രാജവാഴ്ചയുടെയും ഭരണകർത്താക്കളുടെയും സ്വന്തം സാമ്രാജ്യത്തോടുള്ള സ്നേഹത്തിൻറെയും അവരുടെ കരുതലിന്റെ യും പ്രതീകമായി മനോഹരമായ വാസ്തുവിദ്യകളോടു കൂടിയ വൈവിധ്യങ്ങളായ നിർമ്മിതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.. സ്വാതന്ത്ര്യാനന്തരം ഇവയെല്ലാം കേന്ദ്ര സർക്കാർ ഏറ്റെടുത്തു പരിപാലിക്കുകയാണ്. ചെറിയൊരു ഫീസ് ഈടാക്കി ഇതെല്ലാം ഓരോ സ്ഥലത്തിന്റെയും പ്രധാന സഞ്ചാര കേന്ദ്രങ്ങളാക്കിയിട്ടുണ്ട്.
ഗ്വാളിയർ കോട്ടയുടെ സമുച്ചയത്തിനുള്ളിലുള്ള ‘രാജ മാൻ സിംഗ് ‘ നിർമ്മിച്ച മാൻ സിംഗ് കൊട്ടാരം, നാലു നിലകളുള്ള ഈ കൊട്ടാരം മനോഹരമായ ഹൈന്ദവ വാസ്തുവിദ്യയാണ്. രണ്ട് നിലകളിലായി അതിർത്തി പങ്കിട്ട് എടുത്ത 2 തുറന്ന മുറ്റങ്ങളുണ്ട്. ഇതിലെ
വലിയ മുറികളിൽ ചിലത് സംഗീത കച്ചേരികൾക്കുള്ള വേദിയായിരുന്നു. മറ്റുള്ളവ രാജ കൊട്ടാരത്തിലെ സ്ത്രീകൾക്ക് ഇരുന്ന് സംഗീതം ആസ്വദിക്കാനുള്ളതും. 1232 – ൽ ഗ്വാളിയോറിലെ ഭരണാധികാരി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യമാർ സ്വയം തീയിൽ മുങ്ങിയ ‘ ജൗഹർ കുണ്ഡും കൊട്ടാരത്തിനകത്തുണ്ട്. ഏറ്റവും താഴത്തെ രണ്ടു നിലകൾ ജയിലുകളായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. വൈകുന്നേരമായതു കൊണ്ടാണെന്ന് തോന്നുന്നു ഗ്വാളിയാറിലെ മറ്റു സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതു പോലെയല്ല. മറ്റു ഏതാനും സഞ്ചാരികളും കൊട്ടാരം കാണാനായിട്ടുണ്ട്. എവിടെയും ചരിത്രം വിളമ്പുന്ന ഗൈഡുകളും സഞ്ചാരികളുമാണ്.
എനിക്കാണെങ്കിൽ മനോഹരമായി ആരോ പാടുന്നത് കേൾക്കാം. ഞാൻ അവിടെയുള്ളവരെ ശ്രദ്ധിച്ചില്ലെങ്കിലും ആർക്കും അങ്ങനെയൊരു പാട്ട് കേൾക്കുന്ന ഭാവമൊന്നും ഇല്ല. ചരിത്രം കേട്ട് – കേട്ട്, ‘ ഇനി വല്ല ഒരു മുറൈ വന്ത് പാറായോ, …… എന്ന രീതിയിലായോ എന്നൊരു പേടി!
വൃത്താകൃതിയിലുള്ള താഴത്തെ രണ്ടു നിലകൾ ജയിലുകളായിട്ടാണ് ഉപയോഗിച്ചിരുന്നത്. അങ്ങോട്ടേക്കുള്ള തിരിവു കോണിയുടെയവിടെ ആകെ ഇരുട്ടും. ഫോണിലെ ടോർച്ച് ഉപയോഗിച്ചു വേണം പോകാൻ. “അവിടെ ഏതോ പാട്ടിന്റെ ഷൂട്ടിംഗ് നടക്കുകയാണെന്ന് തോന്നുന്നു, അങ്ങോട്ടേക്ക് പോകണോ”? എന്ന എന്റെ ചോദ്യത്തിന്, ഞാൻ ടോർച്ചടിക്കാം നീ മുൻപിൽ നടക്ക് എന്നാണ് മറുപടി.
മുഗൾ ചക്രവർത്തിയായ ഔറംഗസേബ് തന്റെ സഹോദരനെ മുറാദിനെ ജയിലിലടച്ച് കൊലപ്പെടുത്തിയ ജയിലാണിത്. അതുപോലെ താഴത്തെ നിലയിലെ മുറികളിൽ ആളുകളെ പീഡിപ്പിക്കപ്പെട്ട സ്ഥലങ്ങൾ ഇപ്പോഴും കാണാം എന്നാണ് ഗൈഡ് പറഞ്ഞത്. സിഖുകാരുടെ ആറാമത്തെ ഗുരു ഇവിടെ തടവിലായിരുന്നുവത്ര .
പേടിയൊന്നുമില്ല എന്നാലും ഒരു ഭയം എന്ന മട്ടിലാണ് ബേസ്മെന്റിലേക്ക് എത്തിയത്. ആ പാട്ട് ഏത് ഭാഷയിലാണെന്ന് അറിഞ്ഞു കൂടാ. എന്നാലും സംഗീതം ആസ്വദിക്കാൻ ഭാഷ ആവശ്യമില്ല എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആലാപനം.
കേട്ടുകൊണ്ടിരിക്കാൻ അതിഗംഭീരം . അവിടെയുള്ള ആ ഹാളിന്റെ നടുക്ക് നിന്ന് ഒരാൾ പാടുകയാണ്. മറ്റു രണ്ടു പേർ ഫോണിൽ വീഡിയോ എടുക്കുന്നുണ്ട്. ഏതോ മ്യുസിക്ക് കോളേജിൽ പഠിക്കുന്ന അവർ ‘ accoustic effect’ ട്രൈ ചെയ്യുകയാരുന്നുവത്ര.
എന്തായാലും പേടിച്ചതല്ലെ ഇനി അതിന് മാറ്റം വരുത്തണ്ട എന്ന മട്ടിലാണ് അവിടെയവിടെയായി തൂങ്ങി കിടക്കുന്ന വവ്വാലുകൾ!
ചരിത്രവും സംഗീതവും കൂടി ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ നല്ലയൊരു അനുഭവം സമ്മാനിച്ചിരിക്കുന്നു.
Thanks
റിറ്റ, ഡൽഹി