ലക്ഷ്മി ടെമ്പിൾ
സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ദേവതായി ആരാധിക്കപ്പെടുന്ന , പേരിൽ സൂചിപ്പിക്കുന്നതു പോലെ ഹിന്ദു ദേവതയായി ലക്ഷ്മിക്ക് സമർപ്പിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രം. ഒരു ചെറിയ ശ്രീകോവിലുണ്ട്. ഖജുരാഹോയിലെ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറുതാണ്. ഇത് വരാഹ ക്ഷേത്രത്തിന് വടക്കും ലക്ഷമണ ക്ഷേത്രത്തിന് എതിർവശത്തുമായിട്ടാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ക്ഷേത്രത്തിന്റെ ഘടനാപരമായ സൗന്ദര്യം ചെറുതാണെങ്കിലും ഞാനും സുന്ദരി എന്ന മട്ടിലാണെന്ന് പറയാം.
ലക്ഷ്മണ ടെമ്പിൾ
വിഷ്ണുവിന് സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രമാണിത്. വിഷ്ണുവിന്റെ പത്ത് അവതാരങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ശ്രീ കോവിലിൽ വിഷ്ണുവിന്റെ നാലു കൈകളുള്ള ശിൽപവുമുണ്ട്. കൂട്ടത്തിൽ വാമനനെ കുറിച്ച് ഗൈഡ് പറഞ്ഞപ്പോൾ ഞങ്ങൾക്കാകെ സന്തോഷം. അതോടെ ഞങ്ങളുടെ വരവ് എവിടെ നിന്നാണെന്ന് പ്രത്യേകിച്ചു പറഞ്ഞു കൊടുക്കേണ്ടതില്ല. ഇന്ത്യയുടെ സൗത്തിലുണ്ടായിരുന്ന
മാവേലിയെ കുറിച്ചുള്ള വിവരണമായി പിന്നീട്. ” ओणम, केरल का त्योहार है। —- .” പണ്ടു ഓണത്തിനെ കുറിച്ച് പഠിച്ച ഹിന്ദി വാചകങ്ങളെല്ലാം പൊടി തട്ടിയെടുത്ത് പറഞ്ഞപ്പോൾ എനിക്കും എന്തെന്നില്ലാത്ത സന്തോഷം. പുതിയ വിവരങ്ങൾ കിട്ടിയതിൽ ഗൈഡു ചേട്ടനും ഹാപ്പി!
വെസ്റ്റേൺ ഗ്രൂപ്പിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. കല്ലിൽ തീർത്ത മനോഹരമായ ഒരു നിർമ്മിതി എന്നു പറയാതെ വയ്യ. A. D 930 – 950 കാലത്താണ് ഇത് നിർമ്മിക്കപ്പെടുന്നത്. കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നു .ഹിന്ദു ആരാധനാ മൂർത്തികളുടെ അറുനൂറിലധികം രൂപങ്ങൾ ഇവിടെ കാണാനാവും. ക്ഷേത്രത്തിന്റെ നാല് മൂലകളിലായി നാല് ശ്രീകോവിലുകളുണ്ട്. ഇവയെല്ലാം കല്ലിൽ കൊത്തിയ വേലികളാൽ ചുറ്റപ്പെട്ടവയാണ്.
നാഗര ശൈലിയിലുള്ള വാസ്തുവിദ്യയാണ് ക്ഷേത്രസമുച്ചയങ്ങളിൽ കാണാൻ കഴിയുന്നത്. സാന്റ് സ്‌റ്റോണും ഗ്രാനൈറ്റും ഉപയോഗിച്ചാണ് നിർമ്മാണം . ചതുർഭുജ ക്ഷേത്രം ഒഴിച്ചം മറ്റ് ക്ഷേത്രങ്ങളെല്ലാം സൂര്യനെ അഭിമുഖീകരിച്ചാണ് നിലനിൽക്കുന്നത്.
ക്ഷേത്രത്തിന്റെ പുറം മതിലിൽ ദൈവിക രൂപങ്ങൾ, ദമ്പതികൾ, സ്ത്രീകളുടെ ആഭരണങ്ങൾ ധരിച്ചിട്ടുള്ള പ്രതിമകൾ, പട്ടാളക്കാർ, വേട്ടയാടൽ, യുദ്ധരംഗങ്ങൾ, ……. മനുഷ്യനിലെഎല്ലാ തരം വികാരങ്ങളും ഖജുരാഹോയിലെ ശിൽപ്പങ്ങളിൽ കാണാൻ കഴിയും. ഓരോ പ്രതിമകളിലും അത് നിർമ്മിച്ച കലാകാരന്മാരുടെ കഴിവ് പ്രശംസനീയം.
ക്ഷേത്രത്തിന്റെ ഭിത്തിയുടെ ഏറ്റവും താഴെയായി ആനകളുടെ പ്രതിമകളാണുള്ളത്. ആനകളുടെ ശക്തിയെയാണത്ര അത് കാണിക്കുന്നത്.
അതുപോലെ തന്നെയാണ് ഏതോ മൃഗത്തെ കണ്ടു പേടിച്ച സ്ത്രീയ ചേർത്തു പിടിക്കുന്ന പുരുഷന്റെ പ്രതിമ – അത് ‘ കല്യാണത്തെയാണ് സൂചിപ്പിക്കുന്നതത്ര!.
ഓരോ ശിലാ പ്രതിമയും കണ്ട് അന്തം വിട്ട് നോക്കി നിൽക്കുമ്പോഴും അതിന്റെ പിന്നിലെ ഗൈഡിന്റെ വിവരണത്തിലാണ് പലപ്പോഴും നമ്മളിലെ ട്യൂബ് ലൈറ്റ് മിന്നി – മിന്നി തെളിയുന്നത്.’കാഴ്ചകൾ അല്ല കാഴ്ചപ്പാടാണ് മുഖ്യം എന്ന് മനസ്സിലാക്കി തരുന്ന ശിൽപ്പ കലകൾ !
Thanks
റിറ്റ ഡൽഹി