് ഗുരു ഒരു പ്രത്യേക വലിയ മേലങ്കി ഉണ്ടാക്കി. മോചിതനായ ദിവസം ബന്ദികളാക്കിയ മറ്റ് 52 രാജാക്കന്മാർ ഈ മേലങ്കിയുടെ അറ്റം പിടിച്ചിരുന്നതിൽ അദ്ദേഹത്തോടൊപ്പം മോചിപ്പിക്കപ്പെട്ടു. ഈ പ്രവൃത്തി , ‘ ഡാറ്റാ ബന്ദി ചോർ (മുനിഫിഷ്യന്റ് വിമോചകൻ) എന്ന പദവി നേടി കൊടുത്തു. ഇവിടെ അദ്ദേഹത്തിന് ഒരു ചെറിയ ആരാധനാലയം നിർമ്മിച്ചു. പിന്നീട് 1970-ൽ ആണ് ഗുരുദ്വാര നിർമ്മിച്ചത്.
ഇവിടെ ഗുരുദ്വാരയിൽ കയറുന്നതിനുമുൻപായി വെള്ളം ഒഴുകുന്ന ഒരു കൃത്രിമ അരുവി കടന്നാണ് പ്രധാന സ്ഥലത്ത് എത്തുന്നത്. അതുകൊണ്ടു തന്നെ സോക്സിന്റെ പ്രശ്നമുണ്ടായില്ല. തല തുണി വെച്ച് മൂടിയിരിക്കണം. മാർബിളും വർണ്ണാഭമായ സ്റ്റെയിൻ ഗ്ലാസ്സു കൊണ്ടു നിർമ്മിച്ച 6 നിലകളിലായി ഉയരം കൂടിയ മനോഹരമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്ന്. മനോഹരമായ ആ വെളുത്ത കെട്ടിടവും അവിടുത്തെ പ്രശാന്ത സുന്ദരമായ അന്തരീക്ഷവും സന്ദർശകർക്ക് ആത്മീയമായി അടുപ്പം തോന്നും.
വയറും മനസ്സും നിറഞ്ഞ ഒരു ഗുരുദ്വാര സന്ദർശനമായിരുന്നു ഞങ്ങൾക്ക് 😊🤣!
Thanks
റിറ്റ, ഡൽഹി✍
നല്ല വർണ്ണന.